Main News
എം.എസ്.പി 343 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് ഇന്ന്

എം.എസ്.പി ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 343 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് (ഒക്ടോബര്‍ 16)  രാവിലെ 8.35ന് മലപ്പുറം എം.എസ്.പി  പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കും.

അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആംഡ് പൊലീസ് ബറ്റാലിയന്‍ കെ.പത്മകുമാര്‍, എം.എസ.്പി  കമാന്‍ഡന്റ് അബ്ദുല്‍ കരീം എന്നിവര്‍ നേരിട്ട് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും.  12 പ്ലാറ്റൂണുകളിലായി 343 സേനാംഗങ്ങള്‍ എം.എസ്.പി  പരേഡ് ഗ്രൗണ്ടില്‍ അണിനിരക്കും.

ഈ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എ. ഷമീര്‍ പരേഡ് നയിക്കും. എം.രാഹുല്‍ ആണ് സെക്കന്റ് ഇന്‍ കമാന്‍ഡര്‍. 21 ബിരുദാനന്തര ബിരുധധാരികള്‍, 3 എം.ടെക്ക്, നാല് എം.ബി.എ, മൂന്ന് പിജി ബിഎഡ്, 61 ബി-ടെക്ക്, 149 ബിരുദം, ഒരു ഡിഗ്രി ബിഎഡ് എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സേനാംഗങ്ങള്‍.

പതിവ് പരിശീലനത്തിന് പുറമെ കാലഘട്ടത്തിന്റെ ആവശ്യമായ അത്യാഹിതങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, പ്രകൃതിദുരന്തനിവാരണം എന്നീ അവസരങ്ങളില്‍ ചെയ്യേണ്ട പോലീസ് ഡ്യൂട്ടിയെക്കുറിച്ചുള്ള അവബോധവും സേനാംഗങ്ങള്‍ നേടിയിട്ടുണ്ട്. പരിശീലന കാലയളവില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ എഡിജിപി ആംഡ് പോലീസ്  ബറ്റാലിയന്‍ വിതരണം ചെയ്യും. മലപ്പുറം ജില്ലാ പോലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും എംഎസ്പിയുടെ ഫേസ്ബുക്ക് പേജിലും പരേഡിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും.
എം.എസ്.പിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സേനാംഗങ്ങളുടെ ബന്ധുക്കളും സല്യൂട്ട് സ്വീകരിക്കുന്നവരും വിശിഷ്ടാതിഥികളും പരേഡ് ഗ്രൗണ്ടില്‍ നേരിട്ട് എത്താതെ പാസിങ് ഔട്ട് പരേഡ് നടത്തുന്നത്.

Share this post: