Top Stories
വള്ളുവനാട് ഫിലിം ഫെസ്റ്റിവല്‍ – 2016
March 03, 2016

filmപെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ നഗരസഭ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളുവനാട് അന്താരാഷ്ട്ര ചലച്ചിത്രമേള സംഗീത തീയേറ്ററില്‍വെച്ച് മാര്‍ച്ച് 4,5,6,7 തീയതികളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ചലച്ചിത്രകാഴ്ചയുടെ സാംസ്കാരിക മൂല്യം സാമൂഹ്യബോധവുമായി ബന്ധിപ്പിക്കുകഎന്നത് നഗരസഭയുടെ കലാദര്‍ശനങ്ങളില്‍ ഒന്നാണ്. ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 4:30 നു സംഗീത തീയ്യേറ്റര്‍ അങ്കണത്തില്‍ വെച്ച് ചലച്ചിത്ര സംവിധായകന്‍ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ്‌ നിര്‍വ്വഹിക്കും. ചടങ്ങില്‍ ചലച്ചിത്ര-നാടക നടി നിലമ്പൂര്‍ ആയിഷയെ നഗരസഭ ആദരിക്കും.

പെരിന്തല്‍മണ്ണയിലെ മുന്‍നിര സാംസ്കാരിക പ്രവര്‍ത്തകനും വള്ളുവനാട് ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയുമായിരുന്ന ശ്രീ.പി.ടി.അരുണ്‍കുമാറിന്‍റെ സ്മരണാര്‍ത്ഥം ഓഡിയന്‍സ് പോളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മലയാള സിനിമക്കുള്ള പുരസ്കാരവും ഈ പ്രാവശ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഫെസ്റ്റിവല്‍ ബുക്കിന്‍റെ പ്രകാശനം സംവിധായകന്‍ എന്‍.കെ.മുഹമ്മദ്‌ കോയ നിര്‍വ്വഹിക്കും.

നാലാംതിയതി രാവിലെ 9 മണി മുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. ക്ലാസിക്കുകള്‍ ഉള്‍പ്പെടെ ലോക,ഇന്ത്യന്‍, മലയാള വിഭാഗങ്ങളിലായി ഇരുപതിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററി ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. എല്ലാ അന്യഭാഷാ ചിത്രങ്ങളും മലയാളം സബ് ടൈറ്റിലോടുകൂടി പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് ഈ പ്രാവശ്യത്തെ മേളയുടെ ഏറ്റവും വലിയ സവിശേഷത.

5,6 തീയതികളില്‍ ഉച്ചക്ക് 12:30 നു മീറ്റ്‌ ദ ഡയരക്ടരും 4:30 നു ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കുന്നതാണ്. ഷഹബാസ് അമന്‍, മുഹ്സിന്‍ പരാരി, മമ്മദ് മൊഷ് , മധു ജനാര്‍ദ്ദനന്‍, ഡോ.ഗോപു എന്നിവര്‍ 5-)o തിയ്യതിയും 6-)o തിയ്യതി റജി എന്‍.ദാമോദരന്‍ , ജി.പി.രാമചന്ദ്രന്‍,  കെ.പി.ജയകുമാര്‍ , അജു.കെ.നാരായണന്‍, സജീവന്‍ അന്തിക്കാട്‌, അന്‍വര്‍ അബ്ദുള്ള, കെ.ബി.വേണു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. 7-)o തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിം അദ്ധ്യക്ഷത വഹിക്കും. ഗാന രചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഓ.എസ്.ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ മുഹ്സിന്‍ പരാരി എന്നിവര്‍ മുഖ്യാതിഥികളാവും. പി.ടി.അരുണ്‍കുമാര്‍ സ്മാരക പുരസ്കാര പ്രഖ്യാപനം ചലച്ചിത്ര താരം മുസ്തഫ (ഐന്‍ ഫെയിം ) നിര്‍വ്വഹിക്കും.

Share this post: