Top Stories
വികസിത രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞരുടെ അതി നൂതന വൈജ്ഞാനിക ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പരിജ്ഞാനം ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും : വൈസ് ചാന്‍സലര്‍
December 16, 2016

16-Dec-2016

മലപ്പുറം: വികസിത രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞരുടെ അതി നൂതന വൈജ്ഞാനിക ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാലിക്കറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജ്ഞാനം ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. നാനോ ടെക്‌നോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ഫ്രോണ്ടിയര്‍ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിന് നോബല്‍ പുരസ്‌കാര ജേതാക്കളുള്‍പ്പെടെയുള്ള പ്രമുഖരെ കാമ്പസില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശ ശാസ്ത്രകാരന്‍മാരുമായുള്ള സമ്പര്‍ക്കം കൂടുതല്‍ മെച്ചപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

നാനോ സാങ്കേതിക വിദ്യയുടെ ഉപയോഗം വൈദ്യശാസ്ത്ര മേഖലയില്‍ എന്ന വിഷയത്തില്‍ സിങ്കപൂരിലെ ബയോ എഞ്ചിനീയറിംഗ് ആന്റ് നാനോ ടെക്‌നോളജി ഗവേഷണ സ്ഥാപനത്തിലെ മുഖ്യശാസ്ത്രജ്ഞന്‍ ഡോ.നന്ദനന്‍ എറതൊടിയില്‍ പ്രഭാഷണം നടത്തി. ഭീമമായി വര്‍ധിച്ചുവരുന്ന ചികിത്സാചെലവുകള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് വലിയൊരു പ്രശ്‌നമാണ്. നാനോ ടെക്‌നോളജിയില്‍ നടക്കുന്ന നൂതന ഗവേഷണങ്ങളിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തില്‍ കുറഞ്ഞ ചിലവില്‍ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും അനാവശ്യ ഔഷധങ്ങള്‍ ഒഴിവാക്കാനും സാധ്യമാവുമെന്ന് ഡോ.നന്ദനന്‍ എറതൊടിയില്‍ പറഞ്ഞു.ചടങ്ങില്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പ് കോര്‍ഡിനേറ്റര്‍ ഡോ.എസ്.സിന്ധു അധ്യക്ഷയായിരുന്നു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ ആന്റ് കെമിക്കല്‍ സയന്‍ സസ് ഡയറക്ടര്‍ ഡോ.വി.എം.അബ് ദുല്‍ മുജീബ് സ്വാഗതവും ഡോ.മുഹമ്മദ് ഷാഹിന്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

Share this post: