education
അടുത്ത വർഷത്തേക്കുള്ള 15 ലക്ഷം പുസ്തകങ്ങളെത്തി; സ്‌കൂളുകള്‍ അടയ്ക്കുന്നതിന് മുന്‍പ്

06/03/2019

മലപ്പുറം:വേനലവധിയ്ക്ക് സ്‌കൂളുകള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയാകും. 15 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇന്ന് വിതരണത്തിനായി മലപ്പുറം ഡിപ്പോയില്‍ എത്തിയത്.
ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനെത്തിയത്. ആറു മുതല്‍ ഏഴാംക്ലാസ് വരെയുള്ള പുസ്തകങ്ങളുടെ പ്രിന്റിങ് പൂര്‍ത്തിയായി. അവ ഈ മാസം തന്നെ വിതരണത്തിനായി ഡിപ്പോയിലെത്തും. ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ വന്ന മാറ്റം കാരണം പ്രിന്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുന്നു. പത്താം ക്ലാസ്സിന് നേരത്തെ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ ഏപ്രിലിനകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലേക്ക് ആവശ്യമുള്ള മുഴുവന്‍ പുസ്തകങ്ങളും വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ ക്ലാസ്സുകളുടെയും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാവുമെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പ്രതിനിധി അറിയിച്ചു.

Share this post: