പ്രവാസി
പ്രവാസം തുടങ്ങിയതിന് ശേഷം ആദ്യമായി അവര്‍ രാത്രിയില്‍ ഒത്തുകൂടുന്നു

By K M Noushad

മസ്‌ക്കറ്റ്: ഒമാനില്‍ ലോക്ഡൗണ്‍ 8 ന് അവസാനിക്കും. ജൂലൈ 25 മുതല്‍ ആഗസ്റ്റ് 8 വരെ 15 ദിവസത്തേക്കാണ് ലോക്ഡൗണ്‍. വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 വരെയാണ് ലോക്ഡൗണ്‍. കര്‍ശന നിയന്ത്രണമാണ് ഈ സമയങ്ങളില്‍. പുറത്തിറങ്ങാന്‍ പോലും പറ്റില്ല. വാഹനങ്ങള്‍ ഓടുന്നില്ല. എല്ലാം നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറയോടൊപ്പം പോലീസും സജ്ജം.

മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കാത്ത സ്ഥലമാണ് ഒമാനിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ മത്ര. ടൂറിസ്റ്റ് ഏരിയയായ മത്രയില്‍ നിരവധി മലയാളികളടക്കമുള്ള വിദേശികള്‍ കച്ചവടം ചെയ്യുന്നുണ്ട്. അഞ്ച് മാസത്തോളമായി അവര്‍ കടകളടച്ചിട്ടാണുള്ളത്. എപ്പോള്‍ തുറക്കാന്‍ പറ്റുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. 42 വര്‍ഷത്തോളമായി മസ്‌ക്കറ്റിലുള്ള കരീം സാഹിബിന്റെ (മുന്‍ പ്രസിഡന്റ്, മസ്‌ക്കറ്റ് കെ.എം.സി.സി.) പ്രവാസ ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് പറയുന്നു.

മാര്‍ച്ച് മാസം ആരംഭിച്ച ലോക്ഡൗണില്‍ ഉള്‍പ്പെടുത്താത്ത മേഖലയായിരുന്നു കോഫി ഷോപ്പ്, റെസ്റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവ. എന്നാല്‍ ഇത്രയും സമയമായിട്ടും തുറക്കാത്ത പ്രധാന വിഭാഗമാണ് ബാര്‍ബര്‍ ഷോപ്പ്, ജിംനേഷ്യം തുടങ്ങിയവ.

24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പ്, റെസ്റ്റോറന്റ്, പെട്രോള്‍ പമ്പ്, സൂപ്പര്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ സന്തോഷത്തിലാണ്. ഒരേ സ്ഥലത്താണ് ജോലിയെങ്കിലും പരസ്പരം റൂമില്‍ സംസാരിച്ചിരിക്കാന്‍ പോലും സമയം കിട്ടാറില്ല. 12-14 മണിക്കൂറോളം ജോലി കഴിഞ്ഞ് വന്നാല്‍ നേരെ മൊബൈലുമായി ബെഡ്ഡിലേക്ക്. തൊട്ടടുത്ത് കിടക്കുന്നവനോട് പോലും സംസാരമില്ല. എന്നാല്‍ കഴിഞ്ഞ 25 മുതല്‍ വൈ 7 മണി മുതല്‍ റുമില്‍ എല്ലാവരും ഒത്ത് കൂടുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ പോലും രാത്രി ഇങ്ങനെ ഒത്ത്കൂടാന്‍ കഴിയാത്ത വിഷമമുണ്ടായിരുന്നു. അതെല്ലാം മാറി ഈ ലോക്ഡൗണില്‍. ലോകഡൗണ്‍ 15 ദിവസം കൊണ്ട് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Share this post: