29-Jun-2017
മലപ്പുറം : സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജില്ലയില്‍ വീഴ്ച വന്നതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന് നിഗമനം. ചില എയ്ഡഡ്- അണ് എയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് നേരത്തെ കമീഷന് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആര്‍ടിഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് ആവശ്യപ്പെടുമെന്ന് കമീഷന് വ്യക്തമാക്കി. കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ അംഗങ്ങളായ ടി ബി സുരേഷ്, എന്‍ ശ്രീലമേനോന് എന്നിവരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.കഴിഞ്ഞ നവംബറില്‍ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആര്.ടി.ഒ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ സ്കൂളുകള്‍ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായാണ് കമീഷന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരില്‍നിന്ന് തല്‍സ്ഥിതി വിവരം തേടാന്‍ തീരുമാനിച്ചത്.
14 പരാതികളാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ പരിഗണിച്ചത്. പോരൂര്‍ മുതിരി എസ്.സി കോളനിയിലെ ഒരു കുടുംബത്തിന്റെ ദുരവസ്ഥ സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന് സ്വമേധയാ കേസെടുത്തു. മാനസിക അസ്വാസ്ഥ്യം ബാധിച്ച കുടുംബത്തിന്റെ വീട് നിര്‍മാണം വേഗത്തിലാക്കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താനും പോരൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് യൂണിഫോമും പുസ്തകവും കിട്ടിയില്ലെന്ന പരാതിയുമായി പുത്തനത്താണി എ.എം എല്‍പി സ്കൂളിലെ ഒരു സംഘം കുട്ടികളും രക്ഷിതാക്കളും കമീഷനെ സമീപിച്ചു. ഈ വര്‍ഷം അഞ്ചാം ക്ലാസ്സ് ആരംഭിച്ചതാണിവിടെ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ഡി.ഡി.ഇക്ക് നിര്‍ദേശം നല്കി. മദ്രസ്സയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്ന് (ജൂണ്‍ 30) കമീഷന് അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട മദ്രസ സന്ദര്‍ശിക്കും. കണ്ണൂരില്‍ സ്കൂള്‍ കലോത്സവത്തിനിടയില്‍ കുട്ടികള്‍ പൊലീസ് മര്‍ദനത്തിനിരയായ സംഭവത്തില്‍ പൊലീസുകാരെ കമീഷന് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതിയിലാണെന്നും പരാതി ഒത്തുതീര്‍ന്നെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ നടപടികളിലേക്ക് കടക്കാതെ മാറ്റി. ഹൈക്കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കാന്‍ കക്ഷികള്‍ക്ക് കമീഷന് നിര്‍ദേശം നല്കി.