Top Stories
മാവോയിസ്റ്റ്‌: മൃതദേഹങ്ങള്‍ ഡിസംബര്‍ 5 വരെ സംസ്‌ക്കരിക്കരുതെന്ന്‌ കോടതി
November 30, 2016

29-Nov-2016

മഞ്ചേരി: ഇക്കഴിഞ്ഞ 24ന്‌ നിലമ്പൂര്‍ കരുളായി പടുക്ക വനത്തിലെ ഉണക്കപ്പാറയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ 5 വൈകീട്ട്‌ അഞ്ചു മണിവരെ സംസ്‌ക്കരിക്കുന്നതില്‍ നിന്ന്‌ വിലക്കി മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി ഉത്തരവായി. കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍ എന്ന കുപ്പു സ്വാമി, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങളാണ്‌ അഞ്ചിന്‌ വൈകീട്ട്‌ അഞ്ചു മണി വരെ സൂക്ഷിച്ചു വെക്കാന്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ വാസന്‍ ഉത്തരവിട്ടത്‌.
പി യു സി എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ . പി എ പൗരന്‍ മുഖേന തിങ്കളാഴ്‌ച നല്‍കിയ ഉപഹരജിയില്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴു മണി വരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന്‌ കോടതി ഉത്തരവ്‌ നല്‍കിയിരുന്നു. ഇതിന്മേല്‍ ഇന്ന്‌ നടന്ന വാദത്തിലാണ്‌ ഏഴു ദിവസത്തേക്കു കൂടി സംസ്‌ക്കാരം നീട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌. ഇക്കാര്യം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്‌. രണ്ടു മൃതദേഹങ്ങളും ഡിസംബര്‍ അഞ്ചുവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തയ്യാറാണെന്ന്‌ തിരൂര്‍ ഡി വൈ എസ്‌ പി എ ജെ ബാബു അറിയിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ട കുപ്പു ദേവരാജന്റെ സഹോദരന്‍ ബാംഗ്ലൂര്‍ സൗത്ത്‌ ബാസ്‌പൂര്‍ ഡ്രൈനേജ്‌ ടു ഡ്രീംസ്‌ പാരഡൈസ്‌ ലേ ഔട്ട്‌ പാരിറ്റി എ കെ കോളനി ദശപുര ദൊരൈസാമി മകന്‍ ശ്രീധരന്‍ ഇന്നലെ മഞ്ചേരി കോടതിയിലെത്തി വക്കീല്‍ മുഖേന ഹരജി നല്‍കുകയായിരുന്നു. മൃതദേഹങ്ങള്‍ നശിപ്പിക്കരുത്‌, റീ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ വിധേയമാക്കണം, ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ എന്നിവ ലഭ്യമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചത്‌. ഇതര സംസ്ഥാനത്തു നിന്നുള്ള വിശ്വസ്ഥരായ ഡോക്‌ടര്‍മാരുടെ സാന്നിദ്ധ്യത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടമെന്ന്‌ മറ്റൊരു ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്‌. ഈ കേസ്‌ ഡിസംബര്‍ 9ന്‌ കോടതി പരിഗണിക്കും.

Share this post: