education
വിദ്യാര്‍ത്ഥി കണ്‍സെഷന്‍: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബസ്സുടമകള്‍

30/04/2018

മഞ്ചേരി: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിയമ വ്യവസ്ഥകള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നിയമവിരുദ്ധമായ ഒരു തീരുമാനവും എടുത്തിട്ടില്ല. സംഘടന വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ട ഏതാനും പേര്‍ ഉണ്ടാക്കിയ ഓര്‍ഗനൈസേഷന്‍ എന്ന സമാന്തര സംഘടനയാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ പുറത്തുവിട്ട ഈ വാര്‍ത്ത ശരിയല്ല. ബസ് ജീവനക്കാരും ബസ് ഉടമകളും വിദ്യാര്‍ഥികളുമായി സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ വ്യാജ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നത് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ എന്ന സംസ്ഥാന സംഘടനയുടെ ജില്ലാ യൂണിറ്റുകളാണ് .

ദിനേനയുള്ള ഡീസല്‍ വില വര്‍ധനവു കാരണം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന ഘട്ടത്തില്‍ ഡീസലിന്റെ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 14ന് സെക്രട്ടറിയേറ്റിലേക്ക് അഖിലേന്ത്യ തലത്തില്‍ വാഹന പണിമുടക്ക് പ്രഖ്യാപിക്കാനാണ് ഫെഡറേഷന്‍ തീരുമാനിച്ചിട്ടുളളതെന്ന് ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.

Share this post: