Main News
ഹർത്താലിന്റെ മറവിൽ താനൂരിൽ വ്യാപക അക്രമം.

16/04/2018

താനൂർ: ഹർത്താലിന്റെ മറവിൽ താനൂരിൽ വ്യാപക അക്രമം. നാല് KSRTC ബസ്സുകളും പത്തോളം കടകളും ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് ഹർത്താൽ അനുകൂലികൾ താനൂരിന്റെ വിവിധ ഭാഗങ്ങളിലായി ബസ്സ് തടഞ്ഞ് അക്രമണം അഴിച്ചുവിട്ടത്. ഗുരുവായൂർ റൂട്ടിലോടുന്ന KSRTC ബസ്സുകളിൽ മൂന്ന് ബസ്സുകളുടെ മുഴുവൻ ചില്ലുകൾ പൂർണമായും ഒരു ബസ്സിന്റെ ചില്ല് ഭാഗികമായും തകർക്കപ്പെട്ടു. യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കിവിട്ട് സീറ്റുകളും ഹെഡ് ലൈറ്റും അടിച്ചു തകർത്തു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാർക്ക് വലിയ പ്രയാസം നേരിടേണ്ടി വന്നു. ഉച്ചവെയിലത്ത് ദാഹജലം പോലും കിട്ടാതെയാണ് ഇവർക്ക് തകർക്കപ്പെട്ട ബസ്സിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നത്. അടച്ചിട്ട കടകളുടെ പൂട്ട് പൊളിച്ചാണ് കുക്കൾക്കുള്ളിലെ ഫർണീച്ചറുകളും കച്ചവട സാധനങ്ങളടക്കം സകലതും അക്രമികൾ അടിച്ചു തകർത്തത്. K.R ബേക്കറി പൂർണ്ണമായും തകർക്കപ്പെട്ടു. ചെറിയ തീപ്പൊരി കൊണ്ട് പോലും വലിയ സ്ഫോടനത്തിന് സാധ്യതയുള്ള ബീച്ച് റോട്ടിലെ പടക്ക കട തകർത്ത് അതിലെ പടക്കങ്ങൾ ഉപയോഗിച്ചാണ് അക്രമികൾ പോലീസുമായി ഏറ്റുമുട്ടിയത്. ലാത്തിച്ചാർജിൽ ഏഴോളം പോലീസുകാർക്ക് പരിക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസിക് സ്റ്റുഡിയോ, ഷറഫിയ ട്രാവൽസ്, രണ്ട് ലോട്ടറി കടകൾ, വെസ്റ്റിഡോ ടെക്സ്റ്റയിൽസ് തുടങ്ങി പത്തോളം കടകളാണ് അക്രമണത്തിന് ഇരയായത്. സംഭവസ്ഥലം താനൂർ MLA വി. അബ്ദുറഹിമാൻ, CPIM ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, ഏരിയ സെക്രട്ടറി അബ്ദുൾ റസാഖ്, സമദ് താനാളൂർ എന്നിവർ സന്ദർശിച്ചു.

Share this post: