Exclusive News
സര്‍വകലാശാലാ അക്രമം;20യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ

01/03/2019

തേഞ്ഞിപ്പാലം: സി.സോൺ കലോത്സവവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർലകലാശാലയിലേക്ക് എം.എസ്.എഫ് – യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ 20എം.എസ്.എഫ് – യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത്ലീഗും, എം.എസ്.എഫും സംയുക്തമായി സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് പോലീസും പ്രവർത്തകരും തമ്മിലുള്ള തെരുവ് യുദ്ധത്തിൽ കലാശിക്കുകയായിരുന്നു.

പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പോലിസിനെ അക്രമിക്കൽ, തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. 23 പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി പി.കെ നവാസടക്കം മൂന്ന് പേർ പിടിയിലായിട്ടില്ല. നവാസാണ് അക്രമങ്ങൾക്ക് നവമാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തിയത്.

എം.എസ്.എഫ് യൂണിയനുകളിലുള്ള മൂന്ന് കോളേജുകളിലെ വിദ്യാർഥികളെ സി.സോൺ കലോത്സവത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നടത്തിയ പ്രതിഷേധ പരിപാടിയാണ് പ്രശ്നത്തിന് തുടക്കം. കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഈ വിദ്യാർഥികൾ ഹൈക്കോടതി ഉത്തരവുമായി എത്തിയിരുന്നു. സംഘർഷത്തിൽ ഏഴ് പോലീസുകാരും മാധ്യമപ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സി.ടി.വി. കാമറമാൻ സയിദ് മുഹമ്മദ് തങ്ങൾ, ഏഷ്യാനെറ്റ് കാമറമാൻ വി.ആർ. രാഗേഷ്, ദേശാഭിമാനി റിപ്പോർട്ടർ സിറിൾ എന്നിവർക്കാണ് പരിക്കേറ്റത്.

കലോത്സവത്തിന് ആശംസയേകി എസ്.എഫ്.ഐ സർവകലാശാല പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബാനർ സംഘർഷത്തിൽ പ്രതിഷേധക്കാർ കത്തിച്ചു. ഇതോടെ സംഘർഷം പോലീസിന് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായി.
മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ പിരിച്ച് വിടാൻ നോക്കിയെങ്കിലും പ്രതിഷേധക്കാർ കാമ്പസിനകത്ത് കയറുകയായിരുന്നു. പ്രതിഷേധക്കാർ കോഴിക്കോട് തൃശൂർ റോഡ് ഉപരോധിച്ചു.
അറസ്റ്റിയായവരെ ഇന്ന് തന്നെ തേേഞ്ഞപ്പലം പോലീസ്മ ജിസ്ട്രേറ്റിന് മുൻപിൽ ഹാജറാക്കും.

Share this post: