Top Stories
രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി അവലോകനം ചെയ്‌തു
April 13, 2016

13, April 2016
ന്യൂഡല്‍ഹി : മഴക്കുറവിനെ തുടര്‍ന്ന്‌ രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെസ്ഥിതിഗതികള്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി ന്യൂഡല്‍ഹിയില്‍ വിളിച്ച്‌ ചേര്‍ത്ത യോഗം അവലോകനം ചെയ്‌തു. എല്ലാ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളുടെയും ചീഫ്‌ സെക്രട്ടറിമാര്‍ യോഗത്തില്‍ സംബന്ധിച്ചു. കേന്ദ്ര കൃഷി, ഗ്രാമ വികസന, കുടിവെള്ള, മൃഗസംരക്ഷണ – ഭക്ഷ്യ പൊതു വിതരണ, ജലവിഭവ, ആഭ്യന്തര, ധനകാര്യ, റെയില്‍വേ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും പങ്കെടുത്തു. 2015ലെ ഖാരീഫ്‌, 2015-16 റാബി സീസണുകളിലുണ്ടായ മഴ കുറവിനെ കുറിച്ചും വരള്‍ച്ച ബാധിത സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൈക്കൊണ്ടു വരുന്ന നടപടികളെ കുറിച്ചും കേന്ദ്ര വരള്‍ച്ചാ കമ്മീഷണര്‍ വിശദമായ ഒരു അന്വേഷണം നടത്തി.

വരള്‍ച്ചാ വേളയില്‍ ഡീസല്‍, വിത്ത്‌, തോട്ടകൃഷി, കാലിത്തീറ്റ എന്നിവയ്‌ക്കുള്ള സബ്‌സിഡി സഹായത്തെ കുറിച്ചും അവലോകനം നടത്തി.
മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി വഴി 50 ദിവസത്തെ അധിക തൊഴില്‍ ലഭ്യമാക്കല്‍, രാഷ്‌ട്രീയ കൃഷി വികാസ്‌ യോജനയ്‌ക്ക്‌ കീഴില്‍ വിള സംരക്ഷണത്തിനായി തയ്യാറാക്കിയ പദ്ധതികള്‍, ഭക്ഷ്യധാന്യ ശേഖരവും പൊതു വിതരണ സംവിധാനം വഴി അതിന്റെ വിതരണവും, ദേശീയ-സംസ്ഥാന ദുരിതാശ്വാസ നിധി വഴിയുള്ള സഹായം, കുഞ്ഞുങ്ങള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാര ലഭ്യത, ഉച്ചഭക്ഷണ പദ്ധതി എന്നിവയ്‌ക്ക്‌ പുറമെ ഏറ്റവും പ്രധാന വിഷയമായ കുടിവെള്ള വിതരണവും അവലോകനം ചെയ്‌തു.
തുടര്‍ന്ന്‌ വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ സംസ്ഥാന ചീഫ്‌ സെക്രട്ടറിമാരുമായി കൂടിയാലോചന നടന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തി.

തുടര്‍ന്ന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ വകുപ്പുകളും മന്ത്രാലയങ്ങളും ചുവടെ പറയുന്ന നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി നിര്‍ദേശം നല്‍കി:

1. കാലിത്തീറ്റ സംഭരണത്തിന്‌ രാഷ്‌ട്രീയ കൃഷി വികാസ്‌ യോജനയ്‌ക്ക്‌ കീഴില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ ഉടനടി തുക അനുവദിക്കുക. ദേശീയ കന്നുകാലി ദൗത്യം പ്രകാരമുള്ള ധനസഹായം ലഭ്യമാക്കാന്‍ സംസ്ഥാനഗവണ്‍മെന്റുകള്‍ ഉടന്‍ തന്നെ കേന്ദ്ര മൃഗസംരക്ഷണ- ക്ഷീര വികസന ഫിഷറീസ്‌ മന്ത്രാലയത്തെ സമീപിക്കണം.
2. ഗ്രാമീണ കുടിവെള്ള വിതരണത്തിനായി കേന്ദ്ര കുടിവെള്ള-ശുചീകരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ തുക അനുവദിക്കണം.
3. നിശ്ചിത 100 ദിവസത്തിന്‌ ഉപരിയായിവരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍, തൊഴില്‍ വേതനം നല്‍കുന്നുവെന്ന്‌ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉറപ്പാക്കണം. ഒപ്പം ഇതിനാവശ്യമായ തുക സംസ്ഥാനങ്ങള്‍ക്ക്‌ യഥാസമയം അനുവദിക്കുകയും വേണം.
4. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേയ്‌ക്ക്‌ വരള്‍ച്ചാ സഹായം നല്‍കുന്നതിന്‌ ആവശ്യമായ തുക ലഭ്യമാക്കണം.
5. ഇതിനായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ നിധികളുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൊളിച്ചെഴുതണം.
6. റെയില്‍ മാര്‍ഗ്ഗവും വാട്ടര്‍ ടാങ്കറുകള്‍ വഴിയും നടത്തുന്ന കുടിവെള്ള വിതരണം നിലനിര്‍ത്തണം.
7. കൃത്യമായ ഇടവേളകളില്‍ കേന്ദ്രക്യാബിനറ്റ്‌ സെക്രട്ടറിവരള്‍ച്ചാ സ്ഥിതിഗതികള്‍ നിരീക്ഷിക്കും.

Share this post: