Top Stories
നിപ: മലപ്പുറം ജില്ലയിലും ജാഗ്രതാ നിര്‍ദേശം
September 05, 2021

കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ ജില്ലയില്‍ ആരോഗ്യ വിഭാഗം സജ്ജമാണ്. നിപ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.

നിപയെ പ്രതിരോധിച്ച മുന്‍ അനുഭവമുള്ളത് കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലത്തായതിനാലും 2018ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. കോവിഡ് വ്യാപനവും ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണം. നിപ രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കൂടുതലാണന്നത് പൊതുജനങ്ങള്‍ തിരിച്ചറിയണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നിപ സാനിധ്യം സമീപ ജില്ലയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചെര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍, മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍, സ്വകാര്യ ആശുപത്രി അധികൃതര്‍, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രോഗലക്ഷണമുള്ളവര്‍ ആശുപത്രികളിലോ ലാബുകളിലോ എത്തിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും രോഗ പകര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ജില്ലയില്‍ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. അത്യാവശ്യത്തിന് മാത്രമെ വീടിനു പുറത്തിറങ്ങാകൂ. പൊതു സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവര്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്തണം. രോഗികളെ സന്ദര്‍ശിക്കുന്നതും നിസാര കാര്യങ്ങള്‍ക്കുള്ള ആശുപത്രി സന്ദര്‍ശനവും ഒഴിവാക്കണം. വവ്വാലുകളോ മറ്റു ജീവികളോ കടിച്ച പഴങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ കഴിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന മുന്‍കരുതലുകള്‍.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483 2737 857
0483 2733 251
0483 2733 252
0483 2733 253

Share this post: