Top Stories
വോട്ടെടുപ്പ്‌ ദിനത്തിലെ നിരീക്ഷണത്തിന്‌ ആന്‍ഡ്രോയ്‌ഡ്‌ അധിഷ്‌ഠിത സംവിധാനം
April 21, 2016

Election-Android21, April 2016
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ ദിനത്തിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും നീതിയുക്തമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്താനും തെരഞ്ഞെടുപ്പ്‌ കമീഷന്‍ പ്രത്യേക മൊബൈല്‍ ആപ്‌ അധിഷ്‌ഠിത നിരീക്ഷണ സംവിധാനം, വെബ്‌ കാസ്റ്റിംങ്‌, വീഡിയോ റെക്കോര്‍ഡിംഗ്‌ എന്നിവ ഏര്‍പ്പെടുത്തും. സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെയാണ്‌ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. പോളിംഗ്‌ ബൂത്തുകളില്‍ നിന്ന്‌ സെക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ്‌ ഓഫീസര്‍മാര്‍, ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍മാര്‍, മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്നിവരിലേക്ക്‌ വിവരങ്ങള്‍ സുഗമമായി കൈമാറാന്‍ ആന്‍ഡ്രോയ്‌ഡ്‌ /എസ്‌.എം.എസ്‌ അധിഷ്‌ഠിത സംവിധാനത്തിന്‌
രൂപം നല്‍കിയിട്ടുണ്ട്‌. ബൂത്തുകളില്‍നിന്നുള്ള തത്സമയ വിവരങ്ങള്‍ വെബ്‌ അധിഷ്‌ഠിത ഡാഷ്‌ബോര്‍ഡിലേക്കും റിപ്പോര്‍ട്ടിംഗ്‌ സംവിധാനത്തിലേക്കും കൈമാറാന്‍ ഇതു വഴി സാധിക്കും.

ഈ സംവിധാനത്തില്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍ക്കും പോളിംഗ്‌ ഓഫീസര്‍മാര്‍ക്കും എളുപ്പത്തില്‍ വോട്ടെടുപ്പ്‌ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ പുറപ്പെടുന്നതും, നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തുന്നതും സംബന്ധിച്ച വിവരം, മോക്ക്‌ പോളിംഗ്‌ സംബന്ധിച്ച വിശദാംശങ്ങള്‍, സീല്‍ചെയ്‌ത ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വോട്ടിംഗ്‌ ആരംഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍, അരമണിക്കൂര്‍ കൂടുമ്പോഴുംവോട്ട്‌ ചെയ്‌തവരുടെഎണ്ണം, പോളിംഗ്‌ അവസാനിക്കുമ്പോഴുള്ള അവസ്ഥ, അന്തിമ വോട്ടിംഗ്‌ ശതമാനം, തെരഞ്ഞെടുപ്പ്‌ സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കല്‍,എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇനി ഈ സംവിധാനം വഴി സമര്‍പ്പിക്കാം. ഇതിനായി പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രത്യേക യൂസര്‍ ഐഡി, പാസ്‌വേര്‍ഡ്‌ എന്നിവയുള്ള പ്രത്യേകമൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഇത്‌ അവരുടെവോട്ടെടുപ്പ്‌ കേന്ദ്രവുമായി ബന്ധിപ്പിച്ചിരിക്കും.

പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക മാതൃകയൊന്നും ഓര്‍ത്തുവെക്കേണ്ടതില്ല. ആപ്ലിക്കേഷന്‍ തുറന്ന്‌ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍മാത്രം മതി.പോളിംഗ്‌ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ സൗകര്യമില്ലെങ്കില്‍ ഈ ആപ്ലിക്കേഷന്‍ അത്‌ തിരിച്ചറിഞ്ഞ്‌ വിവരങ്ങള്‍ എസ്‌.എം.എസ്‌ ആയി അയക്കും.

തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ ലഭ്യമായി എന്നറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ പോളിംഗ്‌ ഓഫീസര്‍മാര്‍ക്ക്‌ ലഭിക്കും. ഇതുവഴി വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിച്ചുവെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഉറപ്പുവരുത്താം. നിശ്ചിത സമയത്തിനകം വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇതു സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലുകള്‍ ലഭ്യമാവും. ഉദാഹരണത്തിന്‌ രാവിലെ 7 മണിക്ക്‌ വോട്ടിംഗ്‌ ആരംഭിച്ചത്‌ സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പ്രിസൈഡിംഗ്‌ഓഫീസര്‍മാര്‍ക്ക്‌ അതു സംബന്ധിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ സന്ദേശം ലഭിക്കും.

വോട്ടെടുപ്പ്‌ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ആപ്പുവഴി അത്‌ റിപ്പോര്‍ട്ട്‌ചെയ്യാം. അത്തരം സംഭവങ്ങളുടെഫോട്ടോ എടുത്ത്‌ മൊബൈല്‍ ആപ്പുവഴി സെര്‍വറില്‍ അപ്‌ലോഡ്‌ചെയ്യുകയുംചെയ്യാം. തെരഞ്ഞെടുപ്പ്‌ നടപടികള്‍ തത്സമയംസൂക്ഷ്‌മമായി നിരീക്ഷിക്കാനും ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കല്‍, കള്ളവോട്ട്‌ തടയല്‍ എന്നിവയ്‌ക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. സെക്ടറല്‍ഓഫീസര്‍മാര്‍, റിട്ടേണിംഗ്‌ ഓഫീസര്‍മാര്‍, ജില്ലാതെരഞ്ഞെടുപ്പ്‌ ഓഫീസര്‍മാര്‍, മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ എന്നിവര്‍ക്ക്‌ തങ്ങളുടെ മേഖലകളിലെ ഇലക്ഷന്‍ നടപടിക്രമങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും.
നിശ്ചിത ഇടവേളകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത പോളിംഗ്‌ സ്‌റ്റേഷനുകളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭ്യമാവുകയുംചെയ്യും.

Share this post: