Top Stories
ഭിന്നശേഷിക്കാര്‍ക്ക് എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകള്‍ ഒരുക്കും
April 03, 2021

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനായി എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകളും വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കും. വീല്‍ചെയറുകള്‍  മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ മുഖേന സജ്ജമാക്കും. ഇതിനാവശ്യമായ സഹായങ്ങള്‍  ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍, മലപ്പുറം പരിവാര്‍ എന്നീ സന്നദ്ധ സംഘടനകള്‍ നല്‍കും. കൂടാതെ വളണ്ടിയര്‍മാരുടെ സേവനം മലപ്പുറം ട്രോമാകെയറും ലഭ്യമാക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ഏകോപിപ്പിക്കും.

ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സന്നദ്ധ സംഘടകളുടെ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍  സി.ബിജു അധ്യക്ഷനായി. ഇലക്ഷന്‍ വിഭാഗം ഹെഡ്ക്ലാര്‍ക്ക് സജീഷ്, മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ ജില്ലാ സെക്രട്ടറി  വി.പി. സാലിഹ്, ട്രോമാകെയര്‍ സെക്രട്ടറി കെ.പ്രതീഷ്, മലപ്പുറം പരിവാര്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ ചാളക്കണ്ടി, ഓള്‍ കേരള വീല്‍ചെയര്‍ അസോസിയേഷന്‍ പ്രതിനിധികളായ എ.നിഷാദ്, കെ.അലി, മുനീര്‍ പൊന്‍മള, നോഡല്‍ ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, അസി. നോഡല്‍ ഓഫീസര്‍ എ.എസ് പ്രമീള എന്നിവര്‍ പങ്കെടുത്തു.
Share this post: