വയനാട്ടിൽ മലപ്പുറത്ത് നിന്നോ മലബാറിൽ നിന്നോ സ്ഥാനാർത്ഥി വേണമെന്ന് കെ.എസ്.യു

06/02/2019

മലപ്പുറം: വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി മലപ്പുറത്ത് നിന്നോ മലബാറിൽ നിന്നോ ആവണമെന്നുള്ള ആവശ്യവുമായി ജില്ലാ കെ എസ് യു രംഗത്ത്. പുറത്ത് നിന്നുള്ളവരാവും വയനാടിൽ മത്സരിക്കുക എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ ഈ അവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

വിജയ സാധ്യതയാണ് ഒന്നാമത്തെ പ്രയോറിറ്റിയെന്നും, ചർച്ചകളിലൂടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതെന്നുമാണ് കോൺഗ്രസിന്റെ നേതൃത്വം ആവർത്തിച്ച് പറയുന്ന വാക്യം. ഫാഷിസം രാജ്യത്തെ വിഭജിച്ചിരിക്കുന്ന നേരത്ത് വ്യക്തിതാൽപര്യങ്ങൾക്കും വൈരങ്ങൾക്കും തിരഞ്ഞെടുപ്പിൽ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ധേഹം പറഞ്ഞു. ഡൽഹിയിലിരുന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നവർ അർഹരെ കാണാതിരുന്നാൽ ഫലം കയ്പേറിയതായിരിക്കും.

വരുന്ന പാർലമെന്റ് ഇലക്ഷനിൽ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ വയനാട് പാർലമെന്റ് മണ്ഡലത്തിലുള്ളതാണ്, വയനാടിൽ മത്സരിക്കുന്ന പാർട്ടി കോൺഗ്രസാണ്,ആയതിനാൽ കെ.എസ്.യുവിന്റെ നിലപാട് തുറന്ന് പറയുക എന്നത് രാഷ്ട്രീയ ധർമ്മമാണ്. മലപ്പുറത്ത് നിന്നോ മലബാറിൽ നിന്നോയുള്ള നേതാക്കളെ വയനാട് പാർലമെന്റിലേക്ക് സ്ഥാനാർത്ഥികളായി കോൺഗ്രസ് പരിഗണിക്കണം.മലപ്പുറത്തും മലബാറിലേയും പാർട്ടി പ്രവർത്തകർ ചോര നീരാക്കി കോൺഗ്രസിനെ കെട്ടിപ്പടുക്കുകയും. മാവേലിയിലും, മലബാർ എക്സ്പ്രസ്സുകളിൽ ട്രെയിനിറങ്ങി സ്ഥാനാർത്ഥികളായ് മാറുന്നത് അംഗീകരിക്കാനാവില്ല. കൊട്ട് ചെണ്ടക്കും കൂലി മാരാർക്കുമെന്ന സ്ഥിതി വിശേഷമാണിത്. വർഷങ്ങളായ് പല കാരണങ്ങളാൽ തഴയപ്പെട്ടിരിക്കുന്ന നേതാക്കൾ ഇപ്പോഴും മലബാറിലുണ്ട്. ഇവർക്ക് അർഹമായ പരിഗണന കിട്ടമെന്നും ഹാരിസ് മുതുർ പറഞ്ഞു.

Share this post: