Top Stories
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌ സാമ്പത്തിക സര്‍വ്വേ
February 29, 2016

ന്യൂഡല്‍ഹി : ഫെബ്രുവരി 26, 2016
വിദ്യാഭ്യാസം, ആരോഗ്യം, ഭവന സൗകര്യങ്ങള്‍ എന്നിവ നേടുന്നതിലുള്ള അന്തരത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ രാജ്യത്തെ സാമൂഹിക അടിസ്ഥാനസൗകര്യ സാഹചര്യമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്തരം പരിഹരിക്കുന്ന വിധത്തിലുള്ള സമഗ്ര വളര്‍ച്ചയാണ്‌ രാജ്യത്തിനാവശ്യമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
മാനവ മൂലധനത്തിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കാമെന്ന്‌ സര്‍വ്വേ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, പോഷണം, എസ്‌സി/എസ്‌ടി/ഒബിസി ക്ഷേമം മുതലായ സാമൂഹിക സേവനങ്ങള്‍ക്കുള്ള മൊത്തം ചെലവ്‌ 2014-15 ല്‍ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 7 ശതമാനമായിരുന്നത്‌ 2013-14 ല്‍ 6.5 ശതമാനമായി. പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങളില കുറഞ്ഞ വായനാ ശേഷി വിദ്യാഭ്യാസ രംഗത്തെ താഴ്‌ചയെ സൂചിപ്പിക്കുന്നു. 2014 ലെ ആന്വല്‍ സ്റ്റാറ്റസ്‌ ഓഫ്‌ എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാം ക്ലാസിലെ പുസ്‌തകം വായിക്കാന്‍ കഴിയുന്ന അഞ്ചാം ക്ലാസിലെ ഗവണ്‍മെന്റ്‌, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 2007 നും 2014 നും ഇടയില്‍ സാരമായി കുറഞ്ഞു.
2013-14 ലെ ജെന്‍ഡര്‍ പാരിറ്റി ഇന്‍ഡക്‌സ്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെട്ടതായി സൂചന നല്‍കുന്നു. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗങ്ങളുടെയും മറ്റ്‌ പാര്‍ശ്വവത്‌കൃത വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്റ്‌ നിരവധി നടപടികള്‍ സ്വീകരിച്ചു. ഡിജിറ്റല്‍ ജെന്‍ഡര്‍ അറ്റ്‌ലസ്‌ ഫോര്‍ അഡ്വാന്‍സിങ്‌ ഗേള്‍സ്‌ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ, സ്‌കോളര്‍ഷിപ്പ്‌ പദ്ധതികള്‍, ദേശീയ സ്‌കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ എന്നിവ ആരംഭിച്ചു. 2015-16 ല്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 90 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രീ-മെട്രിക്‌, പോസ്റ്റ്‌ മെട്രിക്‌, മെറിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. പട്ടികജാതിയില്‍പ്പെട്ട 23.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പും, 56.30 21 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ പോസ്റ്റ്‌-മെട്രിക്‌ സ്‌കോളര്‍ഷിപ്പും നല്‍കി.
2013-14 ല്‍ സാമൂഹിക സേവനത്തിനായുള്ള ചെലവിന്റെ 18.6 ശതമാനമായിരുന്നആരോഗ്യത്തിനായി ചെലവഴിക്കുന്ന തുക, 2014-15 ല്‍ 19.3 ആയും, 2015-16 ല്‍ 19.5 ആയും ഉയര്‍ന്നു. അഞ്ച്‌ വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ 1990 ല്‍ 126 ആയിരുന്നത്‌ 2013 ല്‍ 49 ആയി താഴ്‌ന്നു. മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യഘട്ടത്തില്‍ 20.8 ലക്ഷം കുട്ടികള്‍ക്കും, 5.8ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധമരുന്നുകള്‍ നല്‍കി. രണ്ടാം ഘട്ടത്തില്‍ 17.2 ലക്ഷം കുട്ടികള്‍ക്കും, 5.1 ലക്ഷം ഗര്‍ഭിണികള്‍ക്കും, മൂന്നാം ഘട്ടത്തില്‍ 17 ലക്ഷം കുട്ടികള്‍ക്കും, 4,8 ലക്ഷം ഗര്‍ഭിണിള്‍ക്കും പ്രതിരോധമരുന്നുകള്‍ നല്‍കി. രാഷ്‌ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം, രാഷ്‌ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം എന്നിവ ആരംഭിച്ചു. കൂടാതെ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, മസ്‌തിഷ്‌കാഘാതം എന്നിവ തടയുന്നതിനുള്ള ദേശീയ പദ്ധതിയും കേന്ദ്ര ഗവണ്‍മെന്റ്‌ ആരംഭിച്ചു.കുട്ടികളുടെ രോഗപ്രതിരോധം, ഗര്‍ഭിണികളുടെ ആരോഗ്യം, പൊതു ആരോഗ്യ സംവിധാനങ്ങളുടെ പങ്കിലെ കുറവ്‌, നൈപുണ്യമുള്ള വ്യക്തികളുടെ കുറവ്‌ എന്നിവയാണ്‌ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികള്‍. ആരോഗ്യവും, ശുചീകരണ സംവിധാനങ്ങളുടെ ലഭ്യതയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സര്‍വ്വേ പറയുന്നു.
പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന്‌ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച അധ്യാപകര്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‌ ആവശ്യമാണ്‌.

Share this post: