Top News
പ്രളയം; ജില്ലയിലെ റോഡ് പുനര്‍ നിര്‍മാണത്തിന് വേണ്ടത് 300 കോടിയിലധികം രൂപ

23/08/2019

മലപ്പുറം:പ്രളയവും ഉരുള്‍പൊട്ടലും മൂലം തകര്‍ന്ന ജില്ലയിലെ റോഡുകള്‍ പുതുക്കി പണിയുന്നതിന് 300.66 കോടി രൂപ ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ്. മഞ്ചേരി ഡിവിഷനു കീഴിലെ 2372 കി.മീ. നീളത്തിലുള്ള 490 വിവിധ തരം റോഡുകളില്‍ 132 റോഡുകള്‍ ഏകദേശം 414.76 കി.മീ. നീളത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ 16 കലുങ്കുകള്‍, 1030 മീറ്ററോളം സംരക്ഷണ ഭിത്തി എന്നിവയും പ്രളയത്തില്‍ തകര്‍ന്നു. വഴിക്കടവ്‌നാടുകാണിചുരംറോഡ് (11.60 കി.മീ.), അകംപാടം പാതാര്‍റോഡ് എന്നിവയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
നാടുകാണിചുരം റോഡില്‍ വന്‍തോതില്‍ മലയിടിഞ്ഞ് വന്‍പാറകളും, മരങ്ങളും, മണ്ണും റോഡില്‍ വീണുകിടക്കുകാണ്. വന്‍ പാറകള്‍ വീണ് റോഡ് അടക്കം താഴേക്ക് പോയിട്ടുണ്ട്. ഈ വന്‍പാറകള്‍ പൊട്ടിച്ചുമാറ്റി മണ്ണും മരങ്ങളും മാറ്റുന്നതിന് കാലതാമസം നേരിടും. അകംപാടം പാതാര്‍ റോഡില്‍ മലവെള്ളപാച്ചിലില്‍ അഞ്ച് ഭാഗങ്ങളിലായി കലുങ്കുകള്‍ തകര്‍ന്നും പുഴയോടു ചേര്‍ന്ന ഭാഗം കരയെടുത്തും റോഡ്മുറിഞ്ഞു പോയിട്ടുണ്ട്. താത്കാലികമായി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Share this post: