Top Stories
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 ജൂണ്‍ 26-ാം തീയതി രാവിലെ 11 മണിയ്‌ക്ക്‌ ഭാരത ജനതയോട്‌ ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
June 27, 2016

modi-pmമനസ്സു പറയുന്നത്‌

ന്യൂഡല്‍ഹി : എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നിങ്ങള്‍ക്ക്‌ നമസ്‌ക്കാരം. പോയ വര്‍ഷം അതിരൂക്ഷമായ വേനല്‍, ജലത്തിന്റെ ദൗര്‍ല്ലഭ്യം, വരള്‍ച്ച എന്നിങ്ങനെ എത്രയെത്ര പരീക്ഷണങ്ങളിലൂടെയാണ്‌ നമുക്ക്‌ കടന്നുപോകേണ്ടി വന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ ആഴ്‌ചകളിലായി വിവിധ സ്ഥലങ്ങളില്‍ നിന്നും മഴയുടെ വിവരം ലഭിക്കുന്നുണ്ട്‌. മഴയുടെ വാര്‍ത്തകള്‍ക്കൊപ്പം തന്നെ പുത്തന്‍ ഉണര്‍വ്വും ഉണ്ടാകുന്നു. ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നതുപോലെ ഇത്തവണ നല്ല മഴ ലഭിക്കും, എല്ലായിടത്തും ലഭിക്കും. വര്‍ഷകാലം അതിന്റെ പൂര്‍ണ്ണ അളവില്‍ കിട്ടുന്നത്‌ നിങ്ങള്‍ക്കും അുഭവപ്പെടുന്നുണ്ടായിരിക്കുമല്ലോ. ഇത്‌ ഉളളില്‍ ഉത്‌്‌സാഹം നിറയ്‌ക്കാന്‍ പോന്ന വാര്‍ത്തയാണ്‌. ഞാന്‍ എന്റെ എല്ലാ കര്‍ഷക സഹോദരന്‍മാര്‍ക്കും നല്ല മഴക്കാലത്തിനായി ആശംസകള്‍ നേരുന്നു.
നമ്മുടെ രാജ്യത്ത്‌ കൃഷിക്കാര്‍ കഠിനാദ്ധ്വാനം ചെയ്യുന്നതു പോലെ തന്നെ ശാസ്‌ത്രജ്ഞന്‍മാരും രാഷ്‌ട്രത്തെ ഉന്നതിയിലെത്തിക്കാന്‍ പ്രയത്‌നിച്ചു വിജയിക്കുന്നുണ്ട്‌. എനിക്ക്‌ മുന്‍പേ തന്നെ ഈ അഭിപ്രായമാണ്‌ ഉളളത്‌്‌. നമ്മുടെ പുത്തന്‍ തലമുറ വൈജ്ഞാനികരാകാനുളള സ്വപ്‌നം കാണണം. ശാസ്‌ത്ര മേഖലയില്‍ താത്‌പര്യമുളളവരാകണം, ഇനി വരാന്‍ പോകുന്ന തലമുറയ്‌ക്ക്‌ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനുളള ആഗ്രഹത്തോടെ യുവാക്കള്‍ മുന്നോട്ട്‌ പോവുകയും വേണം. ഞാനിന്ന്‌ മറ്റൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്‌ക്കുവാന്‍ ആഗ്രഹിക്കുകയാണ്‌. ഞാന്‍ ഇന്നലെ പൂനെയില്‍ പോയിരുന്നു. സ്‌മാര്‍ട്ട്‌ സിറ്റി പ്രോജക്‌ടിന്റെ ഉദ്‌ഘാടനം പ്രമാണിച്ച്‌. പൂനെയിലെ കോളേജ്‌ ഓഫ്‌ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ സ്വയം ഉപഗ്രഹം നിര്‍മ്മിച്ച്‌ ജൂണ്‍ 22-ാം തീയതി വിക്ഷേപണം ചെയ്‌തിരുന്നു. അവരെ നേരില്‍ കാണാനായി ഞാന്‍ വിളിപ്പിച്ചിരുന്നു. ഈ യുവസുഹൃത്തുക്കളെ ഒന്നു നേരില്‍ കാണണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിരുന്നു. അവരെയൊന്ന്‌ കാണട്ടെ, അവരുടെ ഉളളിലെ ഊര്‍ജ്ജം, ഉത്സാഹം ഇവയെല്ലാം ഞാനും കൂടി അനുഭവിക്കട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരുപാട്‌ വിദ്യാര്‍ത്ഥികള്‍ ഇത്തരം പ്രവൃത്തികളില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്‌. ഈ അക്കാഡമിക്ക്‌ സാറ്റ്‌ലൈറ്റ്‌ ഒരു തരത്തില്‍ യുവ ഭാരതത്തിന്റെ ആത്‌മ വിശ്വാസത്തിന്റെ സജീവ ഉദാഹരണമാണ്‌. ഇത്‌ നമ്മുടെ വിദ്യാര്‍ത്ഥികളാണ്‌ ഉണ്ടാക്കിയതും. ഈ ചെറിയ ഉപഗ്രഹത്തിന്റെ പിന്നിലെ സ്വപ്‌നം വളരെ വലുതാണ്‌. അത്‌ വളരെ ഉയരത്തിലാണ്‌ പറക്കുന്നത്‌, അതിന്റെ പിന്നിലെ അദ്ധ്വാനം വളരെ ആഴത്തിലുളളതാണ്‌. പൂനെയിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയതുപോലെ ചെന്നൈയിലെ സത്യഭാമ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും സത്യഭാമ സാറ്റ്‌ എന്ന പേരില്‍ ഒരു ഉപഗ്രഹം നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്‌തു. കുട്ടിക്കാലം മുതല്‍ക്കേ നമ്മള്‍ കേട്ട്‌ വരുന്നതാണ്‌ ഓരോ കുട്ടിയുടെയും മനസ്സില്‍ ആകാശത്തെ തൊടാനും, നക്ഷത്രങ്ങളെ കൈയെത്തിപിടിക്കാനുമുളള ആഗ്രഹം ഉണ്ടാകുമെന്ന.്‌ ഇതേ തോതില്‍ നോക്കുമ്പോള്‍ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപണം ചെയ്‌ത വിദ്യാര്‍ത്ഥികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ രണ്ട്‌ ഉപഗ്രഹങ്ങളും എന്റെ കാഴ്‌ചപ്പാടില്‍ മഹനീയമാണ്‌, ഏറെ വിശേഷപ്പെട്ടതുമാണ്‌. ഈ വിദ്യാര്‍ത്ഥികളെല്ലാവരും തന്നെ അഭിനന്ദനത്തിന്‌ അര്‍ഹരാണ്‌. ഞാന്‍ എന്റെ രാജ്യത്തുളള എല്ലാ ജനങ്ങളെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ഐ.എസ്‌.ആര്‍.ഒ ജൂണ്‍ 22-ാം തീയതി അന്തരീക്ഷത്തിലേക്ക്‌ ഒരുമിച്ച്‌ 20 ഉപഗ്രങ്ങള്‍ വിക്ഷേപണം ചെയ്‌ത്‌ പഴയ റിക്കാര്‍ഡുകളെല്ലാം തകര്‍ത്ത്‌ പുതിയത്‌ ഉണ്ടാക്കിയിരിക്കുകയാണ്‌. ഭാരതത്തില്‍ നിന്നും വിക്ഷേപിച്ച 20 ഉപഗ്രഹങ്ങളില്‍ 17 എണ്ണവും മറ്റ്‌ രാജ്യങ്ങളുടേതാണെന്നത്‌ നമുക്ക്‌ സന്തോഷം പകരുന്ന മറ്റൊരു കാര്യമാണ്‌. അമേരിക്ക ഉള്‍പ്പെടെയുളള പല രാഷ്‌ട്രങ്ങളുടെയും ഉപഗ്രഹ വിക്ഷേപണം ഭാരതത്തിന്റെ മണ്ണില്‍ നിന്നും ഭാരതത്തിലെ ശാസ്‌ത്രജ്ഞന്‍മാര്‍ നടത്തി. അതില്‍ അന്തരീക്ഷത്തില്‍ എത്തിച്ചേര്‍ന്ന്‌ രണ്ട്‌ ഉപഗ്രങ്ങള്‍ നമുടെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചതാണ്‌. ഇത്‌ കൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. ഐ.എസ്‌.ആര്‍.ഒ ചുരുങ്ങിയ ചെലവുകൊണ്ടും, സുനിശ്ചിതമായ വിജയംകൊണ്ടും ലോകത്തില്‍ വലിയ ഒരു സ്ഥാനം നേടിയെടുത്തിരിക്കുന്നു. അതിനാല്‍ ലോകത്തെ ധാരാളം രാഷ്‌ട്രങ്ങള്‍ വിക്ഷേപണത്തിനായി ഭാരത്തിലേക്ക്‌ കണ്ണും നട്ട്‌ ഇരിക്കുകയാണ്‌.
എന്റെ പ്രീയപ്പെട്ട ദേശവാസികളെ, `പെണ്‍കുട്ടിയെ രക്ഷിക്കു, പെണ്‍കുട്ടിയെ പഠിപ്പിക്കൂ” ഈ മുദ്രാവാക്യം ഇന്നും ഭാരത ജനതയുടെ സ്വന്തമായി മാറിയിരിക്കുകയാണ്‌. ചില സംഭവങ്ങള്‍ അതില്‍ പ്രാണനും പുതുജീവനും നിറയ്‌ക്കുന്നു. ഇത്തവണത്തെ പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നമ്മുടെ പെണ്‍കുട്ടികളാണ്‌ വിജയക്കൊടി പാറിച്ചത.്‌ ഇതില്‍ അഭിമാനം തോന്നുകയാണ്‌. എന്റെ ദേശവാസികളെ, നമുക്ക്‌ അഭിമാനിക്കത്തക്കതായ മറ്റൊരു കാര്യം ഭാരതീയ വായു സേനയില്‍ വനിതാ പോര്‍ വിമാന പൈലറ്റുകളുടെ ആദ്യ ബാച്ച്‌ പുറത്തിറങ്ങിയതാണ്‌. ഇത്‌ കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊളളുന്നു അല്ലേ? നമ്മുടെ മൂന്ന്‌ ഫ്‌ളയിംഗ്‌ ഓഫീസര്‍മാര്‍ അവനി ചതുര്‍വേദി, ഭാവന കാന്ത്‌, മോഹന എന്നിവര്‍ എത്രമാത്രം അഭിമാനത്തിന്‌ വക നല്‍കി. ഇതില്‍ നമുക്ക്‌ ആഹ്ലാദിക്കാവുന്നതാണ്‌. ഈ മൂന്ന്‌ പെണ്‍കുട്ടികളും സവിശേഷതയുളളവരാണ്‌ : – ഫ്‌ളയിംഗ്‌ ഓഫീസര്‍ അവനി മധ്യപ്രദേശിലെ റീവയില്‍ നിന്നും, ഫ്‌ളയിംഗ്‌ ഓഫീസര്‍ ഭാവന ബിഹാറിലെ ബേഗുസരായ്‌ -യില്‍ നിന്നും, ഫ്‌ളയിംഗ്‌ ഓഫീസര്‍ മോഹന ഗുജറാത്തിലെ വഡോദരയില്‍ നിന്നും വന്നവരാണ്‌. ഈ മൂന്ന്‌ പേരും ഭാരതത്തിലെ മെട്രോ സിറ്റികളില്‍ നിന്നും വന്നിട്ടുളളവരല്ല എന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിരുക്കുമല്ലോ, അവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ നിന്നുളളവരും അല്ല. ചെറിയ പട്ടണങ്ങളില്‍ നിന്നുളളവരായിട്ട്‌ കൂടി ഇവര്‍ ആകാശത്തോളം ഉയരത്തില്‍ സ്വപ്‌നങ്ങള്‍ കണ്ടു: അവയെ സാക്ഷാത്‌കരിക്കുകയും ചെയ്‌തു. ഞാന്‍, അവനി, മോഹന, ഭാവന – ഈ മൂന്ന്‌ പെണ്‍മക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
എന്റെ പ്രീയപ്പെട്ട ദേശവാസികളേ, കുറച്ച്‌ ദിവസം മുമ്പ്‌ ജൂണ്‍ 21 ന്‌ ലോകം മുഴുവനും അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കുകയുണ്ടായല്ലോ. ലോകം മുഴുവനും `യോഗ’യാല്‍ ഒന്നിക്കുമ്പോള്‍ ഒരു ഭാരതീയനെന്ന നിലയില്‍ നാം അറിയുന്നു. ഈ ലോകം ഇന്നലെയും, ഇന്നും, നാളെയുമായി ഒത്ത്‌ ചേരുകയാണെന്ന്‌. ലോകവുമായി നമുക്ക്‌ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഉണ്ടാവുകയാണ്‌. ഭാരത്തിലും ഒരു ലക്ഷത്തിലധികം സ്ഥലങ്ങളില്‍ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പല തരത്തില്‍ പല രൂപത്തില്‍ വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കുകയുണ്ടായി. എനിക്ക്‌ ഛണ്‌ഡിഗഢില്‍ ആയിരക്കണക്കിന്‌ യോഗാ പ്രേമികള്‍ക്കൊപ്പം യോഗ ചെയ്യാന്‍ അവസരം ലഭിക്കുകയുണ്ടായി. ആബാലവൃദ്ധം ജനങ്ങളുടെയും ഉത്സാഹം ഒന്ന്‌ കാണേണ്ടത്‌ തന്നെയായിരുന്നു. അന്താരാഷ്‌ട്ര യോഗാ ദിനത്തോട്‌ അനുബന്ധിച്ച്‌ കഴിഞ്ഞയാഴ്‌ച ഭാരത സര്‍ക്കാര്‍ `സൂര്യ നമസ്‌ക്കാര’ത്തിന്റെ ചിത്രമുളള സ്റ്റാമ്പ്‌ പുറത്തിറക്കിയത്‌ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ഇത്തവണ ` യോഗാ ദിന’ത്തോടൊപ്പം തന്നെ രണ്ട്‌ കാര്യങ്ങള്‍ കൂടി ജനശ്രദ്ധ ആകര്‍ഷിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന യു.എന്‍.ഒ. (യുണൈറ്റഡ്‌ നാഷന്‍സ്‌ ഓര്‍ഗനൈഷേന്‍) യുടെ കെട്ടിടത്തിന്‌ മുകളില്‍ വിഭിന്ന യോഗാസനങ്ങളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതുവഴി പോയ ജനങ്ങള്‍ അവയുടെ ഫോട്ടോ എടുക്കുകയും ലോകം മുഴുവന്‍ അത്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. പറയൂ ഈ കാര്യങ്ങള്‍ ഏതൊരു ഭാരതീയനും അഭിമാനം നല്‍കുന്നവയല്ലേ ? ഇനി മറ്റൊരു കാര്യം, ടെക്‌നോളജി അതിന്റെ ജോലി ചെയ്‌തു കൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയ തന്റേതായ സ്ഥാനം ഉറപ്പിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഇത്തവണ `ട്വിറ്റര്‍’ യോഗ മുദ്രകളുമായി ചെറിയൊരു ആഘോഷം തന്നെ നടത്തി. ഹാഷ്‌ ടാഗ്‌ `യോഗ ഡേ’ ടൈപ്പ്‌ ചെയ്‌താല്‍ യോഗാസന മുദ്രകളുടെ ചിത്രം നമ്മുടെ മൊബൈല്‍ ഫോണില്‍ വരുന്നതാണ്‌. ഇത്‌ ലോകം മുഴുവനും പ്രചരിപ്പിക്കപ്പെട്ടു. യോഗ്‌ എന്ന്‌ പറഞ്ഞാല്‍ ഒന്നിപ്പിക്കുക എന്നാണ്‌. യോഗയില്‍ ലോകത്തെ ആകമാനം ഒന്നിപ്പിക്കാനുളള ശക്തിയുണ്ട്‌. ഇത്രമാത്രം മതി – നമ്മള്‍ യോഗയുമായി ഒന്നിക്കുക.
യോഗാ ദിനത്തിന്‌ ശേഷം മധ്യപ്രദേശിലെ സത്‌നയില്‍ നിന്ന്‌ സ്വാതി ശ്രീവാസ്‌തവ്‌ എന്നെ ഫോണില്‍ വിളിക്കുകയും ഒരു സന്ദേശം നല്‍കുകയും ചെയ്‌തു. അത്‌ നിങ്ങളെക്കാള്‍ ഏറെ എനിക്ക്‌ പ്രധാനപ്പെട്ടതാണെങ്കിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുളളതാണ്‌:-
ഞാന്‍ ആഗ്രഹിക്കുന്നു,“എന്റെ ഈ രാജ്യം ആരോഗ്യമുളളതാകട്ടെ, ഇവിടത്തെ ഒരു ദരിദ്രന്‍ പോലും രോഗമില്ലാത്തവനാകട്ടെ, അതിനുവേണ്ടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന ഓരോ സീരിയലിനും ഇടയ്‌ക്ക്‌ യോഗയെക്കുറിച്ചുളള പരസ്യം കൊടുക്കണം. യോഗ എങ്ങനെയാണ്‌ ചെയ്യുന്നത്‌, അതില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്‌ എന്നറിയാന്‍ കഴിയണം.”
സ്വാതിജി താങ്കളുടെ നിര്‍ദ്ദേശം നല്ലതാണ്‌, എന്നാല്‍ താങ്കള്‍ ഒരല്‍പ്പം ശ്രദ്ധിക്കുകയാണെങ്കില്‍ താങ്കള്‍ക്ക്‌ മനസ്സിലാകും. ഇന്ന്‌ ദൂരദര്‍ശന്‍ മാത്രമല്ല ഭാരതത്തിന്‌ അകത്തും പുറത്തുമുളള ടിവി മാധ്യമങ്ങള്‍ പ്രതിദിനം യോഗ പ്രചരിപ്പിക്കുന്നതിനായി എന്തെങ്കിലുമൊക്കെ വിധത്തില്‍ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഓരോന്നിനും വെവ്വേറെ സമയമാണെന്ന്‌ മാത്രം. പക്ഷേ താങ്കള്‍ക്ക്‌ ശ്രദ്ധിച്ച്‌ നോക്കിയാല്‍ മനസ്സിലാകും യോഗയുടെ കാര്യത്തില്‍ അറിവ്‌ നേടാന്‍ ഇവയെല്ലാം പര്യാപ്‌തമാണ്‌. ലോകത്തിലെ ചില രാഷ്‌ട്രങ്ങളിലെ ചാനലുകളില്‍ യോഗയ്‌ക്കായി 24 മണിക്കൂര്‍ സമയം നീക്കി വയ്‌ക്കപ്പെട്ടത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. താങ്കള്‍ക്കും ഇത്‌ അറിവുളളതായിരിക്കും, ജൂണ്‍ മാസത്തില്‍ `അന്താരാഷ്‌ട്ര യോഗാ ദിന’ത്തോടനുബന്ധിച്ച്‌ ഓരോ ദിവസവും ട്വിറ്ററിലും ഫെയ്‌സ്‌ ബുക്കിലും കൂടി ഓരോ യോഗാസനത്തിന്റെ വിഡിയോ ഞാന്‍ ഷെയര്‍ ചെയ്യുമായിരുന്നു. താങ്കള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റില്‍ കയറി നോക്കുകയാണെങ്കില്‍ ശരീരത്തിലെ ഓരോ അവയവയത്തിനും വേണ്ടി ചെയ്യാവുന്ന യോഗയെപ്പറ്റി 40-45 മിനിറ്റ്‌ ദൈര്‍ഘ്യമുളള വീഡിയോ കാണാം. ഏത്‌ പ്രായക്കാര്‍ക്കും ചെയ്യാവുന്ന സരളമായ യോഗാസനങ്ങളാണ്‌ അതില്‍ പറയുന്നത്‌. ഞാന്‍ നിങ്ങളിലുളള എല്ലാ യോഗാ-ജിജ്ഞാസുക്കളോടും പറയുന്നു എല്ലാവരും ഇതുമായി സഹകരിക്കണമെന്ന്‌.
ഞാന്‍ ഇത്തവണ ആഹ്വാനം ചെയ്‌തിട്ടുളളതെന്തെന്നാല്‍ യോഗ രോഗങ്ങളില്‍ നിന്നും മോചനം നേടാനുളള മാര്‍ഗ്ഗമാണെങ്കില്‍, യോഗയെക്കുറിച്ച്‌ എത്ര ചിന്താസരണികള്‍ ഉണ്ടെങ്കിലും, അവയ്‌ക്കൊക്കെ അവരുടെതായ രീതികളുണ്ടെങ്കിലും, അവരുടെതായ മുന്‍ഗണനാ ക്രമങ്ങളുണ്ടെങ്കിലും ഓരോന്നിനും അതിന്റെതായ അനുഭവങ്ങളുണ്ടെങ്കിലും എല്ലാത്തിന്റേയും അന്തിമലക്ഷ്യം ഒന്നാണെന്നിരിക്കെ, എത്ര വിധത്തില്‍ യോഗ വിദ്യ ചെയ്‌താലും, എത്ര തരം യോഗാ പരിശീലന സ്ഥാപനങ്ങളുണ്ടെങ്കിലും, എത്ര തരം യോഗാചാര്യന്‍മാര്‍ ഉണ്ടെങ്കിലും, അവരോടെല്ലാം ഞാന്‍ പറയുന്നു എന്തുകൊണ്ട്‌ നമുക്ക്‌ ഒരുമിച്ച്‌്‌ പ്രമേഹത്തിന്‌ (ഡയബറ്റിസ്‌) എതിരായി യോഗയിലൂടെ വിജയകരമായ ഒരു മുന്നേറ്റം നടത്തിക്കൂടാ? യോഗയിലൂടെ പ്രമേഹത്തെ എന്തുകൊണ്ട്‌ നിയന്ത്രണ വിധേയമാക്കി കൂടാ? കുറേ പേര്‍ അതില്‍ വിജയിച്ചിട്ടുണ്ട്‌. ഓരോത്തരും അവരുവരുടേതായ രീതിയില്‍ വഴി കണ്ടെത്തിയിട്ടുണ്ട്‌. അല്ലെങ്കിലും പ്രമേഹത്തിന്‌ ഫലപ്രദമായ ചികിത്സകള്‍ ഒന്നും തന്നെ ഇല്ലല്ലോ. മരുന്നുകള്‍ കഴിച്ചുകൊണ്ട്‌ ജീവിതം തള്ളിനീക്കേണ്ടി വരുന്നു. പ്രമേഹം മറ്റു രോഗങ്ങളുടെ യജമാനനായ രാജരോഗമാണ്‌. അത്‌ പലതരത്തിലുള്ള രോഗങ്ങള്‍ക്ക്‌ കടന്നുവരാനുള്ള ഒരു പ്രവേശനകവാടമായി മാറുന്നു. അതുകൊണ്ടാണ്‌ ഓരോരുത്തരും പ്രമേഹത്തില്‍നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത്‌. ഒരുപാട്‌ ആളുകള്‍ ആ വഴിക്ക്‌ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. കുറച്ചു പ്രമേഹരോഗികള്‍ യോഗാഭ്യാസത്തിലൂടെ അതിനെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ നമുക്ക്‌ നമ്മുടെ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവെച്ചുകൂടാ. ഒരു നിമിഷം അതിനായി ചെലവഴിക്കൂ. വര്‍ഷത്തില്‍ ഒരു അവസരം അതിനായി ഉണ്ടാക്കൂ. ഞാന്‍ നിങ്ങളില്‍നിന്ന്‌ ആഗ്രഹിക്കുന്നത്‌ എന്തെന്നാല്‍ ‘ഒമവെമേഴ ഥീഴമ എശഴവെേ’ `ഡയബെറ്റിക്‌സ്‌’ എന്ന വാചകം ഉപയോഗിച്ച്‌ നിങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയോ ചമൃലിറൃമാീറശ അുു ലേയ്‌ക്ക്‌ അയയ്‌ക്കുകയോ ചെയ്യണമെന്ന്‌ വീണ്ടും പറയുന്നു. നോക്കാം, ആര്‍ക്കൊക്കെ എന്തൊക്കെ അനുഭവങ്ങളാണെന്ന്‌. ഒന്നു ശ്രദ്ധിച്ചുനോക്കാം, ‘ഒമവെമേഴ ഥീഴമ എശഴവെേ ഉശമയലലേ’െ നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുവാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചിലപ്പോഴൊക്കെ എന്റെ `മന്‍ കി ബാതി’നെ ചില ആളുകള്‍ പരിഹസിക്കാറുണ്ട്‌. വളരെയധികം വിമര്‍ശിക്കാറുമുണ്ട്‌. നമ്മള്‍ ജനാധിപത്യവിശ്വാസികളായതുകൊണ്ടാണ്‌ അതു സാധ്യമാകുന്നത്‌. എന്നാല്‍, ഇന്ന്‌ ജൂണ്‍ 26-ന്‌ ഞാന്‍ നിങ്ങളോട്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ച്‌ എനിയ്‌ക്ക്‌ പുതുതലമുറയോട്‌ പറയാനുള്ളത്‌ നമ്മള്‍ ഇന്ന്‌ അഭിമാനിക്കുന്ന ജനാധിപത്യത്തിന്‌, നമുക്ക്‌ വലുതായ കരുത്തു സമ്മാനിച്ച ജനാധിപത്യത്തിന്‌, ഓരോ പൗരനും ശക്തിപകരുന്ന ജനാധിപത്യത്തിന്‌, 1975 ജൂണ്‍ 26 വിസ്‌മരിക്കാനാവാത്ത ഒരു ദിവസമാണ്‌. ജൂണ്‍ 25 രാത്രിയും ജൂണ്‍ 26 പുലര്‍ച്ചയും ഇന്ത്യയുടെ ജനാധിപത്യത്തിന്‌ ഒരു കാളരാത്രിയായിരുന്നു. അന്നായിരുന്നു ഭാരതത്തില്‍ അടയന്തിരാവസ്ഥ നിലവില്‍ വന്നത്‌. പൗരന്മാരുടെ എല്ലാ അവകാശങ്ങളും ധ്വംസിക്കപ്പെട്ടത്‌. രാജ്യംതന്നെ തടവറ ആക്കപ്പെട്ടത്‌. ജയപ്രകാശ്‌ നാരായണ്‍ ഉള്‍പ്പെടെ രാജ്യത്തെ ലക്ഷക്കക്കിന്‌ ആളുകളെ, ആയിരക്കണക്കിന്‌ നേതാക്കളെ, അനേകം സംഘടനകളെ ഇരുമ്പഴികള്‍ക്കുള്ളില്‍ അടച്ചത്‌. ആ ഭയാനകമായ സംഭവത്തെ അധികരിച്ച്‌ അനേകം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. അതിനെ അധികരിച്ച്‌ ഒരുപാട്‌ ചര്‍ച്ചകളും നടന്നിട്ടുണ്ട്‌. എന്നാല്‍, ഇന്ന്‌ ജൂണ്‍ 26 ഞാന്‍ നിങ്ങളോട്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യമാണ്‌ നമ്മുടെ ശക്തി, ലോകശക്തിയാണ്‌ നമ്മുടെ കരുത്ത്‌. ഓരോ പൗരനും നമ്മുടെ ശക്തിയാണ്‌ എന്നത്‌ നമ്മള്‍ മറക്കരുത്‌. ഈ ഒരു പ്രതിബദ്ധതയെ നമുക്ക്‌ പരിപോഷിപ്പിക്കേണ്ടതുണ്ട്‌. കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. ജനാധിപത്യത്തെ വിജയിപ്പിച്ചു കാണിച്ചു എന്നതാണ്‌ ഭാരതത്തിന്റെ കരുത്ത്‌. പത്രങ്ങള്‍ക്ക്‌ പൂട്ട്‌ വീഴുമ്പോള്‍ റേഡിയോ ഒരു ഭാഷമാത്രം സംസാരിക്കുമ്പോള്‍ മറുവശത്ത്‌ അവസരം കിട്ടുമ്പോഴൊക്കെ ദേശവാസികള്‍ ജനാധിപത്യശക്തി തെളിയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ ഏതൊരു രാജ്യത്തിനും വലിയ കരുത്തിന്റെ തെളിവുകള്‍ തന്നെയാണ്‌. ഭാരതത്തിലെ സാധാരണക്കാരുടെ ജനാധിപത്യശക്തിയുടെ ഉത്തമ ഉദാഹരണങ്ങള്‍ അടിയന്തിരാവസ്ഥക്കാലത്ത്‌ വെളിവാക്കപ്പെട്ടിട്ടുണ്ട്‌. ജനാധിപത്യക്കരുത്തിന്റെ ഈ വക ഓര്‍മ്മപ്പെടുത്തലുകള്‍ രാജ്യത്ത്‌ നിരന്തരം നടത്തിക്കൊണ്ടിരിക്കണം. ജനശക്തിയുടെ അനുഭവസാക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അതിലൂടെ ജനശക്തിയ്‌ക്ക്‌ കൂടുതല്‍ കരുത്തേറട്ടെ. ഇപ്രകാരം നമ്മള്‍ നിരന്തരം കര്‍മ്മനിരതരായിരുന്ന്‌ ജനങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കണം. ഞാന്‍ എപ്പോഴും പറയുന്നതിതാണ്‌. ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ വോട്ടുചെയ്‌ത്‌ 5 വര്‍ഷത്തേയ്‌ക്ക്‌ രാജ്യം ഭരിയ്‌ക്കുവാനുള്ള കോണ്‍ട്രാക്‌ട്‌ നിങ്ങള്‍ക്ക്‌ തന്നു എന്നതല്ല സഹോദരാ, തീര്‍ച്ചയായുമല്ല. ജനാധിപത്യത്തിന്‌ വോട്ടു ചെയ്യുക എന്നത്‌ പ്രധാനമാണ്‌. എന്നാല്‍, ജനാധിപത്യത്തിന്‌ മറ്റൊരുപാട്‌ വശങ്ങള്‍ കൂടിയുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം ജനപങ്കാളിത്തമാണ്‌. പിന്നെ ജനങ്ങളുടെ സ്വഭാവം, രീതി, പ്രകൃതി, ജനങ്ങളുടെ ചിന്ത. സര്‍ക്കാരുകള്‍ എത്രത്തോളം ജനങ്ങളുമായി ഇടപെടുന്നുവോ രാജ്യത്തിന്റെ കരുത്തും അത്രയും വര്‍ദ്ധിക്കും. ജനങ്ങളുമായുള്ള സര്‍ക്കാരുകളുടെ അടുപ്പമാണ്‌ രാജ്യത്തിന്റെ കരുത്ത്‌ വര്‍ദ്ധിപ്പിക്കുന്നത്‌. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവാണ്‌ നമ്മുടെ നാശത്തിന്‌ ആക്കം കൂട്ടുന്നത്‌. ഞാന്‍ എപ്പോഴും പ്രയത്‌നിക്കുന്നത്‌ ജനപങ്കാളിത്തത്തോടെതന്നെ രാജ്യം മുന്നേറാന്‍വേണ്ടിയാണ്‌.
അടുത്തിടെയാണ്‌ എന്റെ സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കിയത്‌. ജനാധിപത്യത്തെക്കുറിച്ച്‌ താങ്കള്‍ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. താങ്കള്‍ എന്തുകൊണ്ട്‌ താങ്കളുടെ സര്‍ക്കാരിനെ ജനങ്ങളെക്കൊണ്ട്‌ വിലയിരുത്തിക്കുന്നില്ല എന്നാണ്‌ പുരോഗമനചിന്താഗതിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ അഭിപ്രായപ്പെട്ടത്‌. ഒരുതരത്തില്‍ അതിലൊരു വെല്ലുവിളിയുടെ സ്വരമുണ്ടായിരുന്നു. അതെന്റെ മനസ്സിനെ ഒന്നുലച്ചു. എന്റെ കുറച്ചു മുതിര്‍ന്ന സുഹൃത്തുക്കളോട്‌ ഞാന്‍ ഈ വിഷയം പങ്കുവെച്ചു. എന്നാല്‍ ആദ്യ പ്രതികരണം `അരുത്‌’ എന്നായിരുന്നു. താങ്കള്‍ ഇതെന്താ ചെയ്യാന്‍ പോകുന്നത്‌ എന്നായിരുന്നു റിയാക്ഷന്‍. ഇന്ന്‌ സാങ്കേതികവിദ്യ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും ചേര്‍ന്ന്‌ ഗ്രൂപ്പുണ്ടാക്കി സാങ്കേതികവിദ്യയെ ദുരുപയോഗപ്പെടുത്തിയാല്‍ സര്‍വ്വേ എവിടെയെത്തുമെന്ന്‌ അറിയില്ല. അവര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ എനിയ്‌ക്ക്‌ തോന്നി അങ്ങിനെയല്ല, റിസ്‌ക്‌ എടുക്കണം, ശ്രമിച്ചുനോക്കണം കാണാം എന്തു സംഭവിയ്‌ക്കുമെന്ന്‌. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, എനിയ്‌ക്ക്‌ വളരെ സന്തോഷം തോന്നി. സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിവിധ ഭാഷകളിലൂടെ ജനങ്ങളോട്‌ എന്റെ സര്‍ക്കാരിനെ വിലയിരുത്തുവാന്‍ ഞാന്‍ ആഹ്വാനം ചെയ്‌തു. തിരഞ്ഞെടുപ്പിന്‌ ശേഷവും ഒരുപാട്‌ സര്‍വ്വേകള്‍ നടക്കാറുണ്ട്‌. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സര്‍വ്വേകള്‍ നടത്താറുണ്ട്‌. ഇടയ്‌ക്കൊക്കെ ചിലപ്പോള്‍ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വേകള്‍ …. ജനസമ്മിതിയുടെ സര്‍വ്വേകളും നടക്കാറുണ്ട്‌. എന്നാല്‍, അതിന്റെയൊന്നും സാമ്പിള്‍സൈസ്‌ അധികമുണ്ടാകാറില്ല. നിങ്ങളില്‍ ഒരുപാടുപേര്‍ ഞമലേങ്യഏീ്‌ലൃിാലി.ോ്യ.ഴീ്‌.ശില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്‌. ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചത്‌. എന്നാല്‍, 3 ലക്ഷം ആളുകള്‍ ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഒരുപാട്‌ സമയം ചെലവഴിച്ചിട്ടുണ്ട്‌. ഞാന്‍ ആ 3 ലക്ഷം ആളുകളോടും കടപ്പെട്ടിരിക്കുന്നു. വളരെ ക്രിയാത്മകമായി ഇടപെട്ടതിനും സര്‍ക്കാരിനെ വിലയിരുത്തിയതിനും നന്ദിയുണ്ട്‌. ഞാന്‍ അതിലെ ജയാപരാജയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അത്‌ മാധ്യമപ്രവര്‍ത്തകര്‍ തീര്‍ച്ചയായും ചെയ്‌തുകൊള്ളും. എന്നാലും അത്‌ നല്ലൊരു പരീക്ഷണമായിരുന്നുവെന്ന്‌ എനിയ്‌ക്ക്‌ തീര്‍ച്ചയായും പറയാന്‍ കഴിയും. എനിയ്‌ക്കും വളരെ സന്തോഷംതോന്നിയ കാര്യമായിരുന്നു ഭാരതത്തിലെ വിവധ ഭാഷകള്‍ സംസാരിക്കുന്നവരും ഓരോ മുക്കിലും മൂലയിലും താമസിക്കുന്നവരും പലതരം ചുറ്റുപാടുകളില്‍ നിന്നുള്ളവരും ഇതില്‍ ഭാഗഭാക്കുകളായി. ഏറ്റവും അധികം എന്നെ അതിശയിപ്പിച്ച കാര്യം മറ്റൊന്നായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാമീണ റോസ്‌ഗാര്‍ യോജന നടക്കുന്നുണ്ട്‌. ആ പദ്ധതിയുടെ വെബ്‌സൈറ്റുമുണ്ട്‌. ആ പോര്‍ട്ടലിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതികരിച്ചത്‌. ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട്‌ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളായിരുന്നു വളരെയധികം ക്രിയാത്മകമായി സംഭാവന നല്‍കിയത്‌ എന്നായിരുന്നു അതിന്റെ അര്‍ത്ഥം. പ്രാഥമികമായി ഇത്തരത്തിലൊരു നിഗമനത്തിലാണ്‌ ഞാന്‍. അതെനിക്ക്‌ കൂടുതല്‍ നല്ലതായി തോന്നി. നിങ്ങള്‍ കണ്ടതാണ്‌ അങ്ങിനെ ഒരു ദിവസമുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജൂണ്‍ 26ന്‌ ജനങ്ങളുടെ ശബ്‌ദം അടിച്ചമര്‍ത്തപ്പെട്ട ദിവസം. ഇതുമൊരു സമയമാണ്‌. ഇവിടെ ജനങ്ങള്‍ സ്വയം തീരുമാനിക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്നത്‌ ശരിയാണോ? തെറ്റാണോ? നല്ലതാണോ? ചീത്തയാണോ? എന്ന്‌.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന്‌ ഞാന്‍ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച്‌ താല്‌പര്യം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നികുതി വളരെ വ്യാപകമായിരുന്ന കാലഘട്ടമുണ്ടായിരുന്നു. അപ്പോള്‍ നികുതിവെട്ടിപ്പ്‌ തികച്ചും സ്വഭാവികമായിരുന്നു. വിദേശസാധനങ്ങള്‍ കൊണ്ടുവരുന്നതിന്‌ ഒരുപാട്‌ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ആ കാലഘട്ടത്തില്‍ കള്ളക്കടത്തും വളരെയധികം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പതുക്കെപതുക്കെ സമയം മാറിവന്നു. ഇന്ന്‌ നികുതിദായകരെ സര്‍ക്കാരിന്റെ നികുതിവ്യവസ്ഥയുമായി ബന്ധിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ലെങ്കിലും പഴയ ശീലങ്ങള്‍ പൂര്‍ണമായി ഇല്ലാതായിട്ടില്ല. ഇപ്പോഴും ഒരു തലമുറയ്‌ക്ക്‌ തോന്നുന്നത്‌ സര്‍ക്കാരില്‍നിന്നും കുറച്ച്‌ അകലം പാലിക്കുന്നതാണ്‌ നല്ലതെന്ന്‌. എന്നാല്‍ ഞാന്‍ നിങ്ങളോട്‌ പറയാന്‍ ആഗ്രഹിക്കുന്നത്‌ നിയമങ്ങളില്‍നിന്നും ഒളിച്ചോടി നാം നമ്മുടെ ശാന്തിയും സമാധാനവും നഷ്‌ടപ്പെടുത്തരുത്‌. അങ്ങിനെ വരുമ്പോള്‍ ആര്‍ക്കും നമ്മളെ ബുദ്ധിമുട്ടിപ്പിക്കാന്‍ കഴിയും. എന്തിനാണ്‌ നമ്മള്‍ അങ്ങിനെയൊരവസരം ഉണ്ടാക്കുന്നത്‌. എന്തുകൊണ്ട്‌ നമുക്ക്‌ നമ്മുടെ വരുമാനത്തെ സംമ്പന്ധിച്ച്‌ സമ്പത്തിനെ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ ശരിയായ വിവരങ്ങള്‍ നല്‍കിക്കൂടാ. പഴയതെന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ പൂര്‍ണമായി ഒരു പ്രാവശ്യം എന്തുകൊണ്ട്‌ ഒഴിവാക്കിക്കൂടാ. അത്തരത്തിലുള്ള എന്തെങ്കിലും ഭാരമുണ്ടെങ്കില്‍ അതില്‍ നിന്നും മോചിതരാകാന്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. ആരുടെയെങ്കിലും പക്കല്‍ വെളിപ്പെടുത്താത്ത വരുമാനമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക്‌ ഭാരത സര്‍ക്കാര്‍ ഒരവസരം തരുന്നു. നിങ്ങള്‍ക്ക്‌ നിങ്ങളുടെ വെളിപ്പെടുത്താത്ത സ്വത്ത്‌ വിവരം വെളിപ്പെടുത്തുന്നതിന്‌ സെപ്‌റ്റംബര്‍ 30 ന്‌ മുമ്പായി ഒരവസരം. പിഴയൊടുക്കി അത്തരത്തില്‍പ്പെടുന്ന ഭാരങ്ങളില്‍നിന്നും നമുക്ക്‌ മുക്തരാകാം. ഒരു കാര്യത്തില്‍ക്കൂടി എനിയ്‌ക്ക്‌ ഉറപ്പുവരുത്താന്‍ കഴിയും. സ്വയമേവ തങ്ങളുടെ വെളിപ്പെടുത്തിയിട്ടില്ലാത്ത സ്വത്ത്‌ വിവരങ്ങള്‍ സര്‍ക്കാറിന്‌ വെളിപ്പെടുത്തുന്നവര്‍ക്ക്‌ യാതൊരുവിധ തുടര്‍ അന്വേഷണവും നേരിടേണ്ടി വരില്ല. ഇത്രയും പൈസ എവിടെനിന്നു വന്നു? എങ്ങിനെ വന്നു? തുടങ്ങിയ കാര്യങ്ങള്‍ ഒരുപ്രാവശ്യംപോലും ചോദിക്കില്ല. അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌ ഇതൊരു നല്ല അവസരമാണ്‌. ഈ സുതാര്യമായ ഏര്‍പ്പാടിന്റെ ഭാഗമായി മാറിയാലും. ഒപ്പം ജനങ്ങളോട്‌ ഇതുകൂടി പറയുന്നു, ഈ അവസരം സെപ്‌റ്റംബര്‍ 30 വരെ മാത്രമേയുള്ളൂ. ഇതിനി അവസാനത്തെ അവസരമായി കണക്കാക്കിയാലും, ഞാന്‍ ഇടയ്‌ക്ക്‌ എന്റെ സാമാജികരോടും പറയാറുണ്ട്‌. സെപ്‌റ്റംബര്‍ 30ന്‌ ശേഷം ഏതെങ്കിലു പൗരന്‌ സര്‍ക്കാരിന്റെ നിയമങ്ങളുമായി ബന്ധപ്പെട്ട്‌ സഹകരിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അവര്‍ക്ക്‌ യാതൊരു സഹായവും ലഭിക്കില്ല. എന്റെ ജനങ്ങളോടും എനിയ്‌ക്ക്‌ പറയാനുള്ളത്‌ സെപ്‌റ്റംബര്‍ 30ന്‌ ശേഷം നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളൊന്നുംതന്നെ ഉണ്ടാകാതിരിക്കാന്‍ സെപ്‌റ്റംബര്‍ 30ന്‌ മുമ്പു തന്നെ നിങ്ങള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. സെപ്‌റ്റംബര്‍ 30ന്‌ ശേഷം സംഭവിക്കാന്‍ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകളില്‍നിന്നും സ്വയം രക്ഷ നേടൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നെനിക്ക്‌ ഈ കാര്യം `മന്‍ കി ബാതി’ലൂടെ പറയേണ്ടതുണ്ട്‌. റവന്യൂവിഭാഗം, ഇന്‍കംടാക്‌സ്‌, എക്‌സൈസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ മുഴുവന്‍ ഉദ്യോഗസ്ഥ അധികാരികള്‍ക്കുമൊപ്പം എനിയ്‌ക്ക്‌ ഏതാനും ദിവസം ആശയവിനിമയം നടത്തുവാന്‍ അവസരം കൈവന്നിരുന്നു. അവരുമായി നടത്തിയ ആശയവിനിമയത്തിനിടയില്‍ ഞാന്‍ അവരോട്‌ തുറന്നുപറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ്‌. അത്‌ നാം ഒരിക്കലും ജനങ്ങളെ ചൂഷകരോ, കള്ളന്മാരോ ആയി കാണാന്‍ പാടില്ലയെന്നതാണ്‌. നാം അവരെ വിശ്വാസത്തിലെടുക്കണം. അവര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ തയ്യാറാകണം. ഒരുപക്ഷേ, അവര്‍ നിയമവ്യവസ്ഥയുമായി യോജിച്ചുപോകാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ക്ക്‌ ആവശ്യത്തിന്‌ പ്രോത്സാഹനവും പ്രേരണയും നല്‍കി സ്‌നേഹത്തോടെ ഒപ്പം നിര്‍ത്തുകയാണ്‌ വേണ്ടത്‌. പരസ്‌പരം വിശ്വാസത്തിന്റേതായ ഒരന്തരീക്ഷം ഒരുക്കുകയാണ്‌ ആവശ്യം. നമ്മുടെ പെരുമാറ്റത്തിലൂടെവേണം ഒരു മാറ്റം സൃഷ്‌ടിക്കേണ്ടത്‌. അതുണ്ടാവുകയും ചെയ്യും. നികുതിദായകരെ വിശ്വാസത്തിലെടുക്കണം. ഞാന്‍ വളരെ ആഗ്രഹത്തോടെ ഈ വക കാര്യങ്ങള്‍ ഉദ്യോഗസ്ഥവൃന്ദവുമായി പങ്കുവെച്ചു. മാത്രമല്ല, എനിക്ക്‌ ഇപ്പോള്‍ കാണാന്‍ സാധിക്കുന്ന ഒരു വസ്‌തുത നമ്മുടെ നാട്ടുകാരോരോരുത്തര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്‌. നമ്മുടെ രാജ്യം വളരെ വേഗം പുരോഗതിയിലേയ്‌ക്ക്‌ അടുക്കുമ്പോള്‍ നമ്മളും അതിനുവേണ്ട സംഭാവന ചെയ്‌തേ തീരുവെന്ന്‌. ഞങ്ങളുടെ ആശയവിനിമയത്തിനിടെ എനിയ്‌ക്കറിയുവാനായ ഒരു കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കാം. 125 കോടി ജനങ്ങളുള്ള ഈ ദേശത്ത്‌ വെറും ഒന്നര ലക്ഷം ആളുകള്‍ക്കാണ്‌ അവരുടെ നികുതി വിധേയമായ വരുമാനം 50 ലക്ഷം രൂപയിലധികമെന്നത്‌ നിങ്ങളില്‍ ആരുംതന്നെ വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല. ഒരു കോടിയുടെയും രണ്ടു കോടിയുടെയുമൊക്കെ വലിയ മാളികകള്‍ കണ്ടാല്‍തന്നെ മനസ്സിലാകും, ഇവര്‍ എങ്ങിനെയാണ്‌ 50 ലക്ഷം വരുമാനപരിധിയില്‍ താഴെ ആകുന്നത്‌ എന്ന്‌. ഇതില്‍ നിന്നു തന്നെ മനസ്സിലാകും എവിടെയൊക്കെയോ ചില പന്തികേടുകള്‍ ഉള്ളതായി. ഈ അവസ്ഥയ്‌ക്ക്‌ മാറ്റം ഉണ്ടാകണം. ഈ വരുന്ന സെപ്‌റ്റംബര്‍ 30നകം ഇതിന്‌ കാതലായ മാറ്റം ഉണ്ടായേ തീരൂ. സര്‍ക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള കടുത്ത നടപടിയിലേക്ക്‌ നീങ്ങുന്നതിനുമുമ്പുതന്നെ ഈശ്വരതുല്യരായ നാട്ടുകാര്‍ക്ക്‌ അവസരം നല്‍കേണ്ടതുണ്ട്‌. അതുകൊണ്ട്‌ പ്രിയപ്പെട്ട സഹോദരരേ, ഇത്‌ നാം പൂഴ്‌ത്തിവെച്ച നമ്മുടെ വരുമാനം വെളിപ്പെടുത്തുവാനുള്ള സുവര്‍ണ്ണാവസരമാണ്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സെപ്‌റ്റംബര്‍ 30ന്‌ ശേഷം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍നിന്ന്‌ മുക്തരാകുവാനുള്ള ഒരു മാര്‍ഗ്ഗംകൂടിയാണിത്‌. ഞാന്‍ ഇത്തരത്തിലുള്ള ഒരു കാര്യം നിങ്ങളുടെ മുന്നില്‍ വെയ്‌ക്കുന്നത്‌ നമ്മുടെ രാഷ്‌ട്രത്തിന്റെ നന്മയ്‌ക്കുവേണ്ടിയാണ്‌. നമ്മുടെ രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ ഏവരും ഈ സുപ്രധാന പദ്ധതിയുമായി കൈകോര്‍ക്കണം. കാരണം, സെപ്‌റ്റംബര്‍ 30ന്‌ ശേഷം നിങ്ങള്‍ക്കാര്‍ക്കും യാതൊരുവിധത്തിലുള്ള കഷ്‌ടനഷ്‌ടങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നത്‌ എന്റെ ആഗ്രഹമാണ്‌.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ രാജ്യത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യുവാനുള്ള അവസരം തേടുകയാണിപ്പോള്‍. ഞാന്‍ ഒരിക്കല്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടത്‌ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. നമ്മുടെ രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരം സബ്‌സിഡി ഉപേക്ഷിച്ചു. കണക്കിലധികം പൂഴ്‌ത്തിവയ്‌ക്കപ്പെട്ട വരുമാനമുള്ളവര്‍ക്ക്‌ മുന്നിലും ഞാന്‍ ഇത്തരം ഒരു ഉദാഹരണം മുന്നോട്ടു വയ്‌ക്കുകയാണ്‌. ഞാന്‍ കഴിഞ്ഞ ദിവസം സ്‌മാര്‍ട്ട്‌ സിറ്റി പരിപാടിയുടെ ഭാഗമായി പൂനൈയില്‍ പോയപ്പോള്‍ അവിടെ എനിയ്‌ക്ക്‌ ശ്രീമാന്‍. ചന്ദ്രകാന്ത ദാമോദര്‍ കുല്‍ക്കര്‍ണിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഇടപെടാന്‍ അവസരം ലഭിച്ചു. ഞാന്‍ അവരെ വെറുതെയൊന്നു കാണുവാന്‍മാത്രം വിളിപ്പിച്ചതായിരുന്നു. കാരണം എന്തെന്നല്ലേ, ചിലര്‍ അവരുടെ കൈയ്യിലുള്ളത്‌ ഒളിപ്പിച്ചുവെയ്‌ക്കുവാന്‍ പെടാപാടുപെടുന്നുണ്ടാവും. അവര്‍ക്ക്‌ എന്റെ വാക്കുകള്‍ ഒരുപക്ഷേ പ്രേരണയാവുകയോ അല്ലാതിരിക്കുകയോ ചെയ്‌തോട്ടെ. എങ്കിലും ശ്രീമാന്‍ ചന്ദ്രകാന്ത കുല്‍ക്കര്‍ണിയുടെ കാര്യം തീര്‍ച്ചയായും പ്രേരണാജനകമാണ്‌. അതിനുള്ള കാരണം എന്തെന്ന്‌ നിങ്ങളും അറിയേണ്ടതുണ്ട്‌. ഈ ചന്ദ്രകാന്ത കുല്‍ക്കര്‍ണി ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്‌. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഇപ്പോള്‍ വിരമിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്‌ പെന്‍ഷനായി 16,000/- രൂപയും ലഭിക്കുന്നുണ്ട്‌. പക്ഷേ, എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക്‌ അതിശയം തോന്നാവുന്ന കാര്യമാണ്‌ ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നത്‌. വരുമാനം മറച്ചുവെച്ച്‌, പൂഴ്‌ത്തിവെച്ച്‌ നികുതി അടയ്‌ക്കാന്‍ വിമുഖത കാട്ടുക എന്നത്‌ സ്വഭാവമാക്കിയവര്‍ക്ക്‌ ഒരുപക്ഷേ, ഞെട്ടലുളവാക്കുന്ന ഒരു കാര്യവുമായാണ്‌ ചന്ദ്രകാന്ത കുല്‍ക്കര്‍ണി എന്ന മനുഷ്യന്‍ നമുക്ക്‌ മാതൃകയാവുന്നത്‌. അദ്ദേഹത്തിന്‌ 16,000/- രൂപ പെന്‍ഷന്‍ കിട്ടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ അദ്ദേഹം എനിയ്‌ക്ക്‌ ഒരു കത്തെഴുതിയിരുന്നു. അതിലദ്ദേഹം പറഞ്ഞിരുന്നത്‌ 16,000/- രൂപ പെന്‍ഷനില്‍ നിന്നും എല്ലാ മാസവും 5,000/- രൂപ ശുചിത്വ ഭാരത യത്‌നത്തിനുവേണ്ടി സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്‌. മാത്രമല്ല, അദ്ദേഹം എനിയ്‌ക്ക്‌ 52 ചെക്കും തന്നു. അതും പോസ്റ്റ്‌ ഡേറ്റഡ്‌ ചെക്കാണെന്ന്‌ ഓര്‍ക്കണം. ഓരോ മാസവും ഓരോ ഡേറ്റിട്ട ചെക്കാണ്‌ അയച്ചത്‌. നമ്മുടെ രാജ്യത്തെ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ജോലിയില്‍നിന്ന്‌ വിരമിച്ചതിനുശേഷം 16,000/- രൂപയുടെ പെന്‍ഷനില്‍നിന്നും 5,000/- രൂപ സ്വച്ഛത അഭിയാനുവേണ്ടി അയച്ചുവെങ്കില്‍ ഈ രാജ്യത്ത്‌ നികുതി അടയ്‌ക്കാതെ ഒളിപ്പിച്ചുവെയ്‌ക്കാന്‍ ആര്‍ക്കാണ്‌ അധികാരം എന്നോര്‍ക്കണം. ചന്ദ്രകാന്ത കുല്‍ക്കര്‍ണിയേക്കാള്‍ പ്രേരണാദായകമായ മറ്റെന്താണുള്ളത്‌? അദ്ദേഹം ഏവര്‍ക്കും പ്രേരണാസ്രോതസ്സായി നില്‍ക്കുകതന്നെ ചെയ്യും. ഞാന്‍ ചന്ദ്രകാന്തജിയെ വിളിച്ചുവരുത്തി. അദ്ദേഹവുമായി മുഖാമുഖം മനസ്സ്‌തുറന്ന്‌ സംസാരിച്ചു. അദ്ദേഹം എന്റെ മനസ്സിനെ വല്ലാതെ സ്‌പര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്‌ ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരത്തില്‍ അസംഖ്യം ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുണ്ടാവാം. അവരെപ്പറ്റി യാതൊരു വിവരവും നമ്മുടെ മുന്നിലില്ലായെന്ന്‌ മാത്രം. എന്നാല്‍ ഇതാണ്‌ മാതൃക, അവരാണ്‌ യഥാര്‍ത്ഥ പൗരര്‍. അവരാണ്‌ നമ്മുടെ രാഷ്‌ട്രത്തിന്റെ ശക്തി. അവരിലാണ്‌ രാഷ്‌ട്രത്തിന്റെ ആത്മാഭിമാനം കുടികൊള്ളുന്നത്‌. 16,000/- രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി രണ്ടുലക്ഷത്തി അറുപതിനായിരത്തിന്റെ ചെക്കാണ്‌ എനിക്ക്‌ മുന്‍കൂറായി നല്‍കിയത്‌. നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കണം ഇതത്ര നിസ്സാരകാര്യമാണോയെന്ന്‌. വരൂ, നമുക്കും സ്വന്തം മനസ്സിനെ അല്‌പമൊന്നാര്‍ദ്രമാക്കാം, സ്‌പര്‍ശിക്കാം, തലോടാം. അത്തരത്തില്‍ നമുക്കും പുന:ര്‍വിചിന്തനത്തിലേര്‍പ്പെട്ട്‌ നല്ല തീരുമാനത്തിലെത്താം. നമ്മുടെ യഥാര്‍ത്ഥ വരുമാനം തുറന്ന്‌ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്‌. ചന്ദ്രകാന്തജിയെ സ്‌മരിക്കാം. നമുക്കും ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളിയാവാം.
പ്രിയപ്പെട്ട ദേശവാസികളേ, ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാളില്‍നിന്നും സന്തോഷ്‌ നേഗി എന്നയാള്‍ ടെലിഫോണിലൂടെ തന്റെ ഒരനുഭവം ഞാനുമായി പങ്കുവെച്ചു. അതിന്‌ ഞാന്‍ നിങ്ങളുടെ സമക്ഷം പറയുകയാണ്‌. ജലസംരക്ഷണത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അദ്ദേഹത്തിന്റെ ഈ അനുഭവം നിങ്ങള്‍ക്കും പ്രയോജനപ്പെടാം. അദ്ദേഹം പറയുകയാണ്‌, “ഞങ്ങള്‍ അങ്ങയുടെ പ്രേരണയാല്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ മഴക്കാലം തുടങ്ങുന്നതിനു വളരെ മുന്‍പുതന്നെ 4 അടി വിസ്‌താരത്തിലുള്ള ഏതാണ്ട്‌ 250 ഓളം ചെറിയ ചെറിയ കുഴികള്‍ കളിക്കളത്തിന്‌ സമീപത്തെടുത്തിരുന്നു. മഴവെള്ളം ഇവയിലേയ്‌ക്കൊഴുകി ജലം പാഴാക്കാതെ സംഭരിച്ച്‌ നിര്‍ത്തുവാന്‍ ലക്ഷ്യം വച്ചായിരുന്നു ഇത്‌. ഇതുകാരണം കളിസ്ഥലം ചെളിക്കുണ്ടായതുമില്ല. കുട്ടികള്‍ അതില്‍ പുതഞ്ഞ്‌ അപകടം വരുത്തിവെയ്‌ക്കുന്ന അവസ്ഥയ്‌ക്കും പരിഹാരം ഉണ്ടായി. മൈതാനത്തില്‍ മഴ പെയ്‌ത്‌ ഒഴുകി പാഴാകുമായിരുന്ന കോടിക്കണക്കിന്‌ ലിറ്റര്‍ ജലമാണ്‌ ഇത്തരത്തില്‍ സംഭരിച്ചത്‌. ഉത്തമമായ ഈ സന്ദേശം പങ്കുവെച്ചതില്‍ ശ്രീ. സന്തോഷ്‌ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. പൗരിഗെഢ്‌വാള്‍ എന്ന പര്‍വതപ്രദേശത്ത്‌ നടപ്പിലാക്കി വിജയിപ്പിച്ച ഈ പദ്ധതിയുടെ പേരില്‍ താങ്കള്‍ എന്തുകൊണ്ടും പ്രശംസയ്‌ക്ക്‌ അര്‍ഹനാണ്‌. എനിയ്‌ക്ക്‌ വിശ്വാസമുണ്ട്‌ ഓരോരുത്തരും മഴയുടെ സൗന്ദര്യം, സന്തോഷം നുകരുമെന്ന്‌. എന്നാല്‍, ഈശ്വരന്‍ തന്ന വരദാനമാണ്‌ മഴ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ അപാരസമ്പത്ത്‌ നാം ശരിയായി ഉപയോഗിക്കണം. ഓരോ തുള്ളി ജീവജലവും സംരക്ഷിക്കാനാവശ്യമായ പരിശ്രമത്തിലേര്‍പ്പെടാന്‍ നാം ഓരോരുത്തരും മുന്നോട്ടുവരണം. ഗ്രാമത്തിലെ ജലം ഗ്രാമത്തിലും നഗരത്തിലേത്‌ അവിടെയും നമുക്ക്‌ എങ്ങിനെ സംഭരിച്ച്‌ നിര്‍ത്താനാവും? ഭൂമിമാതാവിനെ റീചാര്‍ജ്ജ്‌ ചെയ്യുന്നതിനുവേണ്ടി പെയ്‌തൊഴിയുന്ന ഈ ജലം എങ്ങിനെ നമുക്ക്‌ തടഞ്ഞ്‌ വീണ്ടും ഭൂമിയിലേക്ക്‌ തിരിച്ചെത്തിക്കുവാനാവും? ജീവജലമുണ്ടെങ്കില്‍ ഒരു നല്ല നാളെ ഉണ്ടാകും. ജീവന്റെ അടിസ്ഥാനം ജലം തന്നെ. നമ്മുടെ രാജ്യം മുഴുവന്‍ അത്തരത്തിലൊരു അവസ്ഥ സംജാതമായിട്ടുണ്ട്‌. കഴിഞ്ഞ ദിനങ്ങളില്‍ ഓരോ സംസ്ഥാനത്തും ജലം സംഭരിയ്‌ക്കുവാന്‍ ആവശ്യമായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇപ്പോള്‍ ജലം നമുക്ക്‌ പ്രാപ്യമാണ്‌. അതൊരിക്കലും കൈവിട്ടുപോകരുത്‌. അപ്രാപ്യമാക്കരുത്‌. നമ്മുടെ ജീവിതത്തെ രക്ഷിച്ചു നിര്‍ത്താന്‍ എത്രമാത്രം ചിന്തയുണ്ടോ, അത്രയും ജലസംഭരണത്തിനു വേണ്ടിയുമുണ്ടാകണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കറിയുമല്ലോ, 1922 എന്ന സംഖ്യ ഇത്‌ നിങ്ങളുടെ സ്‌മരണയുടെ ഭാഗമായിക്കഴിഞ്ഞല്ലോ. ഛില ചശില ഠംീ ഠംീ അഥവാ 1922. ഈ 1922 എന്ന നമ്പരില്‍ നിങ്ങള്‍ മിസ്‌ഡ്‌ കോള്‍ ചെയ്‌താല്‍ `മന്‍ കി ബാത്‌’ നിങ്ങള്‍ക്ക്‌ മനസ്സിലാകുന്ന, നിങ്ങളുടെതന്നെ ഭാഷയില്‍ കേള്‍ക്കുവാന്‍ സാധിക്കും. നമ്മുടെ സൗകര്യപ്രദമായ സമയത്ത്‌ സ്വന്തം ഭാഷയില്‍ `മന്‍ കി ബാത്‌’ ശ്രവിച്ച്‌ നമ്മുടെ രാജ്യത്തെ വികസന യാത്രയ്‌ക്ക്‌ അനുഗുണമായ സംഭാവന നല്‍കാന്‍ നിങ്ങള്‍ ഓരോരുത്തരും സര്‍വ്വാത്മനാ മനസ്സുവെയ്‌ക്കുക. മുന്നോട്ടു വരിക.
എന്റെ എല്ലാ പ്രിയപ്പെട്ട ദേശവാസികള്‍ക്കും, ഒരിക്കല്‍ക്കൂടി നമസ്‌ക്കാരം നന്ദി!

Share this post: