Top Stories
കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്മാവിന് – മന്ത്രി ഡോ. കെ.ടി. ജലീല്‍
January 26, 2021

ലളിതമായ ചടങ്ങുകളുമായി ജില്ലാ ആസ്ഥാനത്ത് 72-ാം റിപ്പബ്ലിക് ദിനാഘോഷം നടന്നു

രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ അധ്വാനവും പട്ടാളക്കാരുടെ ജാഗ്രതയുമാണ് ഇന്ത്യയെന്ന രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് കാര്‍ഷിക മേഖലയെന്നും നമ്മുടെ ശക്തി കേന്ദ്രമായ ആ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ രാജ്യത്ത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും മതത്തിന്റെയോ വിശ്വാസാചാരങ്ങളുടെയോ ഭാഗമായി എന്നതിന്റെ പേരില്‍ ആര്‍ക്കും ആ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. അതിന് ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നില്ല. നമ്മുടെ ഹൃദയമായ ആ ഭരണഘടന നെഞ്ചോട് ചേര്‍ക്കേണ്ട സമയമാണിപ്പോഴുള്ളതെന്നും അതിന് കരുത്തു പകരാന്‍ നാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഡോ. കെ.ടി. ജലീല്‍ രാവിലെ സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എസ്.പി മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബദുല്‍ കരീം എന്നിവര്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി എം.എസ്.പി മൈതാനത്ത് പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ചു.  

എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റ് എസ്. ദേവകി ദാസ് പരേഡ് നയിച്ചു. എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ കുഞ്ഞുമോന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എ.പി.എസ്.ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് (എം.എസ്.പി), എസ്.ഐ നൗഷാദിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ്, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഹേമലത നയിച്ച വനിത പൊലീസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് നയിച്ച എക്‌സൈസ് എന്നീ നാല് പ്ലാറ്റൂണുകള്‍ മാത്രമായിരുന്നു ഇത്തവണ പരേഡില്‍ പങ്കെടുത്തത്. 
പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം. എന്‍.എം. മെഹറലി, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ഡി.ഐ.ജി പ്രകാശ്, ഡി.വൈ.എസ്പിമാരായ എം.പി മോഹനചന്ദ്രന്‍, പി.എം പ്രദീപ്, അസിസ്റ്റന്റ് കമാന്റന്റ് അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റോഡ് സുരക്ഷാ മാസാചരണം: ബോധവത്കരണ റാലി നടത്തി

ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി സംഘടിപ്പിച്ച് വരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മലപ്പുറം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ റാലി സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി മൈതാനിയില്‍ നിന്നാരംഭിച്ച റാലി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം എന്നിവരുടെ സാന്നിധ്യത്തില്‍ ഡി.ഐ.ജി പ്രകാശ് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി സാജു കെ. അബ്രഹാം, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.  

Share this post: