Main News
പാർട്ടി വിട്ടതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

09/06/2019

തിരൂർ: മുൻ എസ്.ഡി.പി.ഐ.പ്രവർത്തകനെ വെട്ടിയ കേസിൽ ഒന്നാം പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകനും ആർ.എസ്.എസ് പ്രവർത്തകനായ ആലത്തിയൂർ ബിബിൻ വധക്കേസിലെ ഏഴാം പ്രതിയുമായ പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) ആണ് അറസ്റ്റിലായത്. ഏപ്രിൽ 25ന് പറവണ്ണ കാഞ്ഞിരക്കുറ്റിയിൽ വെച്ച് പ്രദേശവാസിയായ കുഞ്ഞിമോനെ ഏഴംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചിരുന്നു. തടയാൻ ശ്രമിച്ച സഹോദരനും പരിക്കേറ്റു. എസ്.ഡി.പി.ഐ.യിൽ നിന്നും വിട്ടുനിന്ന കുഞ്ഞിമോനുമായുള്ള അഭിപ്രായ വ്യത്യാസമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

കേസിൽ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം തുഫൈൽ ഒളിവിൽ പോയി. പൊലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നേരത്തേ വധശ്രമം ഉൾപ്പെടെയുള്ള കേസിൽ ഉൾപ്പെട്ട തുഫൈൽ ബിബിൻ വധക്കേസിലും പെട്ടതോടെ ഈ കേസിലെ ജാമ്യവ്യവസ്ഥയിൽ മേലിൽ യാതൊരു കേസിലും ഉൾപ്പെടരുതെന്ന നിർദ്ദേശമുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് എസ്.ഐ. പറഞ്ഞു.

Share this post: