Top Stories
കേരളത്തെ വ്യവസായ സൗഹൃദമാക്കി: മുഖ്യമന്ത്രി
January 01, 2021

28/12/2020
മലപ്പുറം : നാലര വർഷംകൊണ്ട്‌ കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന്റെ മലപ്പുറത്തെ പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനായി ഏഴ്‌ നിയമങ്ങളും 10 ചട്ടങ്ങളും മാറ്റി. വ്യവസായം തുടങ്ങാൻ അപേക്ഷ നൽകി കാത്തിരിക്കണമെന്ന അവസ്ഥമാറി. 30 ദിവസത്തിനകം അപേക്ഷയിൽ തീരുമാനമെടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം തുടങ്ങാമെന്ന നിയമം കൊണ്ടുവന്നു. ഇതിലൂടെ കൂടുതൽ നിക്ഷേപകരെ ആർകർഷിക്കാനായി. ചെറുകിട–- സൂക്ഷ്‌മ സംരംഭങ്ങൾ തുടങ്ങാൻ മുൻകൂർ അനുമതി  വേണമെന്ന നിബന്ധന ഒഴിവാക്കി.
അഴിമതി ഇല്ലതാക്കിയത്‌ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. രാജ്യത്തിനകത്തും പറുത്തുമുള്ള പല വൻകിട സംരംഭകരും ഇതിനകം കേരളത്തിലെത്തി. പലരും നിക്ഷേപം തുടങ്ങാൻ സന്നദ്ധത അറിയിച്ചു. നാടിന്‌ ചേർന്ന വ്യവസായമേ പറ്റൂ എന്നതിൽമാത്രമാണ്‌ സർക്കാരിന്‌ നിർബന്ധം.
കൂടുതൽ യുവാക്കൾക്ക്‌ നാട്ടിൽ ജോലി ലഭിക്കണം. അതിന്‌ പുതിയ തൊഴിലവസരങ്ങൾ ഒരുക്കി. ഐടി സ്‌റ്റാർട്ടപ്പുകളിൽ കേരളം രാജ്യത്ത്‌ ഒന്നാമതെത്തി. നാടിന്റെ സർവതല സ്‌പർശിയായ വികസനമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാക്കി. നദികളും ജലാശയങ്ങളും വീണ്ടെടുത്തു. പൊതുവിദ്യാലയങ്ങൾ അക്കാദമിക്‌ മികവ്‌ കൈവരിച്ചു. ആർദ്രം മിഷനിലൂടെ ആരോഗ്യരംഗം കുതിച്ചു. കോവിഡിനു മുന്നിൽ സമ്പന്ന രാഷ്‌ട്രങ്ങൾപോലും വിറങ്ങലിച്ചുനിന്നപ്പോൾ കേരളത്തിന്‌ പതാറാതെ നേരിടാനായത്‌ ആരോഗ്യ മേഖലയിൽ കൈവിച്ച നേട്ടത്തിലൂടെയാണ്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകളിൽവരെ ചികിത്സാ സൗകര്യവും അടിസ്ഥാന സൗകര്യവും വികസിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Share this post: