Main News
സമ്പൂര്‍ണ ഡിജിറ്റലായി ജില്ലയിലെ 1,686 വിദ്യാലയങ്ങള്‍ ; വിന്യസിച്ചത് 53,572 ഐ.ടി ഉപകരണങ്ങള്‍

പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍  പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ. കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍, കെ. കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1,686 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലാണ് പൂര്‍ത്തിയായിട്ടുള്ളത്. ജില്ലയിലെ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള 1,280 വിദ്യാലയങ്ങളും എട്ടാംതരം മുതല്‍ പ്ലസ്ടു വരെ ക്ലാസുകളുള്ള 406 വിദ്യാലയങ്ങളുമുള്‍പ്പെടെ 1,686 വിദ്യാലയങ്ങളാണ് ഹൈടെക്കാക്കി മാറ്റിയത്. 18,392 ലാപ്ടോപ്പ്, 9,958 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍, 15,838 യു.എസ്.ബി. സ്പീക്കര്‍, 5,930 മൗണ്ടിംഗ് അക്സസറീസ്, 1,953 സ്‌ക്രീന്‍, 390 ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍, 391 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 393 എച്ച്.ഡി വെബ് ക്യാമറകള്‍, 43 ഇഞ്ച് വലിപ്പമുള്ള 327 ടെലിവിഷനുകള്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു കഴിഞ്ഞു. 1,377 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 175 ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂനിറ്റുകളിലായി 1,160 അംഗങ്ങളാണുള്ളത്. 28,532 അധ്യാപകരാണ് ഇതിനോടകം ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടിയത്. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 86.62 കോടിയും പ്രാദേശിക തലത്തില്‍ 10.89 കോടിയും ഉള്‍പ്പെടെ 97.51 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടാണ്. എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരും, പി.പി.റ്റി.എം.വൈ.എച്ച്.എസ്.എസ് ചേരൂരുമാണ് തൊട്ടുപിറകില്‍. സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സ്‌കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂള്‍സ് ലിങ്കില്‍ ലഭിക്കും.

Share this post: