Top Stories
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ മികച്ച വളര്‍ച്ച നേടി; സാമ്പത്തിക സര്‍വ്വെ
February 29, 2016

ഫെബ്രുവരി 26, 2016
ന്യൂഡല്‍ഹി : ആഗോള സമ്പദ്‌ഘടന മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും രാജ്യം മികച്ച വളര്‍ച്ച കൈവരിക്കുമെന്ന്‌ സൂചനകള്‍ നല്‍കുന്ന 2015-16 ലെ സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വച്ചു. പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട്‌ കൊണ്ടു പോകാന്‍ ഗവണ്‍മെന്റ്‌ പ്രതിഞ്‌ജാബദ്ധമാണെന്ന്‌ സര്‍വ്വെ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2016-17 ല്‍7 മുതല്‍ 7.75 ശതമാനം വരെയാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സര്‍വ്വെ പറഞ്ഞു. 2014-15 ല്‍ 7.2 ശതമാനവും, 2015-16 ല്‍ 7.6 ശതമാനവും വളര്‍ച്ച കൈവരിച്ച ഇന്ത്യ 7 ശതമാനത്തിലധികം വളര്‍ച്ച നിരക്ക്‌ നേടിക്കൊണ്ട്‌ ലോകത്തെ പ്രധാന സമ്പദ്‌ഘടനകളില്‍ അതിവേഗം വളരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആഗോള സമ്പദ്‌ഘടനയില്‍ ഇന്ത്യയുടെ സംഭാവന ഇന്ന്‌ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്‌.

ഏറ്റവും അത്യാവശ്യമായ പൊതു അടിസ്ഥാന സൗകര്യമേഖലയില്‍ ഗവണ്‍മെന്റ്‌ പങ്കാളിത്തം വര്‍ദ്ധിച്ചതും വളര്‍ച്ച നിരക്ക്‌ കൂടാന്‍ കാരണമായി. സാമ്പത്തിക സമാഹരണവും കുറഞ്ഞ പണപ്പെരുപ്പ നിരക്കും കൈവരിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ്‌ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയതെന്ന്‌ സര്‍വ്വെ പറയുന്നു. ഈ നേട്ടങ്ങളെ സവിശേഷമെന്ന്‌ വിവരിച്ചുകൊണ്ട്‌ ബുദ്ധിമുട്ടേറിയ ഇന്നത്തെ ആഗോള സാഹചര്യങ്ങളില്‍ അവയെ അതിജീവിച്ച്‌ വളര്‍ച്ച നിലനിര്‍ത്തുകയെന്നതാണ്‌ രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന്‌ സര്‍വ്വെ പറയുന്നു.

രാജ്യത്ത്‌ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളാണ്‌ സമ്പദ്‌ഘടനയക്ക്‌ കരുത്തേകിയത്‌. വിദേശ നിക്ഷേപം ഉദാരവത്‌ക്കരിക്കാനുള്ള തീരുമാനവും അതിനുള്ള ചട്ടങ്ങളും ഉദാരമാക്കിയതുംഅടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന നടപടികളും വളര്‍ച്ചയ്‌ക്ക്‌ ഏറെ സഹായകരമായി. എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ പദ്ധതി, പാചക വാതക സബ്‌സിഡി നേരിട്ട്‌ നല്‍കല്‍ തുടങ്ങിയവ പ്രധാന പരിഷ്‌ക്കാരങ്ങളായി സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം തന്നെ ചരക്ക്‌ സേവന നികുതി ബില്‍ ഇതേവരെ യാഥാര്‍ത്ഥ്യമാകാതെ പോയതും ഓഹരി വിറ്റഴിക്കല്‍ പരിപാടി അതിന്റെ ലക്ഷ്യം പൂര്‍ണ്ണ തോതില്‍ കൈവരിക്കാത്തതും സബ്‌സിഡി പുനക്രമീകരണ പ്രക്രിയ പൂര്‍ത്തിയാകാത്തതും വെല്ലുവിളികളാണെന്ന്‌ സര്‍വ്വെ വ്യക്തമാക്കുന്നു. 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുന്ന സര്‍വ്വെ കാര്‍ഷിക മേഖലയെ അവഗണിക്കരുതെന്നും വരള്‍ച്ചയെ തുടര്‍ന്ന്‌ കാര്‍ഷികോത്‌പാദനത്തില്‍ ഉണ്ടായ കുറവാണ്‌ വളര്‍ച്ചയുടെ വേഗം കുറച്ചതെന്നുംപറയുന്നു.

ഏഴാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതുവഴി വിലവര്‍ദ്ധന ഉണ്ടാവില്ലെന്നും പണപ്പെരുപ്പത്തില്‍ അത്‌ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും സാമ്പത്തിക സര്‍വ്വെ
ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത്‌ നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഏകദേശം 18 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി ഇന്ത്യയില്‍ നിന്നുള്ള സേവന കയറ്റുമതി ഉത്‌പന്ന കയറ്റുമതിയെ കാര്യമായി ബാധിച്ചിരുന്നു. 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കുകയെന്ന ലക്ഷ്യം നേടാന്‍ കയറ്റുമതി രംഗത്ത്‌ ത്വരിത ഗതിയിലുള്ള പുരോഗതി ഉണ്ടാകണമെന്നും സര്‍വ്വെ പറയുന്നു.

വ്യാപാരനയം സംബന്ധിച്ച്‌ അഞ്ച്‌ വിഷയങ്ങളില്‍ പുനര്‍ചിന്തനം അത്യാവശ്യമാണ്‌. ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ വെളിച്ചത്തില്‍ കര്‍ഷകര്‍ക്ക്‌ സഹായം എത്തിക്കുക, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളില്‍ ക്രമം വിട്ട വ്യാപാര നയങ്ങള്‍ വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക്‌ പരിഹാരം കാണല്‍, ആഗോള സാഹചര്യങ്ങള്‍ മൂലം വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധി, ലോക വ്യാപര രംഗത്ത്‌ കൂടുതല്‍ വിശാലമായി ഇടപെടല്‍ എന്നിവയാണ്‌ ഈ വിഷയങ്ങളെന്ന്‌ സര്‍വ്വെ പറയുന്നു.

Share this post: