Top Stories
താനൂർ ദയ ആശുപത്രി കോവിഡ് ആശുപത്രിയാക്കി
May 06, 2021

താനൂർ: കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ദയ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയർത്തി കലക്ടർ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവിറങ്ങിയത്.

വി അബ്ദുറഹ്മാൻ എംഎൽഎയുടെ ശ്രമഫലമായാണ് കോവിഡ് ആശുപത്രിയാക്കി ഉയർത്തിയത്. ഇരുന്നൂറിലധികം കിടക്കകളുണ്ടിവിടെ. ഇതിൽ 70 എണ്ണം കേന്ദ്രീകൃത ഓക്സിജൻ സൗകര്യം ഉള്ളവയാണ്. വെന്റിലേറ്റർ സൗകര്യങ്ങളും ഐസിയു സൗകര്യവും ഉണ്ട്. ഇതിനോടനുബന്ധിച്ച് ക്യാന്റീനും പ്രവർത്തിക്കും.

ജില്ലയിലെ തന്നെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്നും എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുമെന്നും വി അബ്ദുറഹ്മാൻ എംഎൽഎ പറഞ്ഞു. ആശുപത്രി ഉടമ പിഎസ്എം കുഞ്ഞീതു ഹാജിയാണ് കോവിഡ് ആശുപത്രിക്കായി ഇത് വിട്ടുനൽകിയത്. ആശുപത്രിയുടെ നടത്തിപ്പ് മേൽനോട്ടം താനൂർ ബ്ലോക്ക് പഞ്ചായത്തിനാണ്.

ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഏകോപന യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് ആശുപത്രി സന്ദർശനവേളയിൽ എംഎൽഎ പറഞ്ഞു. എംഎൽഎയോടൊപ്പം പിഎസ്എം കുഞ്ഞിതു ഹാജി, മുൻ നഗരസഭാ കൗൺസിലർ പിടി ഇല്യാസ്, സന്നദ്ധ പ്രവർത്തകരായ ഷഫീക് പിലാത്തോട്ടത്തിൽ, പള്ളത്ത് പ്രസാദ്, കരീം എന്നിവരുമുണ്ടായിരുന്നു.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി അണുവിമുക്തമാക്കി. ബ്ലോക്ക് സെക്രട്ടറി കെവിഎ ഖാദർ, പ്രസിഡന്റ് മനു വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.

Share this post: