Top Stories
ആര്‍ ആര്‍ ടി മാര്‍ക്ക് സ്‌പെഷ്യല്‍ അലവന്‍സ് അനുവദിക്കണം – കോഡൂര്‍ ഗ്രാമപഞ്ചായത്ത്
October 11, 2021

 

മലപ്പുറം : സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ദുരന്തനിവാരണ രംഗത്ത് പുതിയ കര്‍മ്മ സേനയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് , മുനിസിപ്പല്‍, ജില്ലാ പഞ്ചായത്തുകളില്‍ രൂപീകരിച്ചിട്ടുള്ള ആര്‍ ആര്‍ ടി മാര്‍ക്ക് സ്‌പെഷ്യല്‍ അലവന്‍സ് അനുവദിക്കണമെന്ന് കോഡൂര്‍ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രളയ കാലത്തും പിന്നീട് നാട് നേരിട്ട കോവിഡ് സമയത്തും രാപ്പകല്‍ഭേദമേന്യെ പ്രവര്‍ത്തിക്കുകയും നിസ്വാര്‍ത്ഥ സേവനം നടത്തുകയും ചെയ്ത ആര്‍ ആര്‍ ടി മാര്‍ പലരും നിത്യ ചെലവിന് വരുമാനം പോലും ഇല്ലാത്തവരാണ്.  സര്‍ക്കാറിന്റെ മെഷിനറിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍ ആര്‍ ടി മാരുടെ പ്രയാസങ്ങളെ മനസ്സിലാക്കി അവര്‍ക്ക്  സ്‌പെഷ്യല്‍ അലവന്‍സ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച്് പി. ഉബൈദുള്ള എം എല്‍ എക്ക് നിവേദനവും നല്‍കി. മുന്തിയ പരിഗണന നല്‍കി സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും ആര്‍ ആര്‍ ടി മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും , കോവിഡ് സമയത്തും മറ്റും ഇത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ ആര്‍ ടി മാരുടെ ആദരിക്കല്‍ ചടങ്ങ് പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.  ആര്‍ ആര്‍ ടി തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച രൂപരേഖ കെ എന്‍ ഷാനവാസ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അരീക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ടി ബഷീര്‍, കെ പി റാബിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി. മുഹമ്മദ് കുട്ടി ( മുസ്ലീംലീഗ്), കെ. പ്രഭാകരന്‍ (കോണ്‍ഗ്രസ്), ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ടി റബീബ്, അജ്മല്‍ തറയില്‍, മുഹമ്മദാലി മങ്കരത്തൊടി, പാന്തൊടി ഉസ്മാന്‍, മുംതാസ് വില്ലന്‍, സമീമത്തുന്നീസ പാട്ടുപാറ, ജൂബി മണപ്പാട്ടില്‍, നീലന്‍ കോഡൂര്‍, ഫൗസിയ വില്ലന്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, ഷെരീഫ കെ പി, സെക്രട്ടറി റോസി സി എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ കളരിപ്പയറ്റ് വാള്‍ ഇന മത്സര ഇനത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നൈഷാന ഈസ്റ്റ് കോഡൂരിന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി.

Share this post: