Main News
വർഗീയതക്കും സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള ബദലിൽ കോഗ്രസ്സിനെ കൂട്ടാനാവില്ല; പിണറായി വിജയൻ

മലപ്പുറം: ബി.ജെ.പിക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെ ബദൽ നിലപാടുകളിലും സമരത്തിലും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവില്ലെന്നാണ് മുന്‍ കാല അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏച്ചുകെട്ടിയ ബന്ധങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പോലും വര്‍ഗീയ ശക്തികളുമായി സമരസപ്പെടുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും ഒന്നും ചെയ്യാതിരുന്ന മനോഭാവമാണ് കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് നയിക്കുന്നത്. ബി.ജെ.പിയെ വളര്‍ത്തിയതും കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും സി.പി.ഐ സംസ്ഥാന സമ്മേളന വേദിയില്‍ ‘ഇടതുപക്ഷം സാദ്ധ്യതയും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സ്വാതന്ത്ര പ്രസ്ഥാനങ്ങൾ മുന്നോട്ട് വെച്ച എല്ലാ നയങ്ങളും കോഗ്രസ്സ് കൈ ഒഴിഞ്ഞു. ലോക രാജ്യങ്ങള്‍ക്കിടയില്‍ അഭിമാനമായിരുന്ന ചേരിചേരാ നയം പോലും അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സാമ്രാജ്യത്വ കൂറ് നയമാണ് സ്വീകരിക്കുന്നത്. ആണവകരാറിന്റെ കാലത്ത് നാം അത് കണ്ടതാണ്. ന്യൂനപക്ഷവും ജനാധിപത്യ വാദികളും ബി.ജെ.പിയെ കൈവിട്ടിരിക്കുകയാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ഗുജറാത്തില്‍ വിജയിക്കാനാകാതെ പോയത് കോണ്‍ഗ്രസിന്റെ പരജയമാണ്. യു.പിയിലും ബീഹാറിലും മറ്റ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ട് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ മാര്‍ക്സിസം ലോകത്തെല്ലായിടത്തും വളരുകയാണെന്നും പിണറായി വ്യക്തമാക്കി. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി മുന്നേറാനാവണമെന്നും അദ്ധേനം പറഞ്ഞു. എം.പി വീരേന്ദ്രകുമാർ മന്ത്രിമാരായ ശശീന്ദ്രൻ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുത്തു.

Share this post: