പ്രവാസി
സൗദിയിൽ യാത്രാ വിലക്ക്, കോഴിക്കോട്– സൗദി കണക്ടിങ് സർവീസുകൾ റദ്ദാക്കി

സൗദിയിൽ യാത്രാ വിലക്ക്, കോഴിക്കോട്– സൗദി കണക്ടിങ് സർവീസുകൾ റദ്ദാക്കി

09/02/2020
കൊണ്ടോട്ടി:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യുഎഇ വഴി സൗദിയിലേക്കുള്ള എല്ലാ കണക്ടിങ് സർവീസുകളും റദ്ദാക്കി. സൗദിയിൽ ഇന്ന് നാലു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു സൗദി സ്വദേശിക്കും ബെഹ്റൈനിൽ നിന്നുള്ള രണ്ടു പേർക്കും യുഎസിൽ നിന്ന് ഒരാൾക്കുമാണ് വൈറസ് ബാധ് സ്ഥിരീകരിച്ചത്.

ഇതോടെ സൗദിയിൽ നിന്ന് പുറത്തേക്കുള്ള യാത്രാ വിലക്ക് കർശനമാക്കി. ഗൾഫ് രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വായു– ജല ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സൗദിയിൽ നിന്ന് ഒൻപത് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തി. യുഎഇ, കുവൈത്ത്, ബെഹ്റൈൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് യാത്രാ വിലക്കെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു. സൗദി പൗരന്മാർക്കും വിദേശത്തുനിന്ന് എത്തി സൗദിയിൽ താമസിക്കുന്നവർക്കും വിലക്ക് ബാധകമാണ്.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇവിടം സന്ദർശിച്ചവർക്കും സൗദിയിലേക്ക് താൽക്കാലിക പ്രവേശന വിലക്കും ഏർപ്പെടുത്തി. ഇന്ന് നാലു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. കോവിഡിന്റെ ഉൽഭവ കേന്ദ്രമായ ചൈനയിലേക്ക് കഴിഞ്ഞ മാസം അവസാനം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

Share this post: