Top Stories
വികസന പ്രതീക്ഷകളുടെ ചിറകടിയുമായി കരിപ്പൂര്‍ വിമാനത്താവളം പുതുവര്‍ഷത്തിലേക്ക്
December 31, 2016

31-Dec-2016
മലപ്പുറം: വികസന ഗതിനിര്‍ണയത്തിന്റെ പുതുപ്രതീക്ഷകള്‍ നല്‍കി 2016 ല്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം പുതുവര്‍ഷത്തിലേക്ക്. റണ്‍വെ നവീകരണ പൂര്‍ത്തീകരണം, പുതിയ ടെര്‍മിനല്‍ സമര്‍പ്പണം, എയ്‌റോ ബ്രിഡ്ജ്,റണ്‍വെ ഏപ്രണ്‍,സ്ഥലമേറ്റെടുപ്പ് നടക്കുന്ന പക്ഷം വലിയ വിമാനങ്ങള്‍ക്കും,ഹജ്ജ് വിമാനങ്ങള്‍ക്കുമുളള അനുമതിയടക്കം ഏറെ കാത്തിരിപ്പിന്റെ വാര്‍ഷമാണ് 2017. ഇതിനുളള പ്രാരംഭ നടപടികള്‍ക്കെല്ലാം തുടക്കമിട്ടാണ് 2016 കടന്നുപോകുന്നത്. 2015ല്‍ ആരംഭിച്ച റണ്‍വെ നവീകരണം 2016 കഴിയുന്നതോടെ പൂര്‍ത്തിയാവുമെന്നതിനാല്‍ ജനുവരിയോടെ തുറന്നു കൊടുക്കാനാകും. ഇതോടെ എട്ട് മണിക്കൂര്‍ റണ്‍വെ നിയന്ത്രണം നീക്കി വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ 24 മണിക്കൂറാകും. പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ച് അവസാനത്തിലാണ് ആരംഭിച്ചത്.

വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിവലിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് രാജ്യത്തെ മികച്ച വിമാനത്താവള ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്.85.5 കോടി ചിലവില്‍ ഹരിത ടെര്‍മിനലായാണ് നിര്‍മ്മാണം അടുത്ത ആഗസ്‌റ്റോടെ പൂര്‍ത്തിയാകും.നിര്‍മ്മാണത്തിന്റെ 35ശതമാനം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടുവിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുളള റണ്‍വെ ഏപ്രണിന് കഴിഞ്ഞ നവംബറിലാണ് ഡി.ജി.സി.എ അനുമതി നല്‍കിയത്.എന്നാല്‍ പുതിയ ടെര്‍മിനലുമായി ഏപ്രണ്‍ ബന്ധപ്പിച്ച് രണ്ട് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിനാല്‍ പ്രവൃത്തനക്ഷമമാക്കാനായിട്ടില്ല.മാര്‍ച്ചോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവും. കരിപ്പൂരില്‍ പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങളുടെ സുരക്ഷിത ലാന്റിംഗിനെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്റിംഗ് സിസ്റ്റം (ഐഎല്‍എസ്)സ്ഥാപിതമായത് ഇക്കഴിഞ്ഞ നവംബറിലാണ്.

തദ്ദേശിയരുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാറിന് കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തു നല്‍കാനായാല്‍ വലിയ വിമാനങ്ങളുടെ നിലവിലെ തിരിച്ചുവരവിനുളള സാങ്കേതികത്വം ഇല്ലാതാകും. ഇതോടെ കരിപ്പൂരിന്റെ വരുമാനവും വര്‍ധിപ്പിക്കാനാകും.രണ്ടുവര്‍ഷമായി നെടുമ്പാശ്ശേരിയില്‍ പ്രവൃത്തിപ്പിക്കുന്ന ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റാനും കഴിയും.
കരിപ്പൂരിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി തേടി പുതിയ വിമാനകമ്പനികളും,സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ നിലവിലെ വിമാന കമ്പനികളും രംഗത്തുവന്നിട്ടുണ്ട്. ഇത് ഗള്‍ഫ് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.പുതിയ സര്‍ക്കാര്‍ വിമാനത്താവള ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുന്ന പക്ഷം വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസിന് അനുമതി നല്‍കാമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയവും പറയുന്നുണ്ട്. ആയതിനാല്‍ കരിപ്പൂരിന്റെ ഗതിനിര്‍ണയത്തിന്റെ നാളുകളിലൂടെയായിരിക്കും 2017 കടന്നുപോവുക.

Share this post: