Top Stories
കോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി വേണം
May 17, 2021

മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കോഴി കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന്്  കേരളാ പോള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍  ഓണ്‍ലൈന്‍ യോഗത്തില്‍ വിലയിരുത്തി.   ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ മൂലം കോഴിത്തീറ്റ വണ്ടികളെ തടുത്തിടുന്നതിനാല്‍ പല ഫാമുകളിലും തീറ്റ വിതരണം തടസപ്പെടുന്ന സാഹചര്യം നിലവിലുണ്ട്.  അതിനാല്‍ കോഴിത്തീറ്റ വണ്ടികളെ കടത്തിവിടാന്‍ നടപടിസ്വീകരിക്കുക,  വളര്‍ച്ചയെത്തിയ കോഴികളെ ഫാമില്‍ നിന്ന് കടകളിലെത്തിക്കുന്ന വാഹനങ്ങള്‍ക്കും ബന്ധപ്പെട്ട തൊഴിലാളികള്‍ക്കും യാത്രാനുവാദം നല്‍കുക,  ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കോഴിക്കടകള്‍ തുറക്കാവൂ എന്ന നിബന്ധനയില്‍ ഇളവു നല്‍കി എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക, . പല കര്‍ഷകരുടെയും ഫാമുകള്‍ താമസ സ്ഥലത്തു നിന്നും അകലെയാണ്. തീറ്റ ,വെള്ളം ,ഷെഡ് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ദിവസവും ചെയ്യേണ്ടതിനാല്‍ കോഴിക്കര്‍ഷകര്‍ക്ക് ഫാമുകളില്‍ എത്താതിരിക്കാന്‍ കഴിയില്ല. അതിനാല്‍ കര്‍ഷകര്‍ക്കും ഫാം തൊഴിലാളികള്‍ക്കും ഫാമുകളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍  അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.  ഇതു സംബന്ധിച്ച്് മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച മറ്റു വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കുകയും ചെയ്തു.

കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബൈജു കടവന്‍ ആലപ്പുഴ,സംസ്ഥാന ജനറല്‍ സെക്രട്ടറി കാദറലി വറ്റല്ലൂര്‍, സംസ്ഥാന ട്രഷറര്‍ സൈദ് മണലായ, ലീഗല്‍ അഡ്വൈസര്‍ കെ പി ഉമ്മര്‍,മലപ്പുറം ജില്ല പ്രിഡണ്ട് ആസാദ് കളരിക്കല്‍, സെക്രട്ടറി കുഞ്ഞിമൊയ്തീന്‍ കരുവള്ളി,ട്രഷറര്‍ എന്‍ എ കാദര്‍,ഉസാമ എന്നിവര്‍ പങ്കെടുത്തു.

Share this post: