Top Stories
കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജൈവഗൃഹം പദ്ധതി: സര്‍ക്കാര്‍ സഹായമായി നല്‍കിയത് 4.7 കോടി രൂപ
April 28, 2022

പ്രകൃതിക്ഷോഭം കാരണം പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ ജൈവഗൃഹം പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയത് 4.7 കോടി രൂപയുടെ സാമ്പത്തിക സഹായം. കൃഷി ഭൂമിയുടെ അളവ് അനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായി 1350 യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കിയത്. രണ്ട് ഗഡുക്കളായി വിതരണം ചെയ്ത തുകയില്‍ ആദ്യ ഗഡുവില്‍ 3.25 കോടി രൂപയും രണ്ടാം ഗഡുവില്‍ 1.45 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.

എന്താണ് ജൈവഗൃഹം പദ്ധതി

സംയോജിത കൃഷിരീതികളിലൂടെ കര്‍ഷകരുടെ ഉപജീവന മാര്‍ഗം വിപുലപ്പെടുത്തി മികച്ച വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജൈവഗൃഹം പദ്ധതിയിലൂടെ നടത്തുന്നത്.  സ്വയംപര്യാപ്തത സാധ്യമാകും വിധം സംയോജിത കൃഷിരീതി ഓരോ വീടുകളിലും തുടങ്ങുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ കൃഷി രീതി അനുവര്‍ത്തിക്കുക വഴി പോഷക സുരക്ഷ ഉറപ്പുവരുത്താനും പുരയിടത്തിന്റെ എല്ലാ മേഖലയും കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു. കാര്‍ഷിക വിളകള്‍ക്കൊപ്പം കോഴി, മത്സ്യം, താറാവ്, തേനീച്ച, ആട്, പശു എന്നിവയെല്ലാം ഉള്‍പ്പെടുത്തി മൃഗപരിപാലനത്തിലൂടെ അധിക വരുമാനം കണ്ടെത്താന്‍ കര്‍ഷകരെ പദ്ധതി സഹായിക്കും. ഓരോ പ്രദേശത്തിന്റെയും മണ്ണ്, കാലാവസ്ഥ, നിലവിലുള്ള ഭൂവിഭവങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സംയോജിത കൃഷി രീതികള്‍. കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്ന് പരമാവധി ആദായം ഉറപ്പാക്കാന്‍ പദ്ധതി സഹായകരമാണ്.

ആര്‍ക്കൊക്കെ പദ്ധതിയുടെ ഭാഗമാകാം

അഞ്ച് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സ്ഥല വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു മുതല്‍ 30 സെന്റ് വരെ 30,000 രൂപയും 31 മുതല്‍ 40 സെന്റ് വരെ 40,000 രൂപയും 41 മുതല്‍ അഞ്ച് ഏക്കര്‍ വരെ 50,000 രൂപയും
ധനസഹായമായി ലഭിക്കും. ധനസഹായത്തിന്റെ 70 ശതമാനം ആദ്യ വര്‍ഷവും 30 ശതമാനം രണ്ടാം വര്‍ഷവുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. കൃഷിരീതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി മൂല്യനിര്‍ണയം നടത്തി ധനസഹായം നല്‍കും. 40 വയസിനു താഴെയുള്ളവര്‍, എസി/എസ്.ടി വിഭാഗക്കാരായ കര്‍ഷകര്‍, പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ എന്നിവര്‍ക്ക്  മുന്‍ഗണനയുണ്ട്. എന്‍.ആര്‍.ഐ, യുവാക്കള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്കാണ് ജൈവഗൃഹം പദ്ധതി ഊന്നല്‍ നല്‍കുന്നത്.  ജൈവഗൃഹം പദ്ധതിയിലൂടെ പുതിയതായി സംരംഭങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവയെ പരിപോഷിപ്പിക്കുകയോ ചെയ്യാം. പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂണ്‍ വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, അസോള/തീറ്റപ്പുല്‍ കൃഷി, പുഷ്പകൃഷി, തെങ്ങിന് ഇടവിള കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, ജലസംരക്ഷണ യൂണിറ്റ് എന്നിവയില്‍ ഏതെങ്കിലും അഞ്ച് സംരംഭങ്ങള്‍ ചെയ്തിരിക്കണം.

പദ്ധതി ആരംഭിക്കാന്‍ എന്ത് ചെയ്യണം

ജില്ലയില്‍ ആത്മയുടെ സഹായത്തോടെയാണ് ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നിര്‍വഹണ പ്രാരംഭഘട്ടത്തില്‍ കര്‍ഷകരെ ബോധവത്കരിക്കും.  തുടര്‍ന്ന കാര്‍ഷിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കുന്ന ഫാം പ്ലാനിന് അനുസൃതമായി വേണം സംരംഭങ്ങള്‍ ആരംഭിക്കാന്‍. നിലവിലുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതിയില്‍ കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട് തുടങ്ങിയവയുടെ നിര്‍മാണം, പമ്പ് സെറ്റ് തുടങ്ങിയ യന്ത്രോപകരണങ്ങള്‍ വാങ്ങല്‍, നിലവിലെ വളര്‍ത്തു പക്ഷി-മൃഗാദികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താം. പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, കൂണ്‍കൃഷി, അസോള യൂണിറ്റ/തീറ്റപുല്‍കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, ജലസംരംക്ഷണ യൂണിറ്റ്, പുഷ്പകൃഷി യുണിറ്റ്, തെങ്ങ് അധിഷ്ഠിത ബഹുനില/ഇടവിളകൃഷി ഇവയിലേതെങ്കിലും അഞ്ചെണ്ണെമെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഉള്‍പ്പെടുത്തിയിരിക്കണം. പദ്ധതിയുടെ നടത്തിപ്പ് കാലയളവ് രണ്ടു വര്‍ഷമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍് അതത് കൃഷിഭവനുകളില്‍ നിന്ന് ലഭിക്കും.

Share this post: