ചെമ്മാട് : സമന്വയ വിദ്യാഭ്യാസ വിപ്ലവത്തിന് ദിശനിര്ണയിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പുതുമാതൃക തീര്‍ക്കുന്ന ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി.
428 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദപട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. വിദ്യാഭ്യാസ-സാമൂഹിക-സംസ്കരണ രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്ഘോഷവുമായി യുവ പണ്ഡിതര്‍ ഹുദവി ബിരുദം ഏറ്റുവാങ്ങിയതോടെ, മൂന്നരപതിറ്റാണ്ടിനിടെ ദാറുല്‍ഹുദായില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങിയരുടെ എണ്ണം 2383 ആയി.
ബിരുദദാന സമ്മേളനം ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുവപണ്ഡിതര്‍ക്കുള്ള ബിരുദദാനവും തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു.
സമ്മേളനത്തില്‍ ദാറുല്‍ഹുദാ ജന.സെക്രട്ടറിയും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കാര്യദര്‍ശിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മപുസ്തകം ‘ജീവിതദാനം’ ഹൈദരലി ശിഹാബ് തങ്ങള്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്കി പ്രകാശനം ചെയ്തു.
ഹുദവി ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ദാറുല്‍ഹുദാ കുവൈത്ത് കമ്മിറ്റി നല്കുന്ന ഉപഹാരവും തങ്ങള്‍ വിതരണം ചെയ്തു.
ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.എം അബ്ദര്‍റഹ്മാന്‍ മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, എം.പി മുസ്ഥഫല് ഫൈസി, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, അബ്സാര്‍ ആലം സിദ്ദീഖി ബീഹാര്‍, കെ.എം സെയ്ദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, പി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുസ്സമദ് ഫൈസി താനൂര്‍, മീറാന്‍ ദാരിമി കാവനൂര്‍, പി.വി മുഹമ്മദ് മൗലവി, ഹംസ ബിന്‍ ജമാല്‍ റംലി, സി.കെ.കെ മാണിയൂര്‍, കെ.എം അസീം മൗലവി, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് കൂനഞ്ചേരി, ഇ.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്, എം.വി ബാപ്പുട്ടി ഹാജി, ടി.എം ഹൈദര്‍ ഹാജി ചാമക്കാല തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി ശംസുദ്ദീന്‍ ഹാജി നന്ദി പറഞ്ഞു.
രാവിലെ 9 മണിക്ക് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാമില്‍ നടന്ന സിയാറത്തിന് ഇ.കെ ഹസന് കുട്ടി മുസ്ലിയാര് തൃപ്പനച്ചി നേതൃത്വം നല്കി.
പത്ത് മണിക്ക് നടന്ന ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാന വസ്ത്രം കോഴിക്കാട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ വിതരണം ചെയ്തു. പിജി ഡീന്‍ എ.ടി ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണവും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി പി.കെ ശരീഫ് ഹുദവി ചെമ്മാട് സന്ദേശപ്രഭാഷണവും നിര്‍വഹിച്ചു.