Top Stories
കോവിഡ് മാര്‍ഗ നിര്‍ദേശ പരിശോധന: ജില്ലാ കലക്ടര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി
January 05, 2021

പുതുവര്‍ഷപ്പുലരിയില്‍ കോവിഡ് മാനദണ്ഡങ്ങളോടെ വിദ്യാര്‍ഥികളുടെ  സംശയനിവാരണത്തിനും ഡിജിറ്റല്‍ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായി ജില്ലയില്‍ പുനരാരംഭിച്ച  സ്‌കൂളുകള്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എന്നിവയാണ് ജില്ലാ കലക്ടര്‍  സന്ദര്‍ശിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളില്‍ എങ്ങനെ പഠനം നടക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരീക്ഷയുടെ ഭാഗങ്ങള്‍ എങ്ങനെ നല്‍കുന്നുവെന്നും കലക്ടര്‍ വിലയിരുത്തി. ഓണ്‍ലൈന്‍ പഠന ക്ലാസുകളെക്കുറിച്ചും കലക്ടര്‍ വിദ്യാര്‍ത്ഥികളോട് അന്വേഷിച്ചു.
കുട്ടികളുമായി സംവദിച്ച ജില്ലാ കലക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. തിരിച്ച് വീടുകളില്‍ എത്തിയാല്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും   കലക്ടര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീട്ടിലെ  മുതിര്‍ന്നവരുമായും റിവേഴ്‌സ് ക്വാറന്റൈനിലുള്ള ആളുകളുമായും എങ്ങനെ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു.

കുട്ടികളുടെ ബസ് യാത്ര, ബസ് കണ്‍സെഷന്‍ പാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ക്ലാസിലേക്ക് കയറുമ്പോഴുള്ള ശരീരോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കല്‍, കോവിഡ് ബോധവത്കരണം തുടങ്ങിയവയെക്കുറിച്ചും കലക്ടര്‍ ചോദിച്ചറിഞ്ഞു. ജില്ലയില്‍ പുനരാരംഭിച്ച എല്ലാ സ്‌കൂളുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും അണു നശീകരണം നടക്കുന്നുവെന്നും കലക്ടര്‍ പറഞ്ഞു.
സ്‌കൂളുകളില്‍ രാവിലെ മുതല്‍ ഉച്ചവരെയും ഉച്ചമുതല്‍ വൈകുന്നേരം വരെയുമായി രണ്ട് ഷിഫ്റ്റുകളിലായാണ്  ക്ലാസുകള്‍ നടക്കുന്നത്. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ് ക്ലാസുകള്‍ നടത്തുന്നത്. സന്ദര്‍ശനത്തില്‍ ജൂനിയര്‍ സൂപ്രണ്ട് പി. ഷഫീഖ് മുഹമ്മദ്, ഡി.ഡി.ഇ കെ.എസ് കുസുമം, ഡി ഇ.ഒ വൃന്ദ കുമാരി, എ.ഇ.ഒ ബാല ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: