Top Stories
വരുന്നു 100 K മലപ്പുറം കോഡേഴ്സ്
December 21, 2021

മലപ്പുറം : ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അതി നൂതന സാങ്കേതിക വിദ്യകളായ അരിട്ടിഫിഷ്യൽ ഇന്റലിജൻസ് , വിർച്വൽ റിയാലിറ്റി , ബ്ലോക്ക് ചെയിൻ, ത്രീഡി പ്രിന്റിങ് എന്നീ മേഖലകളിൽ നൈപുണ്യം നേടാനായി 100 K മലപ്പുറം കോഡേഴ്സ് എന്ന പേരിൽ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നൽകി. ഒരു ലക്ഷം കുട്ടികൾക്ക് നേരിട്ടും അഞ്ച് ലക്ഷം കുട്ടികൾക്ക് പരോക്ഷമായും ഗുണം ലഭിക്കുന്ന പദ്ധതിയാണ് ഇത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ . പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നൽകുന്നത് എഡാപ്റ്റ് ലേർണിംഗ് ആപ്പ് ആണ്. പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർഥികൾ എഡാപ്റ്റ് ലേർണിംഗ് ആപ്പ് ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. 100 K കോഡേഴ്‌സിന്റെ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം പേജുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ നിന്നും മത്സരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ലക്ഷം വിദ്യാർത്ഥികൾക്കാണ് നേരിട്ടുള്ള പഠന സഹായം ലഭിക്കുക. ഓരോ ആഴ്ചയിലും ഒരു ടോപിക് പരിചയപ്പെടുത്തുന്ന വീഡിയോ കുട്ടികൾക്ക് ലഭിക്കും. ആഴ്ചയുടെ അവസാനം ആ വീഡിയോ സംബന്ധമായി കുട്ടികൾക്കുള്ള സംശയങ്ങൾ ശേഖരിക്കുകയും അവ ദൂരീകരിക്കാൻ ഉതകുന്ന വീഡിയോയും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ 100 അംഗങ്ങൾ വീതമുള്ള 1000 വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് പഠനം ഏകോപിപ്പിക്കുന്നത്.

പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ , വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം , സ്ഥിരം സമിതി അംഗങ്ങളായ സറീന ഹസീബ്, അസീബ അസീസ്, എൻ.എ.കരീം, , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ , പി.വി. മനാഫ്, സെക്രട്ടറി എൻ.എ. അബ്ദുൽ റഷീദ് , എഡാപ്റ്റ് പ്രതിനിധി ഉമർ അബ്ദുസലാം എന്നിവർ പങ്കെടുത്തു.

Share this post: