തവനൂർ ഗവ.കോളേജിന് പത്ത് കോടി, ഏഴു സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായി

25/05/2019

മലപ്പുറം:കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഏഴു സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതവും തവനൂര്‍ ഗവ. കോളജിന് പത്തു കോടി രൂപയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.

കരുവാരക്കുണ്ട്, വാണിയമ്പലം, തിരുവാലി, ഒതുക്കുങ്ങല്‍, പുലാമന്തോള്‍, കുന്നക്കാവ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും ജി.എച്ച്.എസ് അഞ്ചച്ചവിടിയി ലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതായി കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. മാളിയേക്കല്‍ കണ്‍സ്ട്രക്ഷനാണ് കരാര്‍ ലഭിച്ചത്.

ജില്ലയില്‍ 16 സ്‌കൂളുകളില്‍ അഞ്ചു കോടി രൂപയുടെയും 10 സ്‌കൂളുകളില്‍ മൂന്ന് കോടി രൂപയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനുപുറമെ മൂന്ന് കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 18 സ്‌കൂളുകള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇതോടെ ജില്ലയില്‍ മൊത്തം 16 സ്‌കൂളുകളില്‍ അഞ്ചു കോടിയുടെയും 35 സ്‌കൂളുകളില്‍ മൂന്ന് കോടി രൂപയുടെയും തവനൂര്‍ ഗവ. കോളജിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കൈറ്റിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നത്.
വേഗതയില്ലാത്ത സ്ഥലങ്ങളില്‍ സമയബന്ധിതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കരാറുകാര്‍ക്ക് തിരുവനന്തപുരത്ത് യോഗം വിളിച്ച് കൈറ്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം അസൗകര്യങ്ങള്‍ ഇല്ലാതിരിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാ സ്‌കൂളുകളിലും ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this post: