തിരൂര്‍ വെറ്റിലയ്ക്ക് ഭൗമസൂചിക പദവി

22/08/2019

മലപ്പുറം: തിരൂര്‍ വെറ്റിലയ്ക്ക് ഭൗമസൂചിക പദവി. കേരള കാര്‍ഷിക സര്‍വകലാശാലയടെ ശ്രമഫലമായി ഭൗമസൂചിക പദവിയിലേക്കെത്തിയ പത്താമത്തെ ഉല്‍പന്നമാണിത്. തിരൂര്‍ വെറ്റില ഉല്പാദക സംഘമാണ് ഈ ഭൗമസൂചകത്തിന്റെ പ്രൊപ്രൈറ്റര്‍. കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ. ആര്‍ ചന്ദ്രബാബുവും രജിസ്‌ട്രേഷന്‍ നടപികള്‍ക്ക് പ്രോത്സാഹനം നല്‍കി.

ജില്ലയിലെ തിരൂര്‍, തിരുരങ്ങാടി, വേങ്ങര, താനൂര്‍, കുറ്റിപ്പുറം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വെറ്റില കൃഷി ഏറെയുള്ളത്. ഒരു കാലത്ത് വെറ്റില നിറച്ച ഒട്ടേറെ തീവണ്ടി വാഗണുകള്‍ തിരൂരില്‍ നിന്ന് ദിനംപ്രതി പുറപ്പെട്ടിരുന്നു. ഇപ്പോള്‍ തിരൂരിലെ വെറ്റില കൃഷി ഏതാണ്ട് 270 ഹെക്ടര്‍ സ്ഥലത്താണ് നടത്തുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നി വിദേശ രാജ്യങ്ങളിലേക്ക് ഈ വെറ്റില കയറ്റി അയക്കുന്നു. ഇന്ത്യയില്‍ തന്നെ വടക്കേ ഇന്ത്യയിലാണ് തിരൂര്‍ വെറ്റിലയ്ക്ക് കൂടുതല്‍ പ്രിയം.എരിവു കൂടുതലുള്ള ഇനമാണ് തിരൂര്‍ വെറ്റില. പുതുക്കൊടി, നാടന്‍ എന്നി ഇനങ്ങളാണ് തിരൂരില്‍ മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതില്‍ പുതുക്കൊടിയാണ് മറ്റിടങ്ങലേക്ക് കയറ്റി പോകുന്നത്.

തിരൂര്‍ വെറ്റിലയ്ക്ക് ഔഷഗുണം കൂടുതലാണ്. ക്ലോറിഫില്‍, യൂജിനോല്‍, ഐഡോയൂജിനോള്‍, മാംസ്യം എന്നിവ കൂടുതലുണ്ട്. ഗൃഹവൈദ്യത്തിലും ആയൂര്‍വേദ ചികിത്സാ വിധികളിലും തിരൂര്‍ വെറ്റിലയ്ക്ക് കൂടൂതല്‍ സ്ഥാനം നല്‍കുന്നത് ഇതിന്റെ കമ്പോള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മോധാവി ഡോ. ഇന്ദിര ദേവി പറഞ്ഞു. രജിസ്‌ട്രേഷന്‍ ഉല്പ്പന്നത്തിന്റെ പെരുമക്ക് മാറ്റു കൂട്ടുമെന്നും അതുവഴി തിരൂരിലെ വെറ്റിലയ്ക്ക് കൂുതല്‍ വില ലഭിക്കുമെന്നും പ്രത്യാശിക്കുന്നതായി ബൗദ്ധിക സ്വത്തവകാശ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. സി ആര്‍ എല്‍സി പറഞ്ഞു.

Share this post: