എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം ഇന്ന് സ്പീക്കർ നിർവഹിക്കും

25/05/2019

എടപ്പാൾ: കാത്തിരിപ്പുകൾക്കൊടുവിൽ എടപ്പാൾ മേൽപ്പാല നിർമ്മാണ പ്രവർത്തികൾക്ക് ഇന്ന് തുടക്കം. വൈകീട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്യും. എടപ്പാൾ അങ്ങാടിയിൽ കോഴിക്കോട്-തൃശ്ശൂർ പാതകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് 220 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ടാകും.

പാലത്തിനുതാഴെ മൂന്നുമീറ്റർ വീതിയിൽ രണ്ടുവശത്തും റോഡുണ്ടാവും. നടപ്പാതയും ഡ്രൈനേജും ഇതിനു പുറമെയാകും. കോഴിക്കോട് റോഡിൽ ബ്യൂട്ടി സിൽക്‌സിനും തൃശ്ശൂർ റോഡിൽ കൊക്കോസ് ഫർണിഷിങ് സെന്ററിനും മുന്നിൽനിന്നാണ് പാലം ആരംഭിക്കുന്നത്. 25 മീറ്റർ അകലത്തിൽ തൃശ്ശൂർ റോഡിൽ നാലും കുറ്റിപ്പുറം റോഡിൽ മൂന്നും കാലുകളാണുണ്ടാവുക. ടൗണിൽ 45 മീറ്റർ അകലത്തിൽ രണ്ടു കാലുകൾക്കിടയിലൂടെ വാഹനങ്ങൾക്ക് തിരിഞ്ഞുപോകാം. മധ്യത്തിൽ ആറു മീറ്ററായിരിക്കും ഉയരം.

Share this post: