Top Stories
സഹകരണ സംഘങ്ങള്‍ ഇല്ലാതാക്കാനുമുള്ള നയത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം : യു.ഡി.എഫ് ജില്ലാ കമ്മിറ്റി
November 22, 2016

22-Nov-2016
മലപ്പുറം : കള്ളപ്പണം തടയാനെന്ന പേരില്‍ പൊടുന്നനെയുള്ള നോട്ട്‌ പിന്‍വലിക്കല്‍മൂലം രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക്‌ ആശ്രയമാകുന്ന സഹകരണ സംഘങ്ങള്‍ ഇല്ലാതാക്കാനുമുള്ള നയത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മലപ്പുറത്ത്‌ ചേര്‍ന്ന യു.ഡി.എഫ്‌ ജില്ലാകമ്മിറ്റി യോഗം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
കള്ളപ്പണത്തിന്‌ വിലക്കേര്‍പ്പെടുത്തുന്നതിനും അത്‌ തടയാന്‍ നടപടി സ്വീകരിക്കുന്നതിനും ഇന്ത്യയിലെ ഒരു പൗരനും എതിരല്ല. എന്നാല്‍ യാതൊരു മുന്‍കരുതലുകളുമില്ലാതെയാണ്‌ ഏകാധിപതിയെപ്പോലെ പ്രധാനമന്ത്രി 1000,500 നോട്ടുകള്‍ പിന്‍വലിച്ചത്‌. ദൈനംദിന ആവശ്യങ്ങള്‍ക്ക്‌ പണമില്ലാതെ ജനങ്ങള്‍ നട്ടംതിരിയുകയാണ്‌. ഗ്രാമീണ മേഖലയുടെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനപങ്ക്‌ വഹിക്കുന്ന സഹകരണ സംഘങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌ കടുത്ത നീതികേടാണ്‌. കള്ളപ്പണത്തിന്റെ പേരില്‍ ഇത്തരം ബാങ്കുകളുടെ പേരില്‍ ദുരാരോപണമാണ്‌ കേന്ദ്രധനകാര്യമന്ത്രി അഴിച്ചുവിടുന്നത്‌. കുത്തകമാരുടെ അധീനതയിലുള്ള ധനകാര്യസ്ഥാപനങ്ങളില്‍ പണം മാറാമെന്നും എന്നാല്‍ സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ ബാങ്കുകളില്‍ പണം മാറ്റാന്‍ പറ്റില്ലെന്നുമുള്ളത്‌ അപഹാസ്യമാണ്‌.
കറന്‍സി പിന്‍വലിച്ചതുകാരണം സാധാരണ ജനങ്ങള്‍ ദിവസങ്ങളോളമായി രാവിലെ മുതല്‍ ബാങ്കുകള്‍ക്ക്‌ മുന്നില്‍ ക്യൂ നിന്ന്‌ പ്രയാസപ്പെടുകയാണ്‌. ഈ സമയത്താണ്‌ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും പുതിയ സത്യപ്രസ്‌താവന ഈ മാസം 25നകം പൂരിപ്പിച്ച്‌ നല്‍കണമെന്ന ഉത്തരവിറക്കിയിട്ടുള്ളത്‌. പുറമെ വിധവകള്‍ ഓരോ വര്‍ഷവും അപേക്ഷ പുതുക്കുകയും ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പ്രായാധിക്യംകൊണ്ട്‌ കഷ്ടപ്പെടുന്ന വിധവകള്‍ക്കും മറ്റു പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ഈ തീരുമാനം മറ്റൊരു ദുരിതമായി മാറിയിട്ടുണ്ട്‌. അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ ഈ തീരുമാനങ്ങള്‍ക്കെതിരെ ജില്ലയില്‍ 106 കേന്ദ്രങ്ങളില്‍ യു.ഡി.എഫ്‌ പൊതുയോഗം നടത്താന്‍ യോഗം തീരുമാനിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5നകം ജില്ലയിലെ എല്ലാ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റികളിലെ ഒരു കേന്ദ്രത്തിലാണ്‌ പൊതുയോഗം നടക്കുക. ഇതിന്റെ മുന്നോടിയായി 23,24 തിയ്യതികളില്‍ പതിനാറ്‌ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ്‌ കമ്മിറ്റികള്‍ യോഗം ചേരും. ഡിസംബര്‍ 5ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ നടക്കുന്ന യു.ഡി.എഫ്‌ പഞ്ചായത്ത്‌മുനിസിപ്പല്‍, നിയോജകമണ്ഡലം, ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. പി.ടി. അജയ്‌മോഹന്‍, സബാഹ്‌ പുല്‍പറ്റ, വെന്നിയൂര്‍ മുഹമ്മദ്‌കുട്ടി എന്നിവര്‍ പ്രംസംഗിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share this post: