”ബഹിഷ്കരണം കഴിഞ്ഞു ഇനി സഹകരണം” ലീഗിനെ ട്രോളി കെടി ജലീൽ

21/02/2019

മലപ്പുറം: ബന്ധു നിയമന വിവാദത്തെ തുടർന്ന് മുസ്ലീംലീഗ് മന്ത്രി കെടി ജലീലിന് ഏർപ്പെടുത്തിയിരുന്ന ബഹിഷ്കരണത്തെ ട്രോളി ഫേസ്ബുക്കിൽ മന്ത്രിയുടെ കുറിപ്പ്. സംസ്ഥാന സർക്കാർ ഭരണത്തിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ജില്ലയിൽ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചിത്രങ്ങൾ സഹിതമാണ് ബഹിഷ്കരണം കഴിഞ്ഞു ഇനി സഹകരണം !! എന്ന തലകെട്ടോടെ മന്ത്രി കുറിപ്പിട്ടിരിക്കുന്നത്.

മുൻപ് മന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയും ബഹിഷ്കരിക്കാൻ ലീഗ് തീരുമാനിച്ചിരുന്നു. കല്യാണ വീടുകളിൽ പോലും യൂത്ത് ലീഗ് പ്രവർത്തകർ കരിം കൊടിയുമായെത്തി മന്ത്രിയെ തടഞ്ഞു. ബഹിഷ്കരണം വകവെക്കാതെ മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിന് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയെ ലീഗിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ യുഡിഎഫ് സംസ്ഥാന നേതൃത്വം ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. ഇന്നലെ നടന്ന പൊതുപരിപാടികളിലെല്ലാം ലീഗ് എംഎൽഎമാരടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തു.

കുറിപ്പിന്റെ പൂർണ രൂപം

ബഹിഷ്കരണം കഴിഞ്ഞു
ഇനി സഹകരണം !!
—————————————-
മലപ്പുറം ജില്ലക്ക് ഇന്നലെ ഉൽസവ നാളായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ആഘോഷത്തിന് പകിട്ടേകി. രാവിലെ പത്ത് മണിക്ക് 7 കോടി ചെലവിട്ട് നിർമ്മിച്ച മലബാറിലെ ആദ്യത്തെ അക്വോട്ടിക്ക് കോപ്ലക്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ. പിണറായി വിജയൻ ഉൽഘാടനം ചെയ്തു. അന്തർദേശീയ നീന്തൽ മൽസരം നടത്താനുതകുന്ന സ്വിമ്മിംഗ് പൂൾ ഒരു യൂണിവേഴ്സിറ്റിയിൽ യാഥാർത്ഥ്യമായതിന്റെ സന്തോഷം എങ്ങും എവിടെയും പ്രകടമായിരുന്നു. മന്ത്രി ഇ.പി. ജയരാജൻ, വി.സി ഡോ: ബഷീർ, സ്ഥലം MLA ഹമീദ് മാസ്റ്റർ എന്നിവരും സംസന്ധിച്ചു. രാവിലെ ഒൻപത് മണിക്ക് ആരോഗ്യ ജാഗ്രതയുടെ ജില്ലാ തല ഉൽഘാടനം യൂണിവേഴ്സിറ്റിയുടെ EMS സെമിനാർ ഹാളിൽ ഹമീദ് മാസ്റ്റർ MLA യുടെ അദ്ധ്യക്ഷതയിൽ നടന്നു. അവിടെ നിന്ന് നേരെ പരപ്പനങ്ങാടിയിലേക്ക്. സംസ്ഥാന സർക്കാർ 102 കോടി അനുവദിച്ച് പ്രവൃത്തി തുടങ്ങുന്ന മത്സ്യ ബന്ധന തുറമുഖം ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി നിർവ്വഹിച്ചു. പതിറ്റാണ്ടുകളായി പൂവണിയാത്ത മത്സ്യതൊഴിലാളികളുടെ സ്വപ്നത്തിനാണ് ഇടതുപക്ഷ സർക്കാർ ചിറകേകിയിരിക്കുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, പ്രദേശത്തെ എം.പി ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ.എ മാരായ പി.കെ. അബ്ദുറബ്ബ്, വി.അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു. പിന്നെ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കുള്ള ന്യൂനപക്ഷ വകുപ്പിൻ കീഴിൽ സംസ്ഥാനത്തെ ആദ്യമായി ആരംഭിക്കുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് സെന്ററിന്റെ ഉൽഘാടനം യൂണിവേഴ്സിററിയിലെ ആര്യഭട്ട ഹാളിൽ. അതു കഴിഞ്ഞ് ബാലുശ്ശേരി ഡോ: അംബേദ്ക്കർ മെമ്മോറിയൽ ഗവ: കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ സമർപ്പണം മുഖ്യമന്ത്രി നിർവ്വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, സ്ഥലം MLA പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ് MLA എന്നിവർ സന്നിഹിതരായിരുന്നു. വൈകുന്നേരം സർക്കാരിന്റെ ആയിരം ദിന പൂർത്തീകരണത്തിന്റെ ജില്ലാ തല ആഘോഷം വർണ്ണാഭമായ ഘോഷ യാത്രയോടെ തിരൂരിൽ തുടങ്ങി. മുനിസിപ്പൽ ചെയർമാൻ ബാവ അദ്ധ്യക്ഷത വഹിച്ചു. കവി മുരുകൻ കാട്ടാക്കട ഉൾപ്പടെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. എല്ലാ ചടങ്ങുകളിലേയും ജനബാഹുല്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Share this post: