Top Stories
ഇൻ-കാര്‍ ഡൈനിംഗ് പദ്ധതിയുമായി കെ.ടി.ഡി.സി.
June 19, 2021

തിരുവനന്തപുരം : കോവിഡ് കാലഘട്ടത്തിൽ ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇപ്പോളും പറ്റാത്ത അവസ്ഥ ആണ് നിലവിലുള്ളത്. ഇത് യാത്രക്കാരെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരം ഒരു പ്രതി സന്ധി ഘട്ടത്തിൽ നൂതനമായ ഒരു ആശയവുമായിട്ടാണ് കെ.ടി.ഡി.സി വരുന്നത്. കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന “ഇൻ-കാർ ഡൈനിങ്ങ് ” പദ്ധതിയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഈ പദ്ധതിയിലൂടെ ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ‘ഇൻ-കാര്‍ ഡൈനിംഗ്’ എന്ന പേരില്‍ തുടങ്ങുന്ന ഈ പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസിയുടെ ലക്ഷ്യം.പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്‍റുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

Share this post:
MORE FROM THIS SECTION