കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ ഇനി വിലക്കുറവിലും ലാഭത്തിലും ലഭിക്കുന്നതിനായി ‘കുടുംബശ്രീ ഉത്സവ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണനമേളയ്ക്ക് തുടക്കം. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com ലൂടെയാണ് മികച്ച ഓഫറുകളോടെയുള്ള വിപണനമേള സംഘടിപ്പിക്കുന്നത്. 350 ഓളം സംരംഭകരുടെ 1020 ഓളം ഉത്പന്നങ്ങളാണ് പോര്‍ട്ടലിലൂടെ വാങ്ങാനാവുക. നവംബര്‍ 19 വരെയാണ് മേള. 200 രൂപയ്ക്ക് മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഉത്പന്നങ്ങള്‍ ഡെലിവറി ചാര്‍ജ്ജില്ലാതെ എത്തിച്ച് നല്‍കും. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യം ഒരുക്കുന്നത്. 600 ലേറെ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെയും 1000 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധികം ഡിസ്കൗണ്ടുമുണ്ടായിരിക്കും. 3000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്കും പ്രത്യേക ഡിസ്കൗണ്ടുണ്ട്. ആദ്യം ഉത്പന്നങ്ങള്‍ വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ആദ്യ 200 പേര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൗണ്ടുമുണ്ടായിരിക്കും. ക്യാമ്പയിനിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രന് നിര്‍വഹിച്ചു. കരകൗശല വസ്തുക്കള്‍, അച്ചാര്‍, വിവിധ ഇനം ചിപ്സ്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ കുടുംബശ്രീ ബസാറിലൂടെ ലഭിക്കും. ജില്ലയിലെ 10 ഓളം സംരംഭങ്ങളുടെ 50 ലധികം ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കും.