Top News
ജില്ലയിലെ ക്വാറി ഖനന നിരോധനം തുടരും

06/09/2019
മലപ്പുറം:ജില്ലയിലെ കാലവര്‍ഷ കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ള ഖനന നിരോധനം തുടരാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 16ന് ചേരുന്ന ദുരന്തനിവാരണ അതോറിറ്റി യോഗം സാഹചര്യം വിലയിരുത്തിയ ശേഷം നടപടി പരിശോധിക്കും. നിരോധന സമയത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡ് ജില്ലയില്‍ പരിശോധന നടത്തും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജിയോളജി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം 380 ഓളം വീടുകളിലെ താമസക്കാരെ നിലവിലെ സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ഒരു സ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ മാറ്റേണ്ടതായി വരും. ജില്ലാ അതോറിറ്റി അംഗീകാരം നല്‍കിയ ലിസ്റ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Share this post: