Top Stories
നെടുമുടി വേണു അരങ്ങൊഴിഞ്ഞു
October 11, 2021

തിരുവനന്തപുരം : പ്രശസ്ത സിനിമ നടൻ ശ്രീ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച ഉച്ചക്ക് 1:30 ഓടെയായിരുന്നു അന്ത്യം. ആലപ്പുഴ നെടുമുടിയിൽ 1948 മെയ്‌ 22നാണ്‌ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു . കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന കാലം തൊട്ടേ അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു അദ്ദേഹത്തിന്. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി. നാടകത്തിലൂടെ സിനിമ രംഗത്തെത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, 2003-ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരത്തിനും അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു.

ഹിസ്‌ഹൈനസ് അബ്‌ദുള്ളയിലെ അഭിനയത്തിനാണ്‌ സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്‌. വിടപറയും മുമ്പെയും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, മാർഗവും മികച്ച നടനുളള സംസ്ഥാന അവാർഡിന് അർഹനാക്കി. ഇന്ത്യൻ, സർവം താളമയം, അന്യൻ തുടങ്ങി ഏഴ് തമിഴ് സിനിമകളിൽ അഭിനയിച്ചു. ആണും പെണ്ണുമാണ് ഒടുവിൽ പുറത്ത് വന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്‌ത ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Share this post: