23-Jun-2017
മനാമ: ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധ റമദാനിലെ 27ാം രാവ് ബഹ്റൈനിലെ വിശ്വാസികളായ പ്രവാസി മലയാളികളും ഹയാത്താക്കി. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് രാത്രി പുലരുന്നതു വരെ ഉറക്കമിളച്ച് പള്ളികളില്‍ ഭജനമിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനാണ് രാത്രി ‘ഹയാത്താക്കുക’ (സജീവമാക്കുക) എന്നു പറയുന്നത്. മനാമയിലെ ‘സമസ്ത പള്ളി’ എന്നറിയപ്പെടുന്ന അബൂസുര്റ മസ്ജിദില്‍ ഇപ്രകാരം രാത്രി ഹയാത്താക്കാന്‍ എത്തിയത് വിശ്വാസികളായ നിരവധി പ്രവാസിമലയാളികളാണ്.ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ‘സമസ്ത പള്ളി’ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടിയിരുന്നു. രാത്രി 10.15 മുതല്‍ പുലര്‍ച്ചെ, സുബ്ഹി നമസ്കാരം വരെ നീണ്ടു നിന്ന ആത്മീയ സംഗമത്തില്‍ ഇശാ നിസ്കാരം, തറാവീഹ് തുടങ്ങിയ പതിവ് ആരാധനാ കര്‍മങ്ങള്‍ക്കു പുറമെ ഇഅ്തികാഫ്, തസ്ബീഹ് നിസ്കാരം, ഖത് മുല് ഖുര്‍ആന്‍, തൗബ, ദിക് ര്‍-ദുആ മജ് ലിസ്, സ്വലാത്ത് മജ് ലിസ്. നസീഹത്ത് എന്നിവയും അത്താഴസമയത്ത് അന്നദാനവും ഒരുക്കിയിരുന്നു. സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെനേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സമസ്ത ബഹ്റൈന്‍ നേതാക്കളും പ്രവര്‍ത്തരും നേതൃത്വം നല്കി.
ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര് നമസ്കാരത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന നസീഹത്ത്-തൗബ-കൂട്ടുപ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങളും നേതൃത്വം നല്കി.
”തൗബ (പാശ്ചാതാപം) എന്നാല്‍ നിലവിലുള്ള മോശം അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേക്ക് മാറുക എന്നതാണെന്നും ഇനിയുള്ള കാലം തിന്മകള് ഒഴിവാക്കി നന്മകള് മാത്രം ചെയ്യാന്‍ പരമാവധി നാം പരിശ്രമിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
റമദാന് അവസാനിച്ചാലും നിര്‍ബന്ധ കര്‍മങ്ങളില്‍ കണിശത പാലിക്കേണ്ടതുണ്ടെന്നും തൊഴിലിടങ്ങളിലെ അദ്ധ്വാനവും വിയര്പ്പൊഴിക്കലും ഐഛിക കര്‍മങ്ങള്‍ക്ക് മാത്രമേ പകരമാവൂവെന്നും നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലെന്നും തങ്ങള്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റി പ്രവര്‍ത്തകരും സമസ്ത മദ്റസാ അദ്ധ്യാപകരും പണ്ഢിതന്മാരും ചടങ്ങില്‍ സംബന്ധിച്ചു.