Top Stories
സംതൃപ്തമായ നവകേരള സൃഷ്ടിയില്‍ സര്‍ക്കാറിന് കൈമുതലായത് ജനകീയത: മന്ത്രി എ.കെ. ശശീന്ദ്രന്‍
February 11, 2021

മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് നിലമ്പൂരില്‍ സാന്ത്വന സ്പര്‍ശം അദാലത്ത്

പൊതുജന പരാതികള്‍ അതിവേഗം തീര്‍പ്പാക്കി നിലമ്പൂരില്‍ നടന്ന അദാലത്ത് അക്ഷരാര്‍ഥത്തില്‍ സാന്ത്വന സ്പര്‍ശമായി. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്കായി ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത    വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആധുനികത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുള്ള നവകേരള സൃഷ്ടിയില്‍ സര്‍ക്കാറിന് കരുത്തേകിയത് ജനപിന്തുണയാണെന്ന് മന്ത്രി പറഞ്ഞു. സര്‍വ മേഖലകളിലുമുള്ള വികസനത്തിനൊപ്പം ക്ഷേമ- സാന്ത്വന പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള  പ്രവര്‍ത്തനങ്ങളിലൂടെ സംതൃപ്തമായ      നവകേരള സൃഷ്ടിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിന് മികച്ച പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. എല്ലാ വിഭാഗമാളുകള്‍ക്കും ആശ്വാസവും സന്തോഷവും സുരക്ഷയും ഉറപ്പു വരുത്തുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ  മാറ്റിയെടുക്കാന്‍ സാധിച്ചത് പ്രധാന നേട്ടമാണ്. പലകാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സാധ്യമായ സഹായങ്ങളെത്തിക്കാന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ സാധിച്ചുവെന്നും  മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്ന് ജീവിതാനുഭവങ്ങളിലൂടെ കേരളീയ ജനതക്ക് മുഴുവന്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചടങ്ങില്‍    അധ്യക്ഷനായ  ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി.   ജലീല്‍ അഭിപ്രായപ്പെട്ടു. ഇതുവരെ കാണാത്ത ദുരന്ത കാലം അതിജീവിക്കാന്‍ ജനങ്ങളെ ചേര്‍ത്തു പിടിച്ചതിനൊപ്പം ആശ്വാസത്തിന്റെ പന്തലൊരുക്കാന്‍ സര്‍ക്കാറിനായി. സര്‍വതോന്മുഖമായ അഭിവൃദ്ധിയാണ് എങ്ങുമുള്ളത്. ഒപ്പം ക്ഷേമവും കരുതലും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കി. ഇതിനിടയിലും പരിഹരിക്കാനാകാതെ പോയ പ്രശ്നങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശത്തിലൂടെ തീര്‍പ്പുണ്ടാക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും  കെ.ടി. ജലീല്‍ പറഞ്ഞു. പരിഹാരം സാധ്യമായ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യ അതിഥിയായെത്തിയ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.  മന്ത്രിമാര്‍ക്കൊപ്പം ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഇടപെടല്‍ നിസ്തുലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ താലൂക്കിലുള്‍പ്പെടുന്ന മമ്പാട് കൂളിക്കല്‍ സ്വദേശിനി ചീര വീട്ടില്‍ ഹഫ്സത്ത്, മരുത പുതുക്കൊടിച്ചി കുഞ്ഞില, മരുത ചെട്ടിയാംതൊടിക നഫീസ, പെരിന്തല്‍മണ്ണ താലൂക്കിലുള്‍പ്പെട്ട കുന്നപ്പള്ളി കൊല്ലങ്ങോടന്‍ ഖൗലത്ത്, വള്ളിക്കാപ്പറ്റ തച്ചറക്കുന്നന്‍ സഹീറ എന്നിവര്‍ക്ക് പുതുതായി അനുവദിച്ച അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ മന്ത്രിമാരായ ഡോ. കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം ഡോ. എം.സി. റെജില്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ  ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അദാലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ്  ഒരുക്കിയിരുന്നത്. ടോക്കണുകള്‍ നല്‍കി ഊഴമിട്ടാണ് പരാതികള്‍ നല്‍കാന്‍ അവസരമൊരുക്കിയത്.  ഭിന്നശേഷിക്കാരായവരുടെ പരാതികള്‍ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിലും മറ്റ് പരാതികള്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ.    ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് പരിഗണിച്ച് തീര്‍പ്പ് നിര്‍ദേശിച്ചത്. താലൂക്ക് അടിസ്ഥാനത്തില്‍ റവന്യൂ, സിവില്‍ സപ്ലൈസ്, സാമൂഹിക നീതി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴില്‍, വാട്ടര്‍ അതോറിറ്റി, പട്ടികജാതി-പട്ടിക വര്‍ഗ വികസനം,  മോട്ടോര്‍ വാഹനം, വനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രജിസ്ട്രേഷന്‍, വ്യവസായം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, തദ്ദേശസ്വയംഭരണം, ഫിഷറീസ്, കെ.എസ്.ഇ.ബി, വനിത ശിശുവികസനം, ലീഡ് ബാങ്ക്്, ഐടി, പൊലീസ് തുടങ്ങി 42 വകുപ്പുകളുടെ പരാതി പരിഹാര കൗണ്ടറുകളില്‍ 700ല്‍ പരം ഉദ്യോഗസ്ഥരും പരാതികള്‍ പരിശോധിക്കാനുണ്ടായിരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അഞ്ച് ഇന്‍സ്പെക്ടര്‍മാര്‍, 17 എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെ 107 അംഗ പൊലീസ് സംഘവും അദാലത്ത് വേദിയില്‍ ക്രമസമാധാനം ഉറപ്പാക്കാനും പരാതിക്കാര്‍ക്ക് സഹായമെത്തിക്കാനുമുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഈ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ, വീഡിയോ പ്രദര്‍ശനവും അദാലത്തില്‍ നടത്തി. സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കി തയ്യാറാക്കിയ 100ല്‍ പരം ഫോട്ടോകളും 20ലധികം വീഡിയോകളുമാണ് അദാലത്തില്‍ പ്രദര്‍ശിപ്പിച്ചത്.

Share this post:
MORE FROM THIS SECTION