Top Stories
ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് ഇനി ആധുനിക സൗകര്യങ്ങള്‍
September 11, 2021

 

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഒരുങ്ങി

ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് കൂടൂതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവുമൊരുക്കി കാക്കഞ്ചേരി ടെക്‌നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കില്‍ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഒരുങ്ങി. കൂടുതല്‍ ഐ.ടി കമ്പനികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള സൗകര്യങ്ങളുമായാണ് വ്യവസായ വകുപ്പ് 22 കോടിയോളം രൂപ വിനിയോഗിച്ച് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ഐ.ടി രംഗത്തെ മലബാറിലെ സാധ്യതകള്‍ കണക്കിലെടുത്ത്  കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി സൗഹൃദ അന്തരീക്ഷം ഒരുക്കുകയായിരുന്നു. 1.30 ഏക്കറില്‍ ഏഴുനിലകളിലായി ഒരു ലക്ഷത്തി നാല്‍പ്പത്തി ഏഴായിരം ചതുരശ്ര അടിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി. ഇതില്‍ 96607 ചതുരശ്ര അടി സംരഭകര്‍ക്കായുള്ള അലോട്ടബിള്‍ ഏരിയയാണ്. രണ്ട് പാസഞ്ചര്‍ ഏലവേറ്ററുകള്‍, ഒരു ഗുഡ്‌സ് എലിവേറ്റര്‍, അഗ്നിശമന ഉപകരണങ്ങള്‍, 800 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതി മുടങ്ങുമ്പോള്‍ ബാക്കപ്പ് നല്‍കുന്നതിനുള്ള 250 കെ.വി.എ ഡി.ജി സെറ്റ്, ഓരോ നിലയിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ടോയ്‌ലറ്റുകള്‍,  കമ്പനികളില്‍ നിന്നുള്ള മലിനജലം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള സൗകര്യം,  വിപുലമായ പാര്‍ക്കിങ് തുടങ്ങി ഒട്ടനവധി സംരംഭക സൗഹൃദ സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.

സാങ്കേതിക തടസങ്ങളില്ലാതെ കമ്പനികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഏകജാലക സംവിധാനവും കിന്‍ഫ്ര പാര്‍ക്കിലുണ്ട്. അതിനാല്‍ ലൈസന്‍സും മറ്റു രേഖകളും സമയബന്ധിതമായി തന്നെ ലഭ്യമാകും. തടസങ്ങളില്ലാതെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകുമെന്നതും സവിശേഷതയാണ്. 2018ലാണ് കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നിര്‍മാണം തുടങ്ങിയത്. നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിച്ചാണ് സൗകര്യങ്ങള്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് അനുവദിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ നിയോസ്പേസ് നമ്പന്‍ ഒണ്‍ കെട്ടിടത്തില്‍ നിലവില്‍ 42 ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കൂടി യാഥാര്‍ത്ഥ്യമായതോടെ കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികളുടെ എണ്ണം ഇനിയും കൂടും.
കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി
വ്യവസായ വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിക്കും
കാക്കഞ്ചേരി കിന്‍ഫ്രപാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്കായി ഒരുക്കിയ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്തംബര്‍ 14ന് നാടിന് സമര്‍പ്പിക്കും. അലോട്ട്‌മെന്റ് ലെറ്റര്‍ വിതരണവും മന്ത്രി നിര്‍വഹിക്കും. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പി.അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും. ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും.  ഇന്‍ഡ്രസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്തംഗം ജമീല അലീപേട്ട, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷൈജിനി ഉണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ അബ്ദുറഹ്‌മാന്‍, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എപി ജമീല ടീച്ചര്‍, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ജി.സുനില്‍ എന്നിവര്‍ പങ്കെടുക്കും.
Share this post: