Top Stories
റിക്രൂട്ടിങ്ങ് ഏജന്‍സികളുടെ വഞ്ചന : ഒമ്പതു മലയാളികള്‍ക്ക് കെ എം സി സി നാട്ടിലേക്കു ടിക്കറ്റ് നല്‍കി
April 11, 2016

kmcc-ticket09, April 2016
മനാമ: കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തില്‍ മോഹന വാഗ്ദാനങ്ങളില്‍ അകപ്പെട്ടു കടല്‍ കടന്ന് വഞ്ചിക്കപ്പെടുന്നവരുടെ പട്ടികയില്‍ നിന്ന് ഒടുവില്‍ അവര്‍ ഒമ്പതുപേര്‍ക്കു മോചനം.

നാട്ടിലേക്കുള്ള ടിക്കറ്റ് കെ എം സി സി സംസ്ഥാന കമ്മിറ്റി ഒഫീസില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അവര്‍ പലരും കണ്ണീരണിഞ്ഞു. പറഞ്ഞ ശമ്പള മില്ലാതെ വഞ്ചിച്ചതിനേക്കാള്‍ അവനെ വേദനപ്പിച്ചത് താമസിപ്പിച്ച ലേബര്‍ ക്യാമ്പിലെ അന്ത്യന്തം ദയനീയമായ സാഹചര്യമായിരുന്നു.
മാസങ്ങളായി ലേബര്‍ ക്യാമ്പിലെ ദുരിതത്തില്‍ കഴിച്ചു കൂട്ടിയ പുനലൂര്‍ സ്വദേശി നസീര്‍ ജാന്‍, തിരുവന്തപുരം സ്വദേശികളായ സുഭാഷ്, കുമാരന്‍, നിഷാദ്, ജോണ്‍, ഷബിന്‍, കൊല്ലം സ്വദേശി ഷാഹിര്‍, പത്തനംതിട്ട സ്വദേശി ഹാരിസ്, ആലപ്പുഴ സ്വദേശി ബിനു എന്നീ ഒമ്പതു പേര്‍ക്കു നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് കെ എം സി സി സംസ്ഥാന കമ്മിറ്റിയാണു നല്‍കിയത്. മനാമ കെ എം സി സി ഓഫീസിവച്ച് സംസ്ഥാന പ്രസിഡന്റ് എസ് വി ജലീലില്‍ നിന്ന് അവര്‍ ടിക്കറ്റ് ഏറ്റുവാങ്ങി. ഇത്രയും തൊഴിലാളികള്‍ക്ക് ഒരുമിച്ച് എയര്‍ ടിക്കറ്റു നല്‍കുന്നത് സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ പുതിയ ഏടായി. നിരവധി സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കെ എം സി സിയുടെ മുന്നില്‍ പ്രശ്‌നങ്ങളുമായിവരുന്നവരെ രാഷ്ട്രീയ-മത-ജാതി പരിഗണനകളൊന്നുമില്ലാതെ സഹായിക്കുന്നതിന്റെ മാതൃകയായിരുന്നു ഈ ടിക്കറ്റ് കൈമാറ്റം. ഇവര്‍ നാളെ യാത്ര തിരിക്കും.

കേരളത്തിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിയില്‍ കുടുങ്ങി ദുരിത ജീവിതം നയിച്ച ഒമ്പതു മലയാളികള്‍ക്ക് ആഴ്ചകളോളം ഭക്ഷണം നല്‍കിയത് കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിലായിരുന്നു.
നാലു ബ്ലോക്കുകളിലായി 2000ത്തോളം തൊഴിലാളികളെയാണ് നിര്‍മാണ കമ്പനിയുടെ സനദിലുള്ള ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്നത്. 600 പേര്‍ താമസിക്കുന്ന ഒരു ബ്ലോക്കില്‍ 5 ബാത്ത് റും മാത്രമാണുള്ളത്. ഒരു ബ്ലോക്കില്‍ ആകെയുള്ള ഒരു കിച്ചണില്‍ 16 സ്റ്റൗ നല്‍കിയിരുന്നു. ഇതില്‍ നിന്നു ഭക്ഷണ മുണ്ടാക്കിയാണ് ഇവര്‍ കഴിഞ്ഞു കൂടിയത്. പറഞ്ഞ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ ജോലി ഉപേക്ഷച്ചതോടെ ഭക്ഷണം പേരും കഴിക്കാനില്ലാതെ ദുരിതത്തിലകപ്പെട്ടപ്പോഴാണ് കെ എം സി സി ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഡ്രൈവര്‍, ലേബര്‍, ഓപ്പറേറ്റര്‍ എന്നീ തൊഴിലുകളിലാണ് ഇവരെ വിന്യസിച്ചിരുന്നത്.ഒമ്പതു തൊഴിലാളികള്‍ അനുഭവിക്കുന്ന അവസ്ഥ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണു ഇവര്‍ക്കു ടിക്കറ്റു നല്‍കാനുള്ള സന്നദ്ധതയുമായി കെ എം സി സി മുന്നോട്ടു വന്നത്. ബഹ്‌റൈന്‍ ഡ്രൈവിങ്ങ് ലൈസന്‍സുള്ള ഇവര്‍ക്കെല്ലാം ബഹ്‌റൈനില്‍ മറ്റു ജോലി അന്വേഷിക്കുന്നുണെന്നും പോയശേഷം തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ പോകുന്നതെന്നും ഇവരെ സംരക്ഷിച്ച ക ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാംമമ്പാട്ടു മൂല പറയുന്നു.
ജി സി സി ഡ്രൈവിങ്ങ് ലൈസന്‍സുള്ളവരാണിവരെല്ലാം. തിരുവനന്തപുരത്തെ റോളക്‌സ് ട്രാവല്‍സ് ‘ബഹ്‌റൈനില്‍ മികച്ച ജോലി’ എന്നു പരസ്യം നല്‍കിയതനുസരിച്ച് അപേക്ഷനല്‍കിയ ഇവരെ ബഹ്‌റൈനിലേക്കു റിക്രൂട്ട് ചെയ്യുകയായിരുന്നു. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലായിരിക്കും ജോലിയെന്നും 110-130 ദിനാര്‍ ശമ്പളവും ഓവര്‍ടൈം അലവന്‍സും ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കൊണ്ടുവന്നത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കായിരുന്നു. ‘ടി മാക്’ എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് തൊഴിലാളികളെ വഞ്ചിച്ച റിക്രൂട്ട്‌മെന്റിനു പിന്നിലെന്നു തൊഴിലാളികള്‍ പറയുന്നു. 50,000 മുതല്‍ 65,000 രൂപ വരെ വിസയ്ക്കു നല്‍കിയിട്ടാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ‘ടി മാക്’ എന്ന കമ്പനിയുടെ കേരളത്തിലെ ചുമതല വഹിക്കുന്നത് വര്‍ക്കല സ്വദേശിയായ ശശിയെന്നയാളാണ്. നാട്ടില്‍ പോയി ശശിയേയും ട്രാവല്‍ ഏജന്‍സിയേയും സമീപിക്കുമെന്നും ആവശ്യമെങ്കില്‍ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. ഇവിടെ എത്തിയപ്പോള്‍ ഇവര്‍ക്കു 80-90 ദിനാറാണു ശമ്പളം ലഭിച്ചത്. ഓവര്‍ ടൈം അലവന്‍സ് നേരത്തെ പറഞ്ഞ പ്രകാരം നല്‍കിയില്ല. ഒരു ദിവസം ലീവെടുത്താല്‍ രണ്ടുദിവസത്തെ ശമ്പളം കട്ട് ചെയ്യുമായിരുന്നു.

വഞ്ചനയുടെ വിഷയങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തിയെങ്കിലും ആശാവഹമായ മറുപടിയല്ല ലഭിച്ചത്. തുടര്‍ന്നാണു സലാം മമ്പാട്ടുമൂല വിഷയത്തില്‍ ഇടപെട്ടത്. സ്വന്തം നിലയില്‍ വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ നാട്ടിലേക്കു പോകാന്‍ അനുവദിക്കാമെന്നായിരുന്നു കമ്പനി നിലപാട്. രജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇത്തരത്തില്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. ടിക്കറ്റ് കൈമാറ്റ ചടങ്ങില്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സലാം മമ്പാട്ട്മൂല, കുട്ടൂസ മുണ്ടേരി തുടങ്ങിയവരും സംബന്ധിച്ചു.

Share this post: