Main News
യു.കെ.ഭാസി അന്തരിച്ചു

താനൂർ : മുതിർന്ന കോൺഗ്രസ്സ് നേതാവും മലപ്പുയർ മുൻ ഡി.സി.സി. പ്രസിഡണ്ടുമായ യു.കെ.ഭാസി ( 75 ) അന്തരിച്ചു. ജില്ലയിൽ കോൺഗ്രസ്സിന്റെ വളർച്ചയിൽ പങ്ക് വഹിച്ച പ്രധാനികളിൽ ഒരാളാണ്. കെ.എസ് .യു വിലൂടെയാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശം . കെ.എസ് .യു സംസ്ഥാന വൈസ് പ്രസിഡണ്ട് , പാലക്കാട് ജില്ലാ പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി , മലപ്പുറം ജില്ലാ പ്രസിഡണ്ട് , കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തുടർന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി .16 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു. ഏറ്റവും കൂടുതൽ കാലം ഡി.സി.സി പ്രസിഡണ്ട് ആയ വ്യക്തി ആയിരുന്നു അദ്ദേഹം .കെ പി സി സി ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. താനൂര്‍ അര്‍ബന്‍ കോ. ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപന ചെയര്‍മാന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍, ആര്‍ ടി എമെമ്പര്‍, താനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ ശശിപ്രഭ. മക്കള്‍ : ഭവ്യ, ധന്യ, യു കെ അഭിലാഷ് ( യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി). മരുമക്കള്‍ : ബിസിന്‍ (ബിസിനസ്), ശ്രീകുമാര്‍ ( ദുബായ്), ജോബിത. സംസ്‌കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

യു കെ ഭാസിയുടെ നിര്യാണത്തില്‍ എ പി അനില്‍കുമാര്‍ എം എല്‍ എ യുടെ അനുശോചനം അറിയിച്ചു

മലപ്പുറം : നാലു പതിറ്റാണ്ടു കാലത്തിലധികം മലപ്പുറം ജില്ലയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ യു കെ ഭാസിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് എ പി അനില്‍കുമാര്‍സ എം എല്‍ എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അസാധാരണമായ മാനസിക കരുത്തിന്റെയും തന്റേടത്തിന്റെയും ഉടയായിരുന്നു അദ്ദേഹമെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.

യു കെ ഭാസിയുടെ നിര്യാണത്തില്‍ മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അനുശോചനം അറിയിച്ചു

മലപ്പുറം : മലപ്പുറം ജില്ലയില്‍ ദീര്‍ഘകാലം ഡി സിസി പ്രസിഡന്റായി 16 വര്‍ഷം തുടരുകയും കെ പി സി സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച യു കെ ഭാസിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗത്തു വരുകയും പിന്നീട് തീരദേശ മേഖലകളില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ യു കെ ഭാസി വഹിച്ച പങ്ക് എടുത്തു പറയാവുന്നതാണ് ആര്യാടന്‍ മുഹമ്മദിന്റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍  അറിയപ്പെടുകയും  ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേരിട്ട് ബന്ധപ്പെടുകയും ജില്ലയുടെ രൂപീകരണ കാലം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി രംഗത്തു വരുകയും നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. തവനൂരിലെ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അദ്ദേഹത്തിന്റെ പഠന കാലത്തും പിന്നീട് മലപ്പുറം കേന്ദ്രീകരിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് നേതൃത്വം  കൊടുക്കുകയും പിന്നീട് കോണ്‍ഗ്രസിലെ പ്രധാനിയായി മാറാനും യു കെ ഭാസിക്ക് കഴിഞ്ഞുവെന്നും വി വി പ്രകാശ് തുടര്‍ന്നു പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ആഴത്തിലുള്ള ബന്ധമുള്ള ആളായിരുന്നു യു കെ ഭാസി.

Share this post: