Top Stories
സിഎം@ക്യാമ്പസ് ‘ സ്റ്റുഡന്റ്‌സ് മീറ്റിന് സര്‍വകലാശാലയില്‍ സമാപനം
February 15, 2021

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റത്തിന് അക്കാദമിക വികസനം ലക്ഷ്യം:  മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായതു പോലുള്ള സമഗ്രമാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അക്കാദമിക രംഗത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഭാധരായ വിദ്യാര്‍ത്ഥികളുമായി ‘ നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ കോഴ്‌സുകള്‍ക്ക് രൂപം കൊടുക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേകമായ സംവിധാനങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആവശ്യമായ പുതിയ കോഴ്‌സുകള്‍ തുടങ്ങിയാല്‍ വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തുപോയി പഠിക്കുന്നതിന് മാറ്റം വരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ കൂടി തുടങ്ങും. സര്‍വകലാശാലകളില്‍ എല്ലാ സമയവും വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറികളും ലാബുകളും ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം. അതിന് ക്യാമ്പസ് ആ നിലയ്ക്ക് മാറണം. വിദ്യാഭ്യാസഗവേഷണ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ക്യാമ്പസുകളില്‍ താമസ സൗകര്യവും സജ്ജീകരിക്കാനാകണം. ഉയര്‍ന്ന യോഗ്യതയുള്ള ഫാക്കല്‍റ്റികള്‍, അക്കാദമിക വിദഗ്ധര്‍ യൂനിവേഴ്‌സിറ്റികളിലുണ്ടാകണം. ഇതിനെല്ലാം യൂനിവേഴ്‌സിറ്റികള്‍ നല്ല നിലയില്‍ സജ്ജമാകേണ്ടതുണ്ട്.   ഉന്നത വിദ്യാഭ്യാസ മേഖല നല്ല നിലയില്‍ ശ്രദ്ധിക്കപ്പെടേണ്ടതിനാല്‍ ഒട്ടേറെ നൂതന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 2016 ല്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നുവെന്നങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കാണ് പൊതുവിദ്യാലയങ്ങളിലേക്ക്. 6,80,000 വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുതുതായി വന്നത്. സമാനമായ സമഗ്രമാറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും ലക്ഷ്യമിടുന്നത്. നാടിന്റെ വികസന കാര്യത്തില്‍ സ്വപ്‌നങ്ങളുള്ളവര്‍ എന്ന നിലയിലാണ് വിദ്യാര്‍ത്ഥികളുടെ കൂടി നിര്‍ദേശങ്ങള്‍ തേടിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ സംഘടപ്പിച്ച ‘ സിഎം @ ക്യാമ്പസ്’ സ്്റ്റുഡന്റ്‌സ് മീറ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനായി. സര്‍വകലാശാലകളിലെ മിടുക്കരായ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത് ചരിത്രത്തിലാദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ അഭിവൃദ്ധിക്കാവശ്യമായ അത്രയും തുക ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍വകലാശാല പഠനവിഭാഗങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ഗവേഷണ തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം നല്‍കും.ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി സംസ്ഥാന ബജറ്റില്‍ 3,000 കോടി രൂപയാണ് വകയിരുത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്രത്തിലാദ്യമായി ഉറുദു ഉള്‍പ്പെടെ മൂന്ന് കോഴ്‌സുകളും  സര്‍ക്കാര്‍എയ്ഡഡ് മേഖലയില്‍ 197 ന്യൂജന്‍ കോഴ്‌സുകളും തുടങ്ങി. മൂന്ന് കോഴ്‌സുകള്‍ വീതം സ്വാശ്രയ മേഖലയ്ക്ക് അനുവദിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 30000 ബിരുദ ബിരുദാനന്തര സീറ്റുകള്‍ വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ഗ്രാമീണ മേഖലകളിലേക്ക് കൂടി എത്തിച്ചു. മികച്ച വിദ്യാര്‍ത്ഥികളുടെ മാനവവിഭവ ശേഷി കേരളത്തിന് തന്നെ ലഭ്യമാക്കണമെന്ന താല്‍പ്പര്യത്തോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്നും ഒരൊറ്റ മനസ്സോടെ മുന്നോട്ടുപോകണമെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ‘ ഇന്‍സ്‌പെയര്‍ കേരള’ പ്രോഗ്രാം ജി.എസ് പ്രദീപ് അവതരിപ്പിച്ചു.  സംവാദത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ് സ്വാഗതവും സിന്‍ഡിക്കേറ്റംഗവും സംഘാടക സമിതി കണ്‍വീനറുമായ പ്രൊഫ. എം.എം നാരായണന്‍ നന്ദിയും പറഞ്ഞു. ാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ചന്ദ്രബാബു, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളില്‍ നി്ന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ‘ സിഎം@ക്യാമ്പസ് ‘ സ്റ്റുഡന്റ്‌സ് മീറ്റില്‍ പങ്കെടുത്തത്.

സജീവമായി സംവാദ വേദി: കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖയിലേത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സജീവമായപ്പോള്‍ കൃത്യമായ മറുപടി പറഞ്ഞും നിലപാട് അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ‘ സിഎം@ ക്യാമ്പസ്’  സ്റ്റുഡന്റ്‌സ് മീറ്റില്‍ 200 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവ് ഉയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന പ്രതികരണം. സര്‍വകലാശാല ലൈബ്രറികള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും വിദ്യാലയങ്ങളിലെ കെട്ടിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാനാകുന്ന മാതൃകയില്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സര്‍വകലാശാലകളിലും കോളജുകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശുചിമുറി ഒരുക്കും. വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കൂളുകളിലേതു പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തും കൗണ്‍സലര്‍മാരെ നിയമിക്കും. ജൂനിയര്‍ അഭിഭാഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. കോടതികളിലെ നിയമ ലൈബ്രറികള്‍ നവീകരിക്കും. സര്‍ക്കാര്‍ കോളജുകളില്‍ ജേണലിസം ബിരുദബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ത്ഥികളുടെ നിര്‍ദേശം കേട്ട മുഖ്യമന്ത്രി നിയമപരമായി സാധ്യമായത് ചെയ്യുമെന്ന് മറുപടി നല്‍കി. റാഗിംഗ് തടയാന്‍ സമഗ്രമായ നിയമം വേണമെന്ന വിദ്യാര്‍ത്ഥികളുടെ നിര്‍ദേശത്തില്‍ സമൂഹിക ബോധമുണരേണ്ട വിഷയമാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍വകലാശാലകളിലെ ഗവേഷണ ഫലം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഫെല്ലോഷിപ്പ് കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും എസ്.സിഎസ്ടി സ്‌കോളര്‍ഷിപ്പ് പ്രായപരിധി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രൈമറി തലത്തില്‍ സ്‌കോളര്‍ഷിപ്പ്, മറൈന്‍ ഇന്‍സിസ്റ്റ്യൂട്ടില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം, പഠനത്തോടൊപ്പം തൊഴില്‍, കോളേജുകളില്‍ ചെറുകിട ഉല്‍പ്പന്ന നിര്‍്മാണ യൂനിറ്റുകള്‍, കണ്ടുപിടുത്തങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായം, ഐ.ടി.ഐകളില്‍ അഗ്രികള്‍ച്ചറല്‍, എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍, മഹാശിലായുഗ കാലത്തെക്കുറിച്ചുള്ള വിശദ പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനകേന്ദ്രം,  ദുരന്ത നിവാരത്തില്‍ പുതിയ കോഴ്‌സ്, സകൂള്‍ തലത്തില്‍ തിയേറ്റര്‍ പഠനം, കലാധ്യാപകര്‍ക്ക് കോഴ്‌സുകള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ അനുഭാവംപൂര്‍വ്വം മുഖ്യമന്ത്രി പരിഗണിച്ചു. ഗോത്രപഠനത്തിന് ഗോത്രവിഭാഗത്തിലുള്ളവരെ പ്രത്യേക അധ്യാപകരായി നിയമച്ചതും കിടപ്പിലായ രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍, അശരണര്‍ തുടങ്ങിയവരെ സഹായിക്കുന്നതിനായി സാമൂഹിക സേവന സന്നദ്ധ വളണ്ടിയര്‍മാരില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Share this post:
MORE FROM THIS SECTION