Main News
35 കോടി ചിലവിൽ എളമരം കടവിൽ പാലമുയരും; കെ.ടി ജലീൽ ശിലാസ്ഥാപനം നിര്‍വഹിച്ചു

06/03/2019

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവില്‍
നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു.ഈ വര്‍ഷം കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നനുവദിച്ച 800 കോടിയില്‍ 81 കോടിയും മലപ്പുറം ജില്ലക്കാണു നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ടി.വി.ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. വാഴക്കാട്, മാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരു
ജില്ലകളിലുമുള്ളവര്‍ ഗതാഗതസൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതി
കൈവരിക്കും. കോഴിക്കോട്ടുനിന്നും മെഡിക്കല്‍ കോളേജില്‍നിന്നും
മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം ഗണ്യമായി
കുറയും. വയനാട് ഭാഗത്തുനിന്ന് കരിപ്പൂരിലേക്കുള്ള ദൂരവും കുറയും.

35 മീറ്ററിലുള്ള 10 സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന് 350
മീറ്റര്‍ നീളവും 11.50 മീറ്റര്‍ വീതിയുമുണ്ട്. വാഹന ഗതാഗതത്തിന് 7.50
മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതകളും നിര്‍മ്മിക്കും. എളമരം ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡും എടവണ്ണപ്പാറ ജംങ്ഷന്‍ വരെയുള്ള റോഡും ബി.എം.ആന്റ് ബി.സി ചെയ്ത് പുനര്‍ നിര്‍മ്മിക്കും. മാവൂര്‍ ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതോടൊപ്പം മാവൂര്‍ റോഡില്‍ സന്ധിക്കുന്ന ജംങ്ഷന്‍
അഭിവൃദ്ധിപ്പെടുത്തി ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമായ ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, ലൈറ്റ് സജജീകരണങ്ങള്‍
എന്നിവയും നിര്‍മ്മിക്കും.
എം.പി മാരായ എം.കെ.രാഘവന്‍, എളമരം കരീം, ഇ.ടി.മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണ റോട്ട് ഫാത്തിമ, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജമീല ടീച്ചര്‍, മാവൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ.ശറഫുന്നീസ, ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് ജൈസല്‍ എളമരം, വിവിധ സംഘടന പ്രതിനിധികളായ കെ.രാമചന്ദ്രന്‍, കെ.വേദവ്യാസന്‍, എന്‍.പ്രമോദ് ദാസ്, പി.എ.ജബ്ബാര്‍ ഹാജി, ഒ.കെ.അയ്യപ്പന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
കെ.മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ.സിമി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.അനീഷ് എന്നിവര്‍ സംസാരിച്ചു

Share this post: