Main News
സമസ്ത ബഹ്‌റൈന്‍ ഹൂറ ത്രിദിന മത പ്രഭാഷണ പരമ്പരക്ക് പരിസമാപ്തി

മനാമ: സമസ്ത ബഹ്‌റൈന്‍ ഹൂറഏരിയ സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരന്പരക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രൗഢോജ്ജ്വല പരിസമാപ്തി. പ്രഭാഷണ പരന്പരയുടെ മൂന്നാം ദിനം പ്രഭാഷണ വേദികളിലെ വിസ്മയമായ അത്ഭുത ബാലന്‍ ഹാഫിസ് ജാബിര്‍ എടപ്പാള്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസികള്‍ പ്രവാസ ജീവിതം തുടരുന്‌പോഴും നാട്ടിലുള്ള മക്കളുടെ കാര്യത്തില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും ഇരുലോകത്തും മക്കള്‍ ഉപകാരപ്പെടുന്നവരാകണമെങ്കില്‍ അവര്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യ കൂടി നല്‍കണമെന്നും അതിന് മദ്‌റസകള്‍ ഉപയോഗപ്പെടുത്തണമെന്നും ജാബിര്‍ പറഞ്ഞു. തുടര്‍ന്ന് പാതിരാവോളം നീണ്ടു നിന്ന ആത്മീയ സദസ്സിനും സമൂഹ പ്രാര്‍ത്ഥനക്കും പ്രമുഖ പണ്ഢിതനും സൂഫി വര്യനുമായ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കി. മനുഷ്യന് നല്ലവനായി മാറണമെങ്കില്‍ ഹൃദയാന്തരങ്ങളില്‍ നിന്ന് അഹംഭാവവും ഞാന്‍ എന്ന ചിന്തയും ഒഴിവാക്കണമെന്ന് അദ്ധേഹം ഉപദേശിച്ചു. കേവലം ആരാധനഅനുഷ്ഠാനങ്ങള്‍ നടത്തിയതു കൊണ്ട് മാത്രം ഒരാളും നല്ലവനാകില്ല. അങ്ങിനെ ആകുമായിരുന്നെങ്കില്‍ മലക്കുകളുടെ ഉസ്താദായിരുന്ന ഇബ് ലീസും ബല്‍ഗാമും ആവണമായിരുന്നുവെന്ന് ചരിത്ര സംഭവങ്ങളുദ്ധരിച്ചു കൊണ്ടദ്ധേഹം വിശദീകരിച്ചു. എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഞാന്‍ എന്ന ഒരു ഭാവമുണ്ട്. അതിനെ ഇല്ലാതാക്കിയാലേ മനുഷ്യന് വിജയിക്കാന്‍ കഴിയുകയുള്ളൂ. താന്‍ എല്ലാവരെക്കാളും ചെറിയവനാണ് എന്ന ചിന്തയോടെയാണ് മനുഷ്യന് മുന്നോട്ട് പോകേണ്ടത്. അങ്ങിനെ വിനയം കാണിക്കുന്നവര്‍ക്ക് മാത്രമേ വലുതാകാന്‍ കഴിയൂ. എന്നാല്‍ എത്ര വലിയവരായാലും നാം വന്ന വഴി മറക്കരുതെന്നും അദ്ധേഹം ഉപദേശിച്ചു. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമായി നിരവധി വിശ്വാസികളാണ് ത്രിദിന പ്രഭാഷ പരിപാടികളിലേക്കും ആത്മീയ സദസ്സിലേക്കുമൊഴുകിയെത്തിയത്. ചടങ്ങ് സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. മഹ് മൂദ് പെരിങ്ങത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കാട്ടില്‍ പീടിക, മുസ്തഫ.കെ.പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെയ്ദ് മുഹമ്മദ് വഹബി പ്രാര്‍ത്ഥന നടത്തി. പ്രഭാഷ പരന്പരയുടെ സി.ഡി പ്രകാശനം കുരുട്ടി മൊയ്തു ഹാജിക്ക് നല്‍കി ചെറുമോത്ത് ഉസ്താദ് നിര്‍വ്വഹിച്ചു. കൂടാതെ പ്രഭാഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങുകളും നടന്നു. ഷംസുദ്ദീന്‍ മൗലവി കെ. കെ സ്വാഗതവും സഈദ് മൗലവി നന്ദിയും പറഞ്ഞു.

Share this post: